ഖത്തറില്‍ മലയാളി ബാലികയുടെ ദാരുണ മരണം പിറന്നാള്‍ ദിനത്തിന്റെ സന്തോഷങ്ങള്‍ക്കിടെ; നൊമ്പരമായി മിന്‍സ
തലേന്ന് രാത്രി തന്നെ പിറന്നാള്‍ ആഘോഷം തുടങ്ങിയ അവള്‍ രാവിലെ സ്‍കൂളിലേക്ക് പോയതായിരുന്നു. അല്‍ വക്റ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെ.ജി വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്ന മിന്‍സ, അല്‍ വക്റയിലെ വീട്ടില്‍ നിന്ന് സ്‍കൂളിലേക്കുള്ള യാത്രയ്‍ക്കിടെ ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോവുകയായിരുന്നു.
ദോഹ: ഖത്തറില്‍ സ്‍കൂള്‍ ബസ് ജീവനക്കാരുടെ അശ്രദ്ധയെ തുടര്‍ന്ന് മലയാളി ബാലിക ദാരുണമായി മരണപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് പ്രവാസികള്‍. നാലാം പിറന്നാളിന്റെ സന്തോഷത്തില്‍ രാവിലെ സ്‍കൂളിലേക്ക് പോയ മിന്‍സ മറിയം ബസില്‍ വെച്ച് ഉറങ്ങിപ്പോവുകയും കുട്ടി വാഹനത്തിലുണ്ടെന്നത് ശ്രദ്ധിക്കാതെ ജീവനക്കാര്‍ ഡോര്‍ പൂട്ടി പോവുകയുമായിരുന്നു. കടുത്ത ചൂടില്‍ മണിക്കൂറുകളോളം വാഹനത്തിലുള്ളില്‍ അകപ്പെട്ടുപോയ നാല് വയസുകാരിയെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
കോട്ടയം ചിങ്ങവനം കൊച്ചുപറമ്പില്‍ അഭിലാഷ് ചാക്കോയുടെയും സൗമ്യയുടെയും ഇളയ മകളാണ് മിന്‍സ. ഞായറാഴ്ചയായിരുന്നു മിന്‍സയുടെ നാലാം പിറന്നാള്‍. തലേന്ന് രാത്രി തന്നെ പിറന്നാള്‍ ആഘോഷം തുടങ്ങിയ അവള്‍ രാവിലെ സ്‍കൂളിലേക്ക് പോയതായിരുന്നു. അല്‍ വക്റ സ്‍പ്രിങ് ഫീല്‍ഡ് കിന്റര്‍ഗാര്‍ട്ടനിലെ കെ.ജി വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്ന മിന്‍സ, അല്‍ വക്റയിലെ വീട്ടില്‍ നിന്ന് സ്‍കൂളിലേക്കുള്ള യാത്രയ്‍ക്കിടെ ബസിനുള്ളില്‍ വെച്ച് ഉറങ്ങിപ്പോവുകയായിരുന്നു. സ്‍കൂളില്‍ എത്തിയപ്പോള്‍ ബസില്‍ നിന്ന് എല്ലാവരും ഇറങ്ങിയെന്ന് ഉറപ്പാക്കാതെ ജീവനക്കാര്‍ ബസ് ലോക്ക് ചെയ്‍തുപോയി. പിന്നീട് മണിക്കൂറുകള്‍ക്ക് ശേഷം 11.30ഓടെ ജീവനക്കാര്‍ തിരികെ ഡ്യൂട്ടിക്ക് എത്തിയപ്പോഴാണ് കുട്ടിയെ ബോധരഹിതയായി കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഖത്തറില്‍ ഡിസൈനറായി ജോലി ചെയ്യുന്ന അഭിലാഷിനെ സ്‍കൂള്‍ അധികൃതര്‍ ഫോണില്‍ വിളിച്ച് മകള്‍ക്ക് സുഖമില്ലെന്നും ഉടനെ സ്കൂളിലെത്തണമെന്നും അറിയിക്കുകയായിരുന്നു. ജോലി സ്ഥലത്തു നിന്ന് തിരക്കുപിടിച്ച് സ്‍കൂളിലെത്തിയപ്പോഴേക്കും മിന്‍സയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പിന്നാലെ മരണം സ്ഥിരീകരിക്കുകയും ചെയ്‍തു. മിന്‍സയുടെ ചേച്ചി മിഖ ഖത്തര്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
ഗള്‍ഫില്‍ ഇത് ആദ്യമായല്ല ഇത്തരം അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ചൂട് ശക്തമായ സമയങ്ങളില്‍ കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതര്‍ നിരന്തരം ആവശ്യപ്പെടാറുണ്ട്. നേരത്തെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖത്തറിലെ മറ്റൊരു ഇന്ത്യന്‍ സ്‍കൂളിലും സമാനമായ അപകടത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചിരുന്നു. രാജ്യത്തെ വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ സ്കൂള്‍ ജീവനക്കാര്‍ക്കും മാനേജ്‍മെന്റ് അംഗങ്ങള്‍ക്കുമെല്ലാം ഇക്കാര്യത്തില്‍ ബോധവത്കരണം നല്‍കാറുണ്ടായിരുന്നെങ്കിലും അവ പാലിക്കുന്നതിനെ അനാസ്ഥ കാരണം കുഞ്ഞു മിന്‍സയ്ക്ക് ജീവന്‍ നഷ്ടമായി.
ബസുകളില്‍ നിന്ന് കുട്ടികള്‍ എല്ലാവരും ഇറങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് ജീവനക്കാരുടെ ബാധ്യതയാണ്. സീറ്റിനടിയിലോ മറ്റോ കുട്ടികളാരും ഇരിക്കുന്നില്ലെന്ന് ജീവനക്കാര്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാണ് അധികൃതര്‍ നിര്‍ദേശിക്കാറുള്ളത്. ബസില്‍ നിന്ന് കുട്ടികള്‍ ഇറങ്ങിക്കഴിഞ്ഞ ശേഷം ഡോര്‍ അടയ്ക്കുന്നതിന് മുമ്പ് ഇത്തരത്തിലൊരു പരിശോധന നടന്നിരുന്നെങ്കില്‍ വലിയൊരു ദുരന്തവും മിന്‍സയുടെ കുടുംബത്തിന്റെയും മറ്റ് രക്ഷിതാക്കളുടെയും സുഹൃത്തുക്കളുടെയുമെല്ലാം തീരാവേദനയും ഒഴിവാക്കാമായിരുന്നു.
കെ.ജി വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ രാജ്യത്തെ വിവിധ വകുപ്പുകള്‍ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ തന്നെ ലഭിക്കുമെന്നും ഖത്തര്‍ വിദ്യാഭ്യാസ - ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്ന് അറിയിച്ച അധികൃതര്‍, മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ കുടുംബത്തെ അനുശോചനം അറിയിക്കുകയും ചെയ്‍തു.