കുവൈത്ത് ദുരന്തം; എൻബിടിസി കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനി, പല സ്ഥലങ്ങളിൽ ലേബ‍ർ ക്യാമ്പുകൾ

കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിലൊന്നാണ് എൻബിടിസി. കുവൈത്തിന്‍റെ പലഭാ​ഗങ്ങളിലായി ഈ കമ്പനിക്ക് നിരവധി ലേബ‍ർ ക്യാമ്പുകളുമുണ്ട്.

kuwait fire accident nbtc is the biggest construction company in kuwait owner kg Abraham

കുവൈത്ത് സിറ്റി കുവൈത്തില്‍ ലേബര്‍ ക്യാമ്പിലുണ്ടായ ദുരന്തത്തിന്‍റെ നടുക്കത്തിലാണ് പ്രവാസലോകം. മലയാളികള്‍ ഉള്‍പ്പെടെ മരണപ്പെട്ട തീപിടിത്തമുണ്ടായത് പ്രവാസി മലയാളി വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയുടെ ലേബർ ക്യാംപിലാണ്.

കുവൈത്തിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ കമ്പനികളിലൊന്നാണ് എൻബിടിസി. കുവൈത്തിന്‍റെ പലഭാ​ഗങ്ങളിലായി ഈ കമ്പനിക്ക് നിരവധി ലേബ‍ർ ക്യാമ്പുകളുമുണ്ട്. ഇതില്‍ മംഗെഫ് മേഖലയിലെ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് ഇന്നലെ പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. 

പത്തനംതിട്ട തിരുവല്ല സ്വദേശിയായ കെ ജി എബ്രഹാമാണ് എൻബിടിസി കമ്പനിയുടെ മാനേജിം​ഗ് ഡയറക്ട‍ർ. എൻബിടിസി ഗ്രൂപ്പിന്‍റെ ഉടമകളിലൊരാൾ കൂടിയാണ് അദ്ദേഹം. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ക്രൗൺ പ്ലാസയുടെ ചെയ‍ർമാൻ കൂടിയാണ് കെ ജി എബ്രഹാം.  

കെജിഎ എന്ന ചുരുക്കപ്പേരിലാണ് കെജി എബ്രഹാം അറിയപ്പെടുന്നത്. 1977 മുതൽ കുവൈത്ത് ആസ്ഥാനമായി പ്രവ‍ർത്തിക്കുന്ന കെജിഎ ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമാണ് കെജി എബ്രഹാം. ക്രൂഡോയിൽ അനുബന്ധ വ്യവസായങ്ങളിൽ കെജിഎ ​ഗ്രൂപ്പിന് കുവൈത്തിലും മിഡിൽ ഈസ്റ്റിലും നിരവധി സ്ഥാപനങ്ങളുണ്ട്. കൂടാതെ വിദ്യാഭ്യാസം, ടൂറിസം, റിയൽ എസ്റ്റേറ്റ്, മാ‍ർക്കറ്റിം​ഗ്, ഓയിൽ തുടങ്ങിയ വിവിധ മേഖലകളിലായി മറ്റ് നിരവധി വ്യവസായങ്ങളും അദ്ദേഹത്തിനുണ്ട്. പല സ്റ്റാ‍ർട്ടപ്പ് കമ്പനികളിലും കെജിഎ ​ഗ്രൂപ്പ് സമീപകാലത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്.

Read Also - കുവൈത്ത് തീപിടിത്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം നൽകും, രണ്ട് ലക്ഷം പ്രഖ്യാപിച്ച് രവി പിള്ള

അതേസമയം തീപിടിത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസഫലിയും പ്രവാസി വ്യവസായി രവി പിള്ളയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.  മരിച്ചവരുടെ കുടുംബങ്ങൾക്ക് യൂസഫലി അഞ്ച് ലക്ഷം രൂപയും രവി പിള്ള രണ്ട് ലക്ഷം രൂപയും വീതം നൽകും. സഹായസന്നദ്ധത മുഖ്യമന്ത്രിയെ അറിയിച്ചു. നോർക്ക വഴിയാണ് സഹായം നൽകുക.

തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അടിയന്തിരമായി കുവൈത്തിലേക്ക് യാത്ര തിരിക്കും. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ (എന്‍എച്ച്എം) ജീവന്‍ ബാബുവും മന്ത്രിയെ അനുഗമിക്കും. പരിക്കേറ്റ മലയാളികളുടെ ചികിത്സ, മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായാണ് ഇവര്‍ കുവൈത്തില്‍ പോകുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios