മകനെ കണ്ടു, ഒന്നിച്ച് ചായ കുടിച്ചു; എത്രയും വേഗം മകൻ തിരികെ എത്തണമെന്നാണ് ആഗ്രഹമെന്ന് റഹീമിന്റെ ഉമ്മ
റിയാദിലെ ജയിലിലെത്തിയാണ് ഉമ്മയും സഹോദരനും അമ്മാവനും ഉൾപ്പെട്ട സംഘം റഹീമിനെ കണ്ടത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച.
റിയാദ്: എത്രയും വേഗം മകൻ തിരികെ എത്തണമെന്നാണ് ആഗ്രഹമെന്ന് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്‍റെ ഉമ്മ ഫാത്തിമ. മകനെ സന്തോഷത്തോടെ കണ്ടുമുട്ടി പിരിഞ്ഞെന്ന് ഫാത്തിമ പറഞ്ഞു. ഏറെ നാളുകള്‍ക്ക് ശേഷം മകനെ കണ്ടുവെന്നും ഒന്നിച്ചു ചായ കുടിച്ചെന്നും ഫാത്തിമ പ്രതികരിച്ചു. നീണ്ട 18 വർഷങ്ങള്‍ക്ക് ശേഷമാണ് ഉമ്മയും ബന്ധുക്കളും ഇന്ന് റഹീമിനെ കണ്ടത്.
നേരത്തെ കാണാൻ വിസമ്മതിച്ച റഹീം പിന്നീട് കൂടിക്കാഴ്ച്ചയ്ക്ക് സമ്മതിക്കുകയായിരുന്നു. റിയാദിലെ ജയിലിലെത്തിയാണ് ഉമ്മയും സഹോദരനും അമ്മാവനും ഉൾപ്പെട്ട സംഘം റഹീമിനെ കണ്ടത്. 18 വർഷത്തിനിടെ ആദ്യമായാണ് കുടുംബവുമായുള്ള റഹീമിന്റെ കൂടിക്കാഴ്ച. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയ ഫാത്തിമ റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് റഹീമിനെ കണ്ടത്. കൂടിക്കാഴ്ച്ച അര മണിക്കൂറോളം നീണ്ടു. ഇന്ത്യൻ എംബസിയിലും റഹീമിന്റെ ഉമ്മ എത്തിയിരുന്നു. നേരത്തെ ജയിലിലെത്തി ആരും തന്നെ കാണെണ്ടല്ലെന്നായിരുന്നു റഹീമിന്റെ നിലപാട്. പിന്നീട് പല തലത്തിലുണ്ടായ ഇടപെടലിന് ശേഷമാണ് കൂടിക്കാഴ്ച്ച നടന്നത്.
ഉമ്മയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൗദിയിലെത്തിയെങ്കിലും ഇവരെ റഹീം കണ്ടിരുന്നില്ല. ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്. ഈ മാസം 17നാണ് റഹീമിന്റെ മോചന ഉത്തരവ് സംബന്ധിച്ച ഫയൽ കോടതി പരിഗണിക്കുന്നത്. നേരത്തെ ഫയൽ പരിഗണിച്ച കോടതി ഇത് 17ലേക്ക് മാറ്റുകയായിരുന്നു. അന്ന് നിർണായക ഉത്തരവുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം