രണ്ട് തവണ പിഴ അടച്ചു, മൂന്നാമത് പിടിവീണു; സാധനങ്ങൾ വാങ്ങാനായി പോയപ്പോൾ പൊലീസ് പരിശോധന, മലയാളിയെ നാടുകടത്തി
സാധനങ്ങൾ വാങ്ങാനായി ഖമീസ് മുശൈത്ത് ടൗണിൽ എത്തിയപ്പോൾ യുവാവിനോട് പൊലീസ് പതിവ് പരിശോധനയുടെ ഭാഗമായി ഇഖാമ ആവശ്യപ്പെടുകയായിരുന്നു.
റിയാദ്: താമസരേഖ (ഇഖാമ) പുതുക്കാൻ വൈകിയ മലയാളിയെ പൊലീസ് പിടിച്ച് നാടുകടത്തി. സൗദിയിൽ അടുത്ത കാലത്ത് നിലവിൽ വന്നതാണ് ഇഖാമ പുതുക്കുന്നതിൽ മൂന്ന് തവണ കാലവിളംബം വരുത്തിയാൽ നാടുകടത്തും എന്ന നിയമം. അത്തരത്തിൽ ഒരു നിയമനടപടിക്ക് വിധേയനായിരിക്കുകയാണ് മലപ്പുറം ഇടക്കര സ്വദേശിയായ യുവാവ്.
മുമ്പ് രണ്ട് പ്രാവശ്യം ഇഖാമ പുതുക്കാൻ വൈകിയ ഇദ്ദേഹം രണ്ട് തവണയും ഫൈൻ അടച്ച് പുതുക്കിയിരുന്നു. മൂന്നാമതും ഇഖാമ കാലാവധി കഴിഞ്ഞപ്പോൾ മുമ്പ് ചെയ്തപോലെ ഫൈൻ അടച്ച് പുതുക്കാൻ കഴിയും എന്ന വിശ്വാസത്തിലായിരുന്നു. സാധനങ്ങൾ വാങ്ങാനായി ഖമീസ് മുശൈത്ത് ടൗണിൽ എത്തിയപ്പോൾ യുവാവിനോട് പൊലീസ് പതിവ് പരിശോധനയുടെ ഭാഗമായി ഇഖാമ ആവശ്യപ്പെടുകയായിരുന്നു.
Read Also - ലാൻഡിങ്ങിനിടെ തീയും പുകയും; അതിവേഗ ഇടപെടൽ, വിമാനത്തിന്‍റെ എമർജൻസി ഡോറുകൾ തുറന്നു, യാത്രക്കാർ സുരക്ഷിതർ
തുടർന്ന് ഇഖാമ പരിശോധിച്ച ഉദ്യോഗസ്ഥർ മുമ്പ് രണ്ട് തവണ കാലാവധി കഴിഞ്ഞിട്ടാണ് പുതുക്കിയതെന്നും മൂന്നാം തവണയും കാലാവധി കഴിഞ്ഞിരിക്കുകയാണെന്നും മനസിലാക്കിയതോടെ യുവാവിനെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അതിന് ശേഷം നാടുകടത്തൽ (തർഹീൽ) കേന്ദ്രത്തിൽ എത്തിച്ചു. ഇത് അറിഞ്ഞ് തർഹീലിൽ എത്തിയപ്പോൾ നാടുകടത്താനാണ് തീരുമാനം എന്ന് സഹോദരനോട് അധികൃതർ പറഞ്ഞു. തുടർന്ന് സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹികക്ഷേമ സമിതിയംഗവുമായ ബിജു കെ. നായരുടെ സഹായം തേടി. അദ്ദേഹത്തിെൻറ നിർദേശാനുസരണം വിമാനടിക്കറ്റുമായി എത്തി തർഹീലിൽ നിന്ന് പുറത്തിറക്കി അബഹ എയർപോർട്ട് വഴി നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ᐧ