കുവൈത്തില്‍ അനധികൃത നിർമാണത്തിനെതിരെ നടപടി
പരിശോധനകളില്‍ കെട്ടിട ദുരുപയോഗത്തിനും അനധികൃത നിർമാണത്തിനും 17 മുന്നറിയിപ്പുകൾ നൽകി.
കുവൈത്ത് സിറ്റി: കുവൈത്തില്‍ അനധികൃത നിര്‍മ്മാണങ്ങള്‍ തടയാന്‍ പരിശോധന ശക്തമാക്കി. മുബാറക് അൽ കബീർ ഗവർണറേറ്റിലെ എഞ്ചിനീയറിംഗ് ഓഡിറ്റ് ആൻഡ് ഫോളോ അപ്പ് വകുപ്പിലെ റെഗുലേറ്ററി ടീം നടത്തുന്ന പരിശോധനകള്‍ വർധിപ്പിച്ചതായി കുവൈത്ത് മുനിസിപ്പാലിറ്റിയിലെ പബ്ലിക് റിലേഷൻസ് വകുപ്പ് അറിയിച്ചു. വൈദ്യുതി, ജല മന്ത്രാലയത്തിന്‍റെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്.
ഫർവാനിയ, മുബാറക് അൽ കബീർ സെക്ടറുകളുടെ ചുമതലയുള്ള എഞ്ചിനീയർ നവാഫ് അൽ കന്ദരി, മുബാറക് അൽ കബീർ ബ്രാഞ്ച് ഡയറക്ടർ എഞ്ചിനീയർ മുബാറക് അൽ അജ്മി എന്നിവരുടെ മേൽനോട്ടത്തിലാണ് പരിശോധന നടന്നത്. പരിശോധനകളില്‍ കെട്ടിട ദുരുപയോഗത്തിനും അനധികൃത നിർമാണത്തിനും 17 മുന്നറിയിപ്പുകൾ നൽകി. കൂടാതെ, സബാഹ് അൽ സലേം പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു കെട്ടിടത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും ചെയ്തു.
Read Also - പെരുന്നാള്‍ ദിനത്തില്‍ പൊള്ളി യുഎഇ; രാജ്യത്ത് രേഖപ്പെടുത്തിയത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന താപനില
പൊലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്ത സ്ത്രീ പിടിയിൽ; കേസെടുത്ത് കുവൈത്ത് പൊലീസ്
കുവൈത്ത് സിറ്റി: കുവൈത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ അതിക്രമം നടത്തിയ സ്വദേശി വനിത കസ്റ്റഡിയില്‍. സാൽമിയ മേഖലയിലാണ് സംഭവം. ഇന്ത്യക്കാരനായ ലോറി ഡ്രൈവർ വാഹനം ഇടിപ്പിച്ചതായി യുവതി ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്തതാണ് സംഭവത്തിന്‍റെ തുടക്കം.
വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയപ്പോൾ ഡ്രൈവറെ അറസ്റ്റ് ചെയ്യണമെന്ന് നാല്‍പ്പതുകാരിയായ സ്ത്രീ ആവശ്യപ്പെട്ടു. എന്നാൽ, പിന്നീട് അവർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താനും അധിക്ഷേപിക്കാനും ശാരീരികമായി ആക്രമിക്കാനും തുടങ്ങിയതോടെ സ്ഥിതിഗതികൾ വഷളായി. ഇതോടെ യുവതിയെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരെ മർദിച്ചതിനും അവരുടെ വീഡിയോ പകർത്തിയതിനുമാണ് കേസെടുത്തത്.