വാഹനാപകടത്തെ തുടര്‍ന്ന് ഒരു വര്‍ഷത്തിലേറെ അബോധാവസ്ഥയില്‍ കഴിയുന്ന പ്രവാസി യുവാവിനെ നാട്ടിലെത്തിച്ചു

സൗദി കിഴക്കൻ പ്രവിശ്യയിലെ മൂന്ന് ആശുപത്രികളിലായി ചികിത്സ നൽകിയെങ്കിലും പൂർവസ്ഥിതിയിലെത്തിയില്ല. പിന്നീട് രാജേഷിന്റെ കുടുംബം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളെ സമീപിച്ച് നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

malayali expat who is unconscious for the last one year after an accident in saudi arabia brought to kerala

റിയാദ്: സൗദി അറേബ്യയിലെ വിവിധ ആശുപത്രികളില്‍ ഒരു വര്‍ഷത്തിലേറെ അബോധാവസ്ഥായില്‍ കഴിഞ്ഞ മലയാളി യുവാവിനെ തുടർചികിത്സക്കായി  നാട്ടിലെത്തിച്ചു. കിഴക്കൻ പ്രവിശ്യയിൽ വെച്ച് വാഹനം ഒട്ടകവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് അബോധാവസ്ഥയിലായ  തൃശൂർ വടക്കാഞ്ചേരി വാഴാനി പേരെപാടം സ്വദേശി മധുപുള്ളിവീട്ടിൽ രാജേഷിനെയാണ് (29) നാട്ടിലെത്തിച്ചത്. 

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യ കെ.എം.സി.സിയുടെ ​ശ്രഫമലമായാണ് വ്യാഴാഴ്ച രാവിലെ 10ന് ശ്രീലങ്കൻ എയർലൈൻസ് വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിച്ചത്. ദമ്മാമിലെ മെഡിക്കൽ സർവിസ് വിഭാഗമായ ആർ.പി.എം നഴ്സിങ്ങിന്റെ കോഡിനേറ്റർ വി. ബിനീഷ്, മെഡിക്കൽ ഓഫീസർ ഡോ. സംജിത്ത് എന്നിവരുടെ സഹായത്തോടെ വെന്റിലേറ്റർ സൗകര്യത്തിൽ വിമാനത്തിൽ കൊണ്ടുപോയ രാജേഷിനെ കെ.എം.സി.സി സൗദി കിഴക്കൻ പ്രവിശ്യാ മീഡിയവിങ് കൺവീനർ സിറാജ് ആലുവ, തൃശൂർ ജില്ലാകമ്മിറ്റി ചെയർമാൻ പി.കെ. അബ്ദുറഹിം, പ്രസിഡന്റ് ഷെഫീർ അച്ചു, മുൻ പ്രസിഡന്റ് റാഫി അണ്ടത്തോട്, സെക്രട്ടറി ഫൈസൽ കരീം എന്നിവരും രാജേഷിന്റെ പിതാവ് രാജൻ, മാതാവ് പുഷ്പലത, സഹോദരിമാരായ സൗമ്യ, രമ്യ, സഹോദരി ഭർത്താക്കൻമാരായ സതീഷ്, രാജേഷ്, തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു.

2021 ജൂൺ ഒന്നിന് സൗദി - കുവൈത്ത് അതിർത്തിയിലെ ഹഫർ അൽബാത്വിനിൽ വെച്ചാണ് അപകടമുണ്ടായത്. രാജേഷിന്റെ വാഹനം ഒട്ടകവുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാജേഷ് അബോധാവസ്ഥയിലായി. സൗദി കിഴക്കൻ പ്രവിശ്യയിലെ മൂന്ന് ആശുപത്രികളിലായി ചികിത്സ നൽകിയെങ്കിലും പൂർവസ്ഥിതിയിലെത്തിയില്ല. പിന്നീട് രാജേഷിന്റെ കുടുംബം മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങളെ സമീപിച്ച് നാട്ടിലെത്തിക്കാൻ സഹായം അഭ്യർത്ഥിക്കുകയായിരുന്നു.

സൗദി കെ.എം.സി.സി കിഴക്കൻ പ്രവിശ്യാ കമ്മിറ്റി, അൽഖോബാർ സെൻട്രൽ കമ്മിറ്റി എന്നിവയുടെ നേതൃത്വത്തിൽ മുഹമ്മദ്കുട്ടി കോഡൂർ, ഇക്ബാൽ ആനമങ്ങാട്, മഹ്മൂദ് പൂക്കാട്, സിദ്ദീഖ് പാണ്ടികശാല, ഇന്ത്യൻ എംബസി അധികാരപ്പെടുത്തിയ ഹുസൈൻ ഹംസ നിലമ്പൂർ, ഇസ്മാഈൽ പുള്ളാട്ട് എന്നിവർ നടത്തിയ സമയബന്ധിതമായ ഇടപെടലിലൂടെയാണ് 14 ലക്ഷം രൂപയോളം ചെലവ് ചെയ്ത് രാജേഷിനെ നാട്ടിലെത്തിക്കാനായത്. വിമാനത്താവളത്തിൽ നിന്ന് ആംബുലൻസിൽ എറണാകുളം അമൃത മെഡിക്കൽ കോളജിലെത്തിച്ച രാജേഷിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. 

Latest Videos
Follow Us:
Download App:
  • android
  • ios