10 വര്‍ഷമായി ജോലി ചെയ്തിട്ടില്ല, മുടങ്ങാതെ ശമ്പളം വാങ്ങി നഴ്സ്! വൻ തുക സമ്പാദിച്ചു; പക്ഷേ കിട്ടിയത് മുട്ടൻ പണി
പരിശോധനകൾ കര്‍ശനമാക്കിയതോടെയാണ് ഇക്കാര്യം വെളിപ്പെടുന്നത്.
കുവൈത്ത് സിറ്റി: പത്ത് വര്‍ഷമായി ജോലി ചെയ്യാതെ ശമ്പളം വാങ്ങിയതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നഴ്സിന് തടവുശിക്ഷ. കുവൈത്തിലെ സ്വദേശി നഴ്സിനാണ് അഞ്ച് വര്‍ഷം കഠിന തടവിന് വിധിച്ചത്.
ഞായറാഴ്ചയാണ് ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. തടവുശിക്ഷക്ക് പുറമെ കനത്ത പിഴയും വിധിച്ചിട്ടുണ്ട്. 110,000 കുവൈത്തി ദിനാര്‍ (3 കോടി ഇന്ത്യന്‍ രൂപ) ആണ് പിഴ ചുമത്തിയിരിക്കുന്നത്. ഈ 10 വര്‍ഷം കൊണ്ട് ശമ്പള ഇനത്തില്‍ നഴ്സ് അനധികൃതമായി കൈപ്പറ്റിയ തുകയുടെ ഇരട്ടിയാണ് പിഴ ചുമത്തിയിരിക്കുന്നത്.
എങ്ങനെയാണ് നഴ്സ് ഈ തട്ടിപ്പ് നടത്തിയത് എന്നതിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കുവൈത്തിലെ പൊതുമേഖലയിലെ അഴിമതി കേസുകള്‍ കണ്ടെത്തുന്നതിന്‍റെ ഭാഗമായി നടത്തിയ കര്‍ശന പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തുന്നത്. അടുത്തിടെ കുവൈത്തിലെ പൊതുമേഖലയില്‍ സംഭവിച്ച ഏക ശമ്പള തട്ടിപ്പാണിത്. വിദ്യാഭ്യാസ മന്ത്രി ഡോ. ആഡെല്‍ അല്‍ അദ്വാനിയുടെ ഉത്തരവ് പ്രകാരം പുതിയ വിരലടയാള നിരീക്ഷണ സംവിധാനം ഉപയോഗിച്ച് അറ്റന്‍ഡന്‍സ് റെക്കോര്‍ഡുകള്‍ വീണ്ടും കര്‍ശനമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്.
സിവില്‍ സര്‍വീസ് ബ്യൂറോയുടെ ഡാറ്റാബേസുമായി നേരിട്ട് ബന്ധപ്പെടുത്തിയിരിക്കുന്നതാണ് ഈ സംവിധാനം. രാജ്യത്ത് നിന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ നാടുകടത്തപ്പെട്ട ചിലരുടെ ശമ്പളം നല്‍കിയതിലെ പൊരുത്തക്കേടും കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്ന് അഴിമതി തുടച്ചുനീക്കാനും കൃത്യത ഉറപ്പാക്കാനുമുള്ള വ്യാപക ശ്രമങ്ങളുടെ ഭാഗമായാണ് നടപടി. മന്ത്രാലയം സ്കൂളുകളും മറ്റ് വകുപ്പുകളിലും വ്യാപക പരിശോധനകള്‍ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം