മിൻസയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; നാളെ നാട്ടിലെത്തിക്കും

രണ്ട് ദിവസം നീണ്ട വിശദമായ ഫോറൻസിക് മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് മിൻസയുടെ മ‍ൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. അൽ വക്രയിലെ മോര്‍ച്ചറിക്ക് മുന്നിൽ നൂറ് കണക്കിനാളുകളാണ് മിൻസയ്ക്ക് അന്ത്യാഞ്ജലികൾ അര്‍പ്പിക്കാനെത്തിയത്.

malayali expat girl minsa's body who died in Qatar  will be brought home tomorrow

ദോഹ: ഖത്തറിൽ സ്കൂൾ ബസിൽ മരിച്ചനിലയിൽ കണ്ടെത്തിയ നാല് വയസുകാരി മിൻസ മറിയം ജേക്കബിന്‍റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. നാളെ രാവിലെ എട്ടരയോടെ മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിക്കും. അൽ വക്രയിലെ മോര്‍ച്ചറിക്ക് മുന്നിൽ നൂറ് കണക്കിനാളുകളാണ് മിൻസയ്ക്ക് അന്ത്യാഞ്ജലികൾ അര്‍പ്പിക്കാനെത്തിയത്.

നാലാം പിറന്നാൾ ദിനത്തിലാണ് മിൻസയെന്ന നാലു വയസുകാരിക്ക് സ്കൂൾ ബസ് ജീവനക്കാരുടെ അശ്രദ്ധയിൽ സ്വന്തം ജീവൻ ബലി നല്‍കേണ്ടി വന്നത്. രാവിലെ സ്കൂളിലേക്ക് വന്ന കുട്ടി ബസിനുള്ളിലിരുന്ന് ഉറങ്ങിപ്പോയത് അറിയാതെ ബസ് ജീവനക്കാര്‍ വാഹനം പൂട്ടി പോവുകയായിരുന്നു. ബസിനുള്ളിൽ കുടുങ്ങിയ കുട്ടി കനത്ത ചൂടിൽ ശ്വാസം മുട്ടി മരിച്ചുവെന്നാണ് നിഗമനം.

രണ്ട് ദിവസം നീണ്ട വിശദമായ ഫോറൻസിക് മെഡിക്കൽ പരിശോധനകൾക്ക് ശേഷമാണ് മിൻസയുടെ മ‍ൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്.  അൽ വക്രയിലെ എമര്‍ജൻസി ആശുപത്രി മോര്‍ച്ചറിക്ക് മുന്നിൽ മിൻസയെ അവസാനമായി കാണാൻ വൻ ജനാവലി എത്തി. ദോഹയിൽ നിന്ന് പുലര്‍ച്ചെ ഒന്നരക്കുള്ള വിമാനത്തിലാണ് മ‍ൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവുക. എട്ടരയോടെ നെടുമ്പാശേരിയിലെത്തിക്കുന്ന മൃതദേഹം തുടര്‍ന്ന് സ്വദേശമായ കോട്ടയം ചിങ്ങവനത്തേക്ക് കൊണ്ട് പോകും. മിൻസയുടെ മരണത്തിൽ ആഭ്യന്തര വിദ്യാഭ്യാസ ആരോഗ്യ വകുപ്പുകളുടെ സംയുക്ത അന്വേഷണം പുരോഗമിക്കുകയാണ്.

Also Read: ഖത്തറില്‍ മലയാളി ബാലികയുടെ മരണം; ഉത്തരവാദികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

ഇന്നലെ ഖത്തര്‍ വിദ്യാഭ്യാസമന്ത്രി മിൻസയുടെ വീട്ടിലെത്തി മാതാപിതാക്കളെ കണ്ടിരുന്നു. ആവശ്യമായ എല്ലാ സഹായവും ഖത്തര്‍ സര്‍ക്കാര്‍ ഉറപ്പ് നൽകിയിട്ടുണ്ട്. സ്കൂള്‍ ബസിൽ ഇരുന്ന് മിൻസ ഉറങ്ങിയത് അറിയാതെ ബസ് പൂട്ടി ജീവനക്കാർ പോയതാണ് ദുരന്തത്തിന് ഇടയാക്കിയത്. സംഭവത്തില്‍ ഇതുവരെ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന.

Latest Videos
Follow Us:
Download App:
  • android
  • ios