ജോലിക്കിടെ ഹൃദയാഘാതം; വിശ്രമിക്കാൻ റൂമിലേക്ക് പോകുമ്പോൾ പ്രവാസി കുഴഞ്ഞുവീണ് മരിച്ചു
സൂപ്പർമാർക്കറ്റിലെ ജോലിക്കിടെ ശാരീരികമായ അസ്വാസ്ഥ്യം ഉണ്ടാകുകയും വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയുമായിരുന്നു.
റിയാദ്: ജോലിക്കിടെ ഹൃദയാഘാതമുണ്ടായ പ്രവാസി മലയാളി വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. സൗദി അറേബ്യയുടെ തെക്കുപടിഞ്ഞാറൻ മേഖലയിലെ ജീസാന് സമീപം മഹബുജിലെ ഒരു സൂപ്പർമാർക്കറ്റിൽ ജീവനക്കാരനായ മലപ്പുറം താനൂർ പനങ്ങാട്ടൂർ സ്വദേശി മുഹമ്മദ് ഹാജിയുടെയും ഖദീജയുടെയും മകൻ നാസർ മെതുകയിൽ (48) ആണ് മരിച്ചത്.
സൂപ്പർമാർക്കറ്റിലെ ജോലിക്കിടെ ശാരീരികമായ അസ്വാസ്ഥ്യം ഉണ്ടാകുകയും വിശ്രമിക്കാൻ റൂമിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടൻ തന്നെ ജീസാനിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 28 വർഷമായി സൗദിയിലുള്ള നാസർ, കെ.എം.സി.സി ബെയ്ഷ് മുൻ സെക്രട്ടറിയായിരുന്നു. ആറുമാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി മടങ്ങിയെത്തിയത്.
ബെയ്ഷ് കെ.എം.സി.സി വൈസ് പ്രസിഡൻറ് സിദ്ദീഖ് താനൂർ സഹോദരനാണ്. ഭാര്യ - ഫൗസിയ അണ്ടതോട്. മക്കൾ - ഫുവാദ്, ഫാഹിം, നജാഹ്, റബാഹ്. മറ്റു സഹോദരങ്ങൾ - കുഞ്ഞിമുഹമ്മദ്, കുഞ്ഞായിൻ, ജഅഫർ, അഷ്റഫ്, അലി, ഉബൈദ്, ബീവി. ജീസാൻ അൽ അമൈസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഖബറടക്കുന്നതിനുള്ള ശ്രമങ്ങൾ ജീസാൻ കെ.എം.സി.സി പ്രസിഡൻറ് ഹാരിസ് കല്ലായി, സെക്രട്ടറി ശംസു പൂക്കോട്ടൂർ, മഹ്ബൂജ് കെ.എം.സി.സി ചെയർമാൻ മുജീബ് അബ്ദുനാസർ പുല്ലാട്ട് എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.