35 വർഷമായി പ്രവാസി; ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശി റിയാദിൽ മരിച്ചു
35 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന മലയാളിയാണ് ഹൃദയാഘാതം മൂലം മരിച്ചത്.
റിയാദ്: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. കേളി കലാ സാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം കോഴിക്കോട് ഫാറൂഖ് കോളേജ് പവിത്രം വീട്ടിൽ ബലരാമൻ മാരിമുത്തു (58) ആണ് ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ മരിച്ചത്. പരേതരായ മാരിമുത്ത് - ലക്ഷ്മി ദമ്പതികളുടെ മകനാണ്.
കഴിഞ്ഞ 35 വർഷമായി റിയാദ് സുലൈ എക്സിറ്റ് 18 ൽ സഹോദരനോടൊപ്പം ബാർബർ ഷോപ്പ് നടത്തി വരികയായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ നെഞ്ചുവേദന അനുഭവപ്പെട്ട ബലരാമനെ സഹോദരനും കേളി പ്രവർത്തകരും ചേർന്ന് അൽഖർജ് റോഡിലുള്ള അൽ റബിഅ ആശുപത്രിയിൽ എത്തിച്ചു. അവിടെ പ്രവേശിപ്പിച്ച് ചികിത്സയിൽ തുടരവേ പിറ്റേന്ന് രാത്രി വീണ്ടും ഹൃദയ സ്തംഭനം ഉണ്ടായി മരിക്കുകയായിരുന്നു.
Read Also - ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി സൗദിയിൽ മരിച്ചു
റിയാദ് മഅറദ് യൂനിറ്റ് സെക്രട്ടറി, ഏരിയ ട്രഷറർ, സുലൈ രക്ഷാധികാരി സമിതി അംഗം തുടങ്ങിയ കേളിയുടെ വിവിധ ഭാരവാഹി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഏരിയ ട്രഷറർ ചുമതല വഹിച്ചുവരികയായിരുന്നു. ജീവിതപങ്കാളി: രതി. മക്കൾ: ഹൃദ്യ, ഹരിത, ഹൃദയ്. മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം