രണ്ടാം നിലയില്‍ നിന്ന് ചാടിയത് ജീവിതത്തിലേക്ക്, ഒപ്പം കൂട്ടിയത് നാലുപേരെ; ആശ്വാസമായി അനിൽകുമാറിന്‍റെ അതിജീവനം
ജോലിക്ക് പോകാന്‍ വേണ്ടി പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതാണ് അനില്‍ കുമാറിന്‍റെ ശീലം. പതിവ് പോലെ പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് കനത്ത ചൂടും പുകയും അനുഭവപ്പെട്ടത്. മുറിയിലേക്ക് കനത്ത പുക അടിച്ചുകയറി. ആദ്യം ശ്വസിച്ചപ്പോള്‍ തന്നെ ശ്വാസംമുട്ടലുണ്ടായി.
കുവൈത്ത് സിറ്റി: തീയിൽ വെന്തു മരിക്കാതിരിക്കാൻ കെട്ടിടത്തിൽ നിന്ന് എടുത്തു ചാടുന്നതിനൊപ്പം നാല് പേരെ കൂടി രക്ഷിച്ചാണ് തിരുവല്ല സ്വദേശി അനിൽ കുമാർ ജീവിതത്തിലേക്ക് തിരിച്ചു വന്നിരിക്കുന്നത്. രണ്ടാം നിലയിൽ നിന്നുള്ള ചാട്ടത്തിൽ കാലിനു പരിക്ക് പറ്റി ചികിത്സയിലാണ് അനിൽകുമാർ.
ജോലിക്ക് പോകാന്‍ വേണ്ടി പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നതാണ് അനില്‍ കുമാറിന്‍റെ ശീലം. പതിവ് പോലെ പുലര്‍ച്ചെ എഴുന്നേറ്റപ്പോഴാണ് കനത്ത ചൂടും പുകയും അനുഭവപ്പെട്ടത്. മുറിയിലേക്ക് കനത്ത പുക അടിച്ചുകയറി. ആദ്യം ശ്വസിച്ചപ്പോള്‍ തന്നെ ശ്വാസംമുട്ടലുണ്ടായി. ഉടന്‍ തന്നെ റൂമിലുള്ള പരമാവധി ആളുകളെ വിളിച്ചുണര്‍ത്തി. എല്ലാവരും ഉറങ്ങുകയായിരുന്നു. ആളുകളെ വിളിച്ച് ഉണര്‍ത്തി രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ നോക്കി. കോണിപ്പടി വഴി രക്ഷപ്പെടാന്‍ സാധ്യമല്ലെന്ന് മനസ്സിലായതോടെ രണ്ടാം നിലയില്‍ നിന്ന് പുറത്തേക്ക് ചാടാന്‍ തീരുമാനിക്കുകയായിരുന്നു.
Read Also - വെറുമൊരു കാര്‍ഡല്ല ഇനി നോൾ കാർഡ്; വൻ ആനുകൂല്യങ്ങൾ, 17,000 ദിർഹം വരെ ഡിസ്കൗണ്ട്
രണ്ടാം നിലയില്‍ നിന്ന് ചാടിയ അദ്ദേഹത്തിന്‍റെ കാലിന് പരിക്കേറ്റു. അവിടെ നിന്ന് പിന്നീട് ആരോ കോണി വെച്ച് കൊടുത്ത ശേഷം ഇറങ്ങിയെന്നാണ് അനില്‍ കുമാര്‍ പറയുന്നത്. കൂടെയുള്ള നാലുപേര്‍ കൂടി രക്ഷപ്പെട്ടു. പക്ഷേ അപ്പോഴും കൂടെയുള്ള കൂടുതല്‍ ആളുകളെ വിളിക്കാന്‍ പറ്റിയില്ലല്ലോ എന്ന സങ്കടം അനില്‍ കുമാര്‍ പങ്കുവെച്ചു. അനില്‍ കുമാര്‍ നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. 17 വര്‍ഷമായി കുവൈത്തില്‍ ജോലി ചെയ്യുന്ന ആളാണ് അനില്‍ കുമാര്‍. ഗാര്‍മെന്‍റ് സെയില്‍സ് മേഖലയിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്.