പരിശോധന തുടരുന്നു; ഒരാഴ്ചക്കിടെ 3,000 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ പിന്‍വലിച്ചു

വർക്ക് പെർമിറ്റിലെ മാറ്റം മൂലം അല്ലെങ്കിൽ റെസിഡന്‍സി മറ്റൊരു തൊഴിൽ മേഖലയിലേക്ക് മാറ്റിയതിനാലാണ് ലൈസന്‍സ് പിന്‍വലിക്കപ്പെട്ടത്.

Kuwait withdraws 3000 driving licenses of expatriates

കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസ് പരിശോധന തുടരുന്നു. വ്യവസ്ഥകള്‍ ലംഘിച്ചതായി കണ്ടെത്തിയതിന് തുടര്‍ന്ന് ഒരാഴ്ചക്കിടെ മൂവായിരത്തോളം പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ റദ്ദാക്കിയതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വെളിപ്പെടുത്തി.

വർക്ക് പെർമിറ്റിലെ മാറ്റം മൂലം അല്ലെങ്കിൽ റെസിഡന്‍സി മറ്റൊരു തൊഴിൽ മേഖലയിലേക്ക് മാറ്റിയതിനാലാണ് ലൈസന്‍സ് പിന്‍വലിക്കപ്പെട്ടത്. പ്രവാസി ഡ്രൈവർമാരുടെ ലൈസൻസ് ഫയലുകൾ പരിശോധിക്കണമെന്ന് ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് നടപടികള്‍ സ്വീകരിച്ചത്. 

തൊഴിലിന്റെയോ ശമ്പളത്തിന്റെയോ അടിസ്ഥാനത്തിലുള്ള വ്യവസ്ഥകള്‍ പാലിക്കാത്തതിനാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടുകയായിരുന്നു. എല്ലാ ലൈസൻസുകളും അവലോകനം ചെയ്യുന്നതിന് കുറഞ്ഞത് രണ്ട് മാസമെങ്കിലും സമയമെടുക്കും. വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ലൈസൻസുകൾ ബ്ലോക്ക് ചെയ്യുകയും ഉടമയെ വിളിപ്പിക്കുകയും ചെയ്യും. വ്യക്തി ലൈസൻസ് കൈമാറിയില്ലെങ്കിൽ കുവൈത്ത് മൊബൈൽ ഐഡി വഴിയും സഹേൽ ആപ്ലിക്കേഷൻ വഴിയും അത് ബ്ലോക്ക് ചെയ്യപ്പെടുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Read More - ഈ രാജ്യത്ത് നിന്ന് കുവൈത്തിലേക്ക് എത്തുന്നവര്‍ക്ക് അധിക ഫീസ്; വ്യക്തമാക്കി അധികൃതര്‍

കുവൈത്തില്‍ മുൻ വർഷങ്ങളിൽ ഡ്രൈവിംഗ് ലൈസൻസ് നേടിയ പ്രവാസികളുടെ എല്ലാ രേഖകളും പരിശോധിക്കാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ കര്‍ശന നിർദ്ദേശം നൽകിയിരുന്നു. ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശിച്ചുള്ള നിയമങ്ങള്‍ ലംഘിച്ച് ലൈസന്‍സ് നേടിയവര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കുമെന്നും ലൈസന്‍സ് റദ്ദാക്കുമെന്നും ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് സെക്യൂരിറ്റി മീഡിയ വിഭാഗം നേരത്തെ അറിയിച്ചിരുന്നു.

Read More -  കര്‍ശന പരിശോധന തുടര്‍ന്ന് ട്രാഫിക് വിഭാഗം; മൂന്ന് മാസത്തിനിടെ 10,448 നിയമലംഘനങ്ങൾ

ലൈസൻസ് രജിസ്റ്റര്‍ പ്രകാരം രാജ്യത്ത് ഏകദേശം 14 ലക്ഷം ഡ്രൈവിംഗ് ലൈസൻസുകൾ ആണ് അനുവദിച്ചിട്ടുള്ളത്. അതില്‍ 800,000 ലൈസന്‍സുകള്‍ നേടിയിട്ടുള്ളത് പ്രവാസികളാണ്. ഏകദേശം 22 ലക്ഷം വാഹനങ്ങൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിന്റെ രേഖകൾ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുണ്ട്.

 

Latest Videos
Follow Us:
Download App:
  • android
  • ios