കൊവിഡ് ബാധിച്ച് മരിച്ച പ്രവാസിയുടെ ചിതാഭസ്‍മം നാട്ടിലെത്തിക്കാന്‍ സുമനസുകളുടെ സഹായം തേടി മലയാളി യുവാവ്
രാജയെ ഈ യുവാവ് ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ല. തന്റെ കോളേജ് വാട്സാപ് ഗ്രൂപ്പില്‍ വന്ന മെസേജാണ് ഊരും പേരുമറിയാത്ത ഒരാളുടെ ചിതാഭസ്മം കാത്തുവെക്കാന്‍ ഈ പ്രവാസിയെ പ്രേരിപ്പിച്ചത്.
ദുബൈ: യുഎഇയില്‍ കൊവിഡ് ബാധിച്ച് മരിച്ച തമിഴ്‍നാട് സ്വദേശിയുടെ ചിതാഭസ്‍മം രണ്ടു വര്‍ഷത്തോളമായി താമസ സ്ഥലത്ത് സൂക്ഷിച്ചു വച്ചിരിക്കുകയാണ് കോട്ടയംകാരന്‍ സിജോ. ഒരു പരിചയവുമില്ലാത്ത വ്യക്തിയുടെ ചിതാഭസ്‍മം നാട്ടിലേക്ക് എത്തിക്കാന്‍ സുമനസുകളുടെ സഹായം തേടുകയാണ് ഈ യുവാവ്.
കമ്പനി അനുവദിച്ചിരിക്കുന്ന ദുബൈയിലെ ഈ ഒറ്റമുറി ഫ്ലാറ്റില്‍ കോട്ടയം പെരുവ സ്വദേശി സിജോ നിധി പോലെ സൂക്ഷിച്ചു വച്ചിരിക്കുന്നൊരു വെളുത്തപെട്ടിയുണ്ട്. 2020 മെയ് മാസം അല്‍ ഐനില്‍ കൊവിഡ് ബാധിച്ചു മരിച്ച കന്യാകുമാരി സ്വദേശി രാജ് കുമാറിന്റെ ചിതാഭസ്മം. രാജയെ ഈ യുവാവ് ജീവിതത്തിലിന്നേവരെ കണ്ടിട്ടില്ല. തന്റെ കോളേജ് വാട്സാപ് ഗ്രൂപ്പില്‍ വന്ന മെസേജാണ് ഊരും പേരുമറിയാത്ത ഒരാളുടെ ചിതാഭസ്മം കാത്തുവെക്കാന്‍ ഈ പ്രവാസിയെ പ്രേരിപ്പിച്ചത്.
കൊവിഡ് പ്രതിസന്ധിയില്‍ ഒരുവര്‍ഷത്തോളം തൊഴില്‍ നഷ്ടമായി കഴിഞ്ഞ സിജോയ്ക്ക് നേരിട്ടുപോയി ചിതാഭസ്മം രാജയുടെ കുടുംബത്തിലെത്തിക്കാനുള്ള സാമ്പത്തിക ശേഷി ഇല്ലായിരുന്നു. ഒരുപാടുപേരോട് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതുവരെ ഭാര്യയും കുട്ടിയുമറിയാതെ ചിതാഭസ്മം താമസയിടത്ത് സൂക്ഷിച്ച സിജോ, അടുത്തിടെ കുടുംബം നാട്ടിലേക്ക് പോയ ശേഷമാണ് സുമനസുകളുടെ സഹായം തേടാന്‍ തീരുമാനിച്ചത്.
മരിച്ച രാജയുടെ മക്കള്‍ എല്ലാ ദിവസവും സിജോയെ വിളിക്കും, അച്ഛന്റെ ഓര്‍മ്മകളുറങ്ങുന്ന പെട്ടി ഭദ്രമാണെന്ന് ഉറപ്പുവരുത്താന്‍. മാതാവിനു പിന്നാലെ പിതാവും നഷ്ടമായ അവരുടെ ദുഖം അനാഥാലയത്തില്‍ പഠിച്ചു വളര്‍ന്ന സിജോയെക്കാളേറെ മറ്റാര്‍ക്കാണ് മനസിലാവുക.
വീഡിയോ കാണാം...
Read also: നാലു വയസ്സുകാരന്റെ പാട്ട് വൈറല്‍; പങ്കുവെച്ച് ശൈഖ് ഹംദാന്‍, വീഡിയോ
യുഎഇയിലെ മഴയില്‍ പാസ്‍പോര്‍ട്ട് അടക്കമുള്ള രേഖകള്‍ നഷ്ടമായ പ്രവാസികള്‍ ആശങ്കയില്‍
ഫുജൈറ: അപ്രതീക്ഷിതമായെത്തിയ മഴയില്‍ കാലങ്ങളായുള്ള സമ്പാദ്യം നഷ്ടമായതിന്റെ വേദനയിലാണ് യുഎഇയിലെ ഒരുകൂട്ടം പ്രവാസി മലയാളികള്‍. പാസ്‍പോര്‍ട്ട് അടക്കമുള്ള വിലപിടിപ്പുള്ള രേഖകള്‍ നഷ്ടമായവരും ഏറെയാണ്. അതേസമയം പ്രളയ ബാധിത പ്രദേശങ്ങളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിവരികയാണിപ്പോള്‍.
കൊവിഡ് കാരണം പ്രതിസന്ധിയിലായിരുന്ന രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ജീവിതവും കച്ചവടവുമെല്ലാം ഒന്നു പച്ചപിടിച്ചു വരുന്നതിനിടെയാണ് വേനല്‍കാലത്ത് ഇത്തവണ അപ്രതീക്ഷിത മഴയെത്തിയത്. വിലപിടിപ്പുള്ള സാധനങ്ങള്‍ പോലും ഒന്ന് മാറ്റിവെക്കാനുള്ള സമയം ലഭിച്ചില്ല. രാത്രി കടപൂട്ടി താമസ സ്ഥലത്ത് എത്തിയവര്‍ തിരികെയെത്തിയപ്പോള്‍ കണ്ടത് ഹൃദയം പിളരുന്ന കാഴ്ചകളായിരുന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു വെള്ളം കയറിത്തുടങ്ങിയതെന്ന് മലയാളിയായ സജീര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആദ്യം ചെറിയ രീതിയില്‍ കയറിയ വെള്ളം പിന്നീട് വളരെ വേഗം താമസ സ്ഥലങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുമെല്ലാം വെള്ളം നിറഞ്ഞു.
പെട്ടെന്ന് വെള്ളം കയറിയതിനാല്‍ കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് വിലപ്പെട്ട സാധനങ്ങള്‍ പോലും എടുത്തുമാറ്റാന്‍ പലര്‍ക്കും സാധിച്ചില്ല. പലരും ഓര്‍ഡറുകള്‍ക്ക് അനുസരിച്ച് വലിയ തോതില്‍ വിലപിടിപ്പുള്ള സാധനങ്ങള്‍ കച്ചവട സ്ഥാപനങ്ങളില്‍ സ്റ്റോക്ക് ചെയ്‍തിരുന്നു. ഇവയെല്ലാം വെള്ളം കയറി നശിച്ചു. കൊല്ലം സ്വദേശി സുബകന് മരുഭൂമിയില്‍ രണ്ടുപതിറ്റാണ്ട് ചോരനീരാക്കി നേടിയെടുത്ത സമ്പാദ്യമാണ് ഒരൊറ്റമഴയില്‍ ഇല്ലാതായത്. വീടും വാഹനവുമെല്ലാം നഷ്ടമായി. വാഹനം ഉപയോഗിക്കാനാവാത്ത വിധത്തില്‍ നശിച്ചുപോയി.
വിലപ്പെട്ട സാധനങ്ങളൊക്കെ വെള്ളത്തില്‍ ഒഴുകി നടക്കുന്ന കാഴ്ചകളാണ് പലര്‍ക്കും പിന്നീട് കാണേണ്ടി വന്നത്. അവയെല്ലാം ഉപയോഗിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായി. പാസ്‍പോര്‍ട്ടും, വിദ്യാഭ്യാസ രേഖകളും അടക്കം മഴവെള്ളപാച്ചിലില്‍ ഒഴുകിപോയവര്‍ ആശങ്കയിലാണ്. ഷാര്‍ജ കല്‍ബയിലും ഫുജൈറയിലും വെള്ളംകയറിയ മേഖലകളില്‍ താമസിച്ചിരുന്ന പലരും ഇപ്പോഴും ഹോട്ടലുകളിലും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിലുമാണ് കഴിയുന്നത്. മഴക്കെടുതിയില്‍ പെട്ടവര്‍ക്ക് ഇനിയെല്ലാം ആദ്യം മുതല്‍ തുടങ്ങണം.