27 വയസുകാരനായ പ്രവാസി മലയാളി സ്വിമ്മിങ് പൂളില്‍ മരിച്ച നിലയില്‍

നിരവധിപ്പേര്‍ പങ്കെടുത്തിരുന്ന പാര്‍ട്ടിയില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഒട്ടുമിക്ക ആളുകളും മടങ്ങിപ്പോയി. എന്നാല്‍ സിദ്ദാര്‍ത്ഥും ഏതാനും സുഹൃത്തുക്കളും ഈ സമയം സ്വിമ്മിങ് പൂളില്‍ നീന്താനായി പോവുകയായിരുന്നു. 

malayali expat found drowned in open pool at resort in Bahrain

മനാമ: പ്രവാസി മലയാളി യുവാവ് ബഹ്റൈനില്‍ സ്വിമ്മിങ് പൂളില്‍ മുങ്ങിമരിച്ചു. കോഴിക്കോട് പയ്യോളി സ്വദേശിയായ സിദ്ദാര്‍ത്ഥ് സജീവ് (27) ആണ് മരിച്ചത്. ബഹ്റൈനിലെ സ്വകാര്യ കമ്പനിയില്‍ ഡെലിവറി സെക്ഷനില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം ഓഗസ്റ്റ് ഒന്നിനാണ് അവധിക്ക് ശേഷം നാട്ടില്‍ നിന്ന് തിരിച്ചെത്തിയത്.

ഒരു റിസോര്‍ട്ടിലെ ഓപ്പണ്‍ പൂളിലാണ് സിദ്ദാര്‍ത്ഥ് സജീവ് മുങ്ങി മരിച്ചതെന്ന് ഗള്‍ഫ് ഡെയ്‍ലി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ജന്മദിന പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വേണ്ടിയാണ് സുഹൃത്തുക്കള്‍ക്കൊപ്പം അദ്ദേഹം ഇവിടെയെത്തിയത്. നിരവധിപ്പേര്‍ പങ്കെടുത്തിരുന്ന പാര്‍ട്ടിയില്‍ നിന്ന് പുലര്‍ച്ചെ രണ്ട് മണിയോടെ ഒട്ടുമിക്ക ആളുകളും മടങ്ങിപ്പോയി. എന്നാല്‍ സിദ്ദാര്‍ത്ഥും ഏതാനും സുഹൃത്തുക്കളും ഈ സമയം സ്വിമ്മിങ് പൂളില്‍ നീന്താനായി പോവുകയായിരുന്നു. 2.30ഓടെ ഒപ്പമുണ്ടായിരുന്നവര്‍ കാറിലേക്ക് തിരിച്ച് പോയപ്പോഴാണ് സിദ്ദാര്‍ത്ഥിനെ കാണാനില്ലെന്ന് മനസിലായത്. സുഹൃത്തുക്കള്‍ തിരികെ വന്ന് നോക്കിയ്യപോള്‍ പൂളിന്റെ അടിത്തട്ടില്‍ ചലനമറ്റ നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് സഹായം തേടി. റിഫ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

സിദ്ദാര്‍ത്ഥിന് നീന്തല്‍ അറിയുമായിരുന്നില്ലെന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് വയസുകാരിയായ മകളുടെ ചെവിയില്‍ ശസ്‍ത്രക്രിയ നടത്തുന്നതുമായി ബന്ധപ്പെട്ട്  സിദ്ദാര്‍ത്ഥ് അടുത്തിടെ നാട്ടിലേക്ക് പോയിരുന്നു. മകളും ഒപ്പം മറ്റ് കുടുംബാംഗങ്ങളും ഇപ്പോഴും നാട്ടില്‍ ആശുപത്രിയിലാണ്. സിദ്ദാര്‍ത്ഥിന്റെ മൃതദേഹം സല്‍മാനിയ മെഡിക്കല്‍ കോപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബഹ്റൈനിലെ ദക്ഷിണ ഗവര്‍ണറേറ്റിലെ പ്രമുഖ ബീച്ച് റിസോര്‍ട്ടിലായിരുന്നു അപകടമെന്ന് ഗള്‍ഫ് ഡെയിലി ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇവിടെ പൂളില്‍ ലൈഫ് ഗാര്‍ഡുമാരുണ്ടായിരുന്നില്ല. 

Read more: സൗദി അറേബ്യയില്‍ തായിഫ് അൽഹദ മലമുകളിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ പുറത്തെടുത്തു

Latest Videos
Follow Us:
Download App:
  • android
  • ios