തൻറെ 50 വർഷം പഴക്കമുള്ള 'നിധി' യുഎഇ പ്രസിഡൻറിൻറെ കൊട്ടാരത്തിലെത്തി കാണിച്ച് യൂസഫലി; കൗതുകത്തോടെ ശൈഖ് മുഹമ്മദ്
അന്ന് ബോംബെയിൽ നിന്ന് 6 ദിവസം ദുംറ എന്ന കപ്പലിൽ യാത്ര ചെയ്താണ് 1973 ഡിസംബർ 31ന് വെറും പത്തൊൻപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എംഎ. യൂസഫലി ദുബായിലെത്തിയത്. ആറ് ദിവസമെടുത്ത അന്നത്തെ കപ്പൽ യാത്രയെപ്പറ്റിയും യൂസഫലി യു.എ.ഇ. പ്രസിഡണ്ടിന് വിശദീകരിച്ചു കൊടുത്തു.
അബുദാബി: പ്രവാസത്തിൻറെ ഗോൾഡൻ ജൂബിലി എംഎ യൂസഫലിക്ക് ഏറ്റവും സന്തോഷകരമായ മുഹൂർത്തമാണ് സമ്മാനിച്ചത്. 1973 ഡിസംബർ 26ന് ബോംബെ തുറമുഖത്ത് നിന്നും പുറപ്പെട്ട് ആറു ദിവസം നീണ്ട കപ്പൽ യാത്രക്കൊടുവിലാണ് തൃശൂർ ജില്ലയിലെ നാട്ടികയിൽ നിന്ന് അന്ന് പത്തൊൻപതു വയസ്സുള്ള യൂസഫലി ദുബൈയിലെത്തിയത്. ആ വലിയ യാത്രയുടെ ഓർമ്മക്കായി ഇന്നും അദ്ദേഹം നിധി പോലെ സൂക്ഷിക്കുന്ന തൻറെ ആദ്യത്തെ പാസ്പോർട്ട് ഇക്കഴിഞ്ഞ ദിവസമാണ് യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ അബുദാബിയിലെ പ്രസിഡൻറിൻറെ കൊട്ടാരത്തിൽ ചെന്ന് യൂസഫലി കാണിച്ചു കൊടുത്തത്.
ബോംബെ തുറമുഖത്ത് നിന്നും 26 ഡിസംബർ 1973ന് പുറപ്പെട്ട് ഡിസംബർ 31ന് ദുബായ് റാഷിദ് തുറമുഖത്തെത്തിയതുൾപ്പെടെയുള്ള ഇമ്മിഗ്രേഷൻ സ്റ്റാമ്പ് പതിപ്പിച്ച യൂസഫലിയുടെ പഴയ പാസ്പാർട്ട് ഏറെ കൗതുകത്തോടെയാണ് ശൈഖ് മുഹമ്മദ് ബിൻ സായിദ് നോക്കിക്കണ്ടത്.
അന്ന് ബോംബെയിൽ നിന്ന് 6 ദിവസം ദുംറ എന്ന കപ്പലിൽ യാത്ര ചെയ്താണ് 1973 ഡിസംബർ 31ന് വെറും പത്തൊൻപത് വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന എംഎ. യൂസഫലി ദുബായിലെത്തിയത്. ആറ് ദിവസമെടുത്ത അന്നത്തെ കപ്പൽ യാത്രയെപ്പറ്റിയും യൂസഫലി യു.എ.ഇ. പ്രസിഡണ്ടിന് വിശദീകരിച്ചു കൊടുത്തു.
തൃശ്ശൂർ ജില്ലയിലെ നാട്ടിക മുസലിയാം വീട്ടിൽ അബ്ദുൽ ഖാദർ യൂസഫലി എന്ന എംഎ യൂസഫലിയെ ഇന്നത്തെ യൂസഫലിയാക്കിയ പ്രവാസ ജീവിതത്തിന് 50 വർഷം തികയുകയാണ്.
വാണിജ്യ വ്യവസായ സാമൂഹ്യ സേവനരംഗത്തും നൽകിയ സേവനങ്ങളെ മാനിച്ച് നിരവധി ദേശീയ അന്തർദേശിയ പുരസ്കാരങ്ങളാണ് യൂസഫലിയെ തേടിയെത്തിയത്. രാജ്യം നൽകിയ പത്മശ്രീ, യു.എ.ഇ.യുടെ ഉന്നത ബഹുമതിയായ അബുദാബി അവാർഡ്, ബഹറൈൻ സർക്കാർ നൽകിയ ഓർഡർ ഓഫ് ബഹറൈൻ, ബ്രിട്ടീസ് രാജ്ഞിയുടെ ക്വീൻസ് പുരസ്കാരം, ഇന്തോനേഷ്യയുടെ പ്രിമ ദത്ത പുരസ്കാരം എന്നിവ ഇതിലുൾപ്പെടും. അബുദാബി ചേംബറിൻ്റെ വൈസ് ചെയർമാനായി യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിൻ സായിദ് നാമനിർദ്ദേശം ചെയ്തതാണ് യൂസഫലിയെ തേടിയെത്തിയ മറ്റൊരു ഉന്നതമായ അംഗീകാരം.
Read Also - പ്രവാസത്തിൻറെ അരനൂറ്റാണ്ട്; 73ൽ ബോംബെ തുറമുഖത്ത് നിന്ന് തുടങ്ങിയ കപ്പൽ യാത്ര, 'ഒരേയൊരു യൂസഫലി'യായി വളർച്ച
തികഞ്ഞ ആത്മവിശ്വാസത്തോടെയും കഠിനാധ്വാനത്തോടെയും ആത്മസമർപ്പണത്തോടെയും അബുദാബിയിൽ ചെറിയ രീതിയിൽ ആരംഭിച്ച കച്ചവടമാണ് ഇന്ന് 50 വർഷം പിന്നിടുമ്പോൾ 35,000 മലയാളികൾ ഉൾപ്പെടെ 49 രാജ്യങ്ങളിൽ നിന്നുള്ള 69,000 ലധികം ആളുകൾക്ക് തൊഴിൽ നൽകുന്ന ലുലു ഗ്രൂപ്പ് എന്ന വമ്പൻ സ്ഥാപനത്തിൻ്റെ മേധാവിയായി യൂസഫലി മാറിയതിൻ്റെ ചരിത്രം കുറിച്ചത്.
അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ അൽ നഹ്യാൻ, അബുദാബി പടിഞ്ഞാറൻ മേഖല ഭരണാധികാരി ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും സംബന്ധിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം