എത്ര മലയാളികൾ മരിച്ചെന്ന് സ്ഥിരീകരിക്കാനായിട്ടില്ല; എല്ലാ സഹായവും ഉറപ്പാക്കുമെന്ന് കേന്ദ്ര മന്ത്രി
അപകടത്തിൽ പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ഉറപ്പു വരുത്തുമെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു.
ദില്ലി: കുവൈത്ത് സിറ്റിയിലെ കെട്ടിട സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടുത്തം അതീവ സങ്കടകരമാണെന്നും ദുരന്തത്തില്‍ ജീവൻ നഷ്ടമായവരുടെ കുടുംബാംഗങ്ങളുടെ ദുഖത്തില്‍ പങ്കുചേരുകയാണെന്നും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ പറഞ്ഞു. അപകടത്തിൽ ജീവൻ നഷ്ടമായവരിൽ നിരവധി മലയാളികൾ ഉണ്ടെന്നത് നടുക്കം വർദ്ധിപ്പിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങൾ എത്രയുംവേഗം നാട്ടിലെത്തിക്കും.
എത്ര മലയാളികൾ മരിച്ചെന്ന് സ്ഥിരീകരിച്ച വിവരം ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി നേരിട്ട് യോഗം വിളിച്ച് സ്ഥിതി വിലയിരുത്തിയിട്ടുണ്ട്. കേന്ദ്രസർക്കാർ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യൻ പറഞ്ഞു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവർ എത്രയും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ്. പ്രധാനമന്ത്രിയുടെ നിർദേശ പ്രകാരം വിദേശ കാര്യ സഹമന്ത്രി കുവൈത്തിലേക്ക് തിരിച്ചിട്ടുണ്ട്. അപകടത്തിൽ പെട്ടവർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും കേന്ദ്ര സർക്കാർ ഉറപ്പു വരുത്തുമെന്നും ജോര്‍ജ് കുര്യൻ പറഞ്ഞു.