Expat Died: അവധിക്ക് നാട്ടില്‍ പോയ പ്രവാസി മലയാളി ചികിത്സയ്‍ക്കിടെ നിര്യാതനായി
കഴിഞ്ഞ 14 വർഷമായി ബഹറിനിൽ സ്വന്തം നിലയിൽ പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളും മെയിന്റനനൻസ് ജോലികളും ചെയ്തു വരികയായിരുന്ന ബബീഷ് കുമാർ, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയാണ്.
മനാമ: ബഹ്റൈനില്‍ നിന്ന് അവധിക്ക് നാട്ടിൽ പോയ പ്രവാസി മലയാളി ബബീഷ് കുമാറിന്റെ അകാല നിര്യാണത്തിൽ ബഹറൈൻ പ്രതിഭ അനുശോചിച്ചു. വയറുവേദന മൂലം കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയും പാൻക്രിയാസ് സംബന്ധിച്ചുള്ള ചികിത്സയിലിരിക്കെ പെട്ടെന്ന് മരണം സംഭവിക്കുകയുമായിരുന്നു.
കഴിഞ്ഞ 14 വർഷമായി ബഹറിനിൽ സ്വന്തം നിലയിൽ പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളും മെയിന്റനനൻസ് ജോലികളും ചെയ്തു വരികയായിരുന്ന ബബീഷ് കുമാർ, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര സ്വദേശിയാണ്. സംസ്കാരം തിങ്കളാഴ്ച വീട്ടുവളപ്പിൽ നടത്തി.
ഭാര്യ: അമൃത, മക്കൾ ഭഗത് ബബീഷ് (3 വയസ്സ്) നിഹാരിക ബബീഷ് (1 വയസ്സ്).
ബഹറൈനിലെ സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ബബീഷിന്റെ നിര്യാണത്തിലൂടെ, അദ്ദേഹത്തിന്റെ കുടുംബത്തിനെന്നപോലെ ബഹറൈൻ പ്രതിഭയ്ക്കും തീരാനഷ്ടമാണെന്നും, കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കെടുക്കുന്നതോടൊപ്പം അനുശോചനം രേഖപ്പെടുത്തുന്നതായും, പ്രതിഭ ജനറൽ സെക്രട്ടറി പ്രദീപ് പതേരി, പ്രസിഡന്റ് അഡ്വ. ജോയ് വെട്ടിയാടൻ എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. പ്രതിഭ ഈസ്റ്റ് റിഫ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗവും കലാവിഭാഗം സെക്രട്ടറിയുമായിരുന്നു ബബീഷ് കുമാർ.