സ്ഥലത്ത് എത്തിയിട്ടും ബസിൽ നിന്നിറങ്ങിയില്ല, കൂടെയുള്ളവര്‍ തിരഞ്ഞു; സീറ്റില്‍ മരിച്ച നിലയില്‍ മലയാളി

കൂടെയുള്ളവരെല്ലാം ജോലിസ്ഥലത്തിറങ്ങിയിട്ടും ബസിൽ നിന്നും ഇറങ്ങുന്നത് കാണാതിരുന്നപ്പോഴാണ് അബ്ദുന്നാസർ ബസിലെ സീറ്റിൽ ഹൃദായാഘാതം മൂലം മരിച്ചതായി സഹപ്രവർത്തകർ അറിയുന്നത്. 

malayali expat died due to heart attack inside bus

റിയാദ്: ജോലിക്ക് പോകുന്നതിനിടെ ബസിൽ വെച്ച് ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. സഹപ്രവർത്തകരോടൊപ്പം കമ്പനി ബസിൽ യാത്ര ചെയ്യുന്നതിനിടെ കോഴിക്കോട് കാരപ്പറമ്പ് വെണ്ണീർവയൽ സ്വദേശി അബ്ദുന്നാസർ (58) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. 

സൗദി പടിഞ്ഞാറൻ പ്രവിശ്യയിലെ യാംബു വ്യവസായ നഗരത്തിൽ അൽ ഹംറാനി ഫക്സ്‌ കമ്പനിയിൽ മാൻപവർ ജോലിക്കാരനായ അബ്ദുന്നാസർ രാത്രി 7.30 ലെ ഷിഫ്റ്റ് ഡ്യൂട്ടിക്കായി മറ്റു തൊഴിലാളികളോടൊപ്പം പുറപ്പെട്ടതായിരുന്നു. കൂടെയുള്ളവരെല്ലാം ജോലിസ്ഥലത്തിറങ്ങിയിട്ടും ബസിൽ നിന്നും ഇറങ്ങുന്നത് കാണാതിരുന്നപ്പോഴാണ് അബ്ദുന്നാസർ ബസിലെ സീറ്റിൽ ഹൃദായാഘാതം മൂലം മരിച്ചതായി സഹപ്രവർത്തകർ അറിയുന്നത്. 

യാംബു റോയൽ കമ്മീഷൻ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്കു കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. രണ്ടര പതിറ്റാണ്ടിലേറെ യാംബുവിൽ പ്രവാസിയായിരുന്ന അബ്ദുന്നാസറിന്റെ പെട്ടെന്നുള്ള വിയോഗം ബന്ധുക്കളെയും സഹപ്രവർത്തകരെയും മലയാളി സമൂഹത്തെയും ഏറെ ദുഃഖത്തിലാഴ്ത്തി. പരേതനായ ചേക്കുഞ്ഞി ആണ് അബ്ദുന്നാസറിന്റെ പിതാവ്. മാതാവ്: ഖദീജാബി, ഭാര്യ: ആയിഷ, മക്കൾ: ഇർഷാദ് (നേമുൻ യാംബു പ്രവാസി), നൗശത്ത്, ജംഷത്ത്. മരുമക്കൾ: മുബാറക്ക്, ജംഷീദ്, ഷഹല. സഹോദരങ്ങൾ: റാഫി, അഷ്‌റഫ്, അസ്മാബി, സുഹറാബി, ഖൈറുന്നീസ.

Read Also - ചതിച്ചതിൽ കൂട്ടുകാരും, വിൽക്കാൻ കൊടുത്ത കാര്‍ വഴി പണി! ജയിലിൽ കഴിഞ്ഞ മലയാളികളടക്കമുള്ള പ്രവാസികൾ നാടണഞ്ഞു

മദീന പള്ളിയിൽ നമസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി തീർത്ഥാടകൻ മരിച്ചു

റിയാദ്: മദീന പ്രവാചക പള്ളിയിൽ നമസ്കരിക്കുന്നതിനിടെ കുഴഞ്ഞുവീണ മലയാളി തീർത്ഥാടകൻ മരിച്ചു. ഖത്തറിൽ നിന്ന് കുടുംബത്തോടൊപ്പം തീർഥാടനത്തിനെത്തിയ കൊല്ലം ബീച്ച് റോഡ് സലിം ഹോട്ടലിലെ കാഷ്യർ ആയിരുന്ന സലിം മൻസിലിൽ ബഷീർ അഹമ്മദ് എന്ന സലിം (69) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. 

ഖത്തറിലുള്ള മകൻ ഡോ. മുഹമ്മദ് ഹുസൈെൻറ അടുത്തേക്ക് സന്ദർശന വിസയിലെത്തിയ സലിം കുടുംബത്തോടൊപ്പം മക്കയിലെത്തി ഉംറ നിർവഹിച്ച ശേഷം മദീന സന്ദർശനത്തിലായിരുന്നു. തിങ്കളാഴ്ച മദീന മസ്ജിദുന്നബവിയിൽ നമസ്‌കരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ബന്ധുക്കളും മറ്റും ചേർന്ന് മദീനയിലെ കിങ് ഫഹദ് ആശുപത്രിയിൽ എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്‌സയിൽ കഴിയുന്നതിനിടയിലാണ് മരണം.

ഭാര്യ താജുന്നീസ ബീവിയും ഖത്തറിലുള്ള മകൻ ഡോ. മുഹമ്മദ് ഹുസൈനും കുടുംബവും കൂടെയുണ്ട്. മറ്റു മക്കളായ മുഹമ്മദ് സുൽഫീക്കർ (അയ് ദാൻ ഗ്ലോബൽ, കൊല്ലം), മുഹമ്മദ് നൗഫൽ ( ഇന്ത്യൻ ആർമി ഉദ്യോഗസ്ഥൻ) എന്നിവർ അടുത്ത ദിവസം നാട്ടിൽ നിന്ന് മദീനയിലെത്തുമെന്നും, ശേഷം മൃതദേഹം വെള്ളിയാഴ്ച മദീനയിൽ തന്നെ ഖബറടക്കുമെന്നും ബന്ധുക്കൾ അറിയിച്ചു. സഹോദരങ്ങൾ: അഹ്ദ് കബീർ, താജ്മൽ ഹുസൈൻ, മഹ്റുന്നിസ, നൂർജഹാൻ, പരേതയായ ജമീല. മരുമക്കൾ: സിസ്‌ന സുൽഫി, തസ്‌നീം നൗഫൽ, ഫിർദൗസ് ഹുസൈൻ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios