നടുക്കിയ ദുരന്തം; 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, തീപിടിത്തം ഉറക്കത്തിനിടെ, 46 ഇന്ത്യക്കാർ ചികിത്സയിൽ
മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി
കുവൈത്ത് സിറ്റി: കുവൈത്തിനെ നടുക്കിയ ലേബര്‍ ക്യാമ്പ് തീപിടിത്തത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മുഴുവൻ പേരും ഉറക്കത്തിലായിരുന്നപ്പോഴാണ് തീ പടര്‍ന്നു പിടിച്ചത്. 20 ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാൻ ഉള്ള വ്യഗ്രതയിൽ തിക്കും തിരക്കും ഉണ്ടായി. രക്ഷപ്പെടാനായി കെട്ടിടത്തിനു പുറത്തേക്ക് ചാടി നട്ടെല്ലിന് പരിക്ക് പറ്റിയ നിരവധി പേർ ചികിത്സയിലാണ്. അഞ്ച് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർക്കും പരിക്കേറ്റു. ആകെ 46 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.
തീപിടിത്തത്തില്‍ മരിച്ചവരിൽ 21 ഇന്ത്യക്കാരാണ്. 11 പേർ മലയാളികളാണ്. ഇതില്‍ ഒരാള്‍ കൊല്ലം സ്വദേശിയാണ്. കൊല്ലം പൂയപ്പള്ളി പയ്യക്കോട് സ്വദേശി ഷമീർ ആണ് മരിച്ചത്. നിലവിൽ കൊല്ലം-ആലപ്പുഴ ജില്ലാ അതിർത്തിയിൽ വയ്യാങ്കരയിലാണ് താമസം. 46 ഇന്ത്യക്കാരാണ് ചികിത്സയിലുള്ളത്.അൽ അദാൻ ആശുപത്രിയിൽ മാത്രം 30 ഇന്ത്യക്കാർ ചികിത്സയിലുണ്ട്. അൽ കബീർ ആശുപത്രിയിൽ ചികിത്സയിലുള്ളത് ആകെ 11 പേരാണ്. 10 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്യും. ഫർവാനിയ ആശുപത്രിയിൽ 6 പേർ ചികിത്സയിലുണ്ട്. 4 പേരെ ഡിസ്ചാർജ് ചെയ്‌തു. പരിക്ക് പറ്റി ചികിത്സയിൽ ഉള്ളവർ മിക്കവരും ഇന്ത്യക്കാരാണ്. മുഴുവൻ സഹായവും നൽകുമെന്ന് അംബാസഡര്‍ അറിയിച്ചു.
കുവൈത്തില്‍ തീപിടിത്തത്തില്‍ മരണപ്പെട്ടവര്‍ക്ക് യുഎഇ ആദരാഞ്ജലികൾ നേർന്നു. അതേസമയം വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്ക് എതിരെ നടപടിയെടുത്തതായി റിപ്പോര്‍ട്ട്. മുതിർന്ന ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്.
Read Also - കുവൈത്ത് തീപിടിത്തം; മരണസംഖ്യ 41 ആയി ഉയര്‍ന്നു, ആഭ്യന്തരമന്ത്രി നേരിട്ട് സ്ഥലത്തെത്തി
തീപിടിത്തമുണ്ടായത് മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ ജീവനക്കാർ താമസിച്ച ഫ്ലാറ്റിലാണ്. മാംഗെഫിൽ എൻബിടിസി കമ്പനിയുടെ നാലാം നമ്പർ ക്യാംപിലാണ് അഗ്നിബാധയുണ്ടായത്. പുലർച്ചെ നാലിനാണ് തീപിടിത്തമുണ്ടായത്.