മരണമെത്തിയത് നടുവേദനയുടെ രൂപത്തിൽ, ചികിത്സ തുടങ്ങാനിരിക്കെ അപ്രതീക്ഷിത വേർപാട്; വേദനയോടെ പ്രിയപ്പെട്ടവർ
പെറ്റ്‌സ്‌കാനിനായി കാത്തിരിക്കുന്നതിനിടെ ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. ഉടന്‍ തന്നെ പാലിയേറ്റീവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.
ലണ്ടന്‍: മലയാളി നഴ്‌സ് ലണ്ടനില്‍ നിര്യാതയായി. കണ്ണൂര്‍ സ്വദേശിനി ജെസ് എഡ്വിന്‍ (38) ആണ് മരിച്ചത്. ലണ്ടനിലെ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്ത് വരികയായിരുന്നു.
കഴിഞ്ഞയാഴ്ചയാണ് ജെസിന് സ്തനാര്‍ബുദം സ്ഥിരീകരിച്ചത്. ഇതിന് ചികിത്സ ആരംഭിക്കാനാരിക്കെയാണ് കടുത്ത നടുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പെറ്റ്‌സ്‌കാനിനായി കാത്തിരിക്കുന്നതിനിടെ ആരോഗ്യ സ്ഥിതി വഷളാകുകയായിരുന്നു. ഉടന്‍ തന്നെ പാലിയേറ്റീവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു. രണ്ട് വര്‍ഷം മുമ്പാണ് ജെസ് യുകെയിലെത്തിയത്. ലണ്ടന് സമീപം വോക്കിങിലെ ഫ്രിംലിയിലായിരുന്നു താമസം. സഹപ്രവര്‍ത്തകര്‍ക്ക് ഇടയില്‍ പ്രിയങ്കരിയായ ജെസ് പള്ളി ക്വയര്‍ ടീമിലും അംഗം ആയിരുന്നു. ജെസിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് സുഹൃത്തുക്കളും സഹപ്രവര്‍ത്തകരും.
Read Also - മകന്‍ കാനഡയില്‍ വാഹനാപകടത്തില്‍ മരിച്ചു; പിന്നാലെ ഡോക്ടറായ അമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി
വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതില്‍ തകർന്നുവീണ് പ്രവാസിക്ക് ദാരുണ മരണം, നാലു പേർക്ക് ഗുരുതര പരിക്ക്
റിയാദ്: സൗദി അറേബ്യയിൽ പള്ളിയുടെ വാതിൽ തകർന്നുവീണ് ഇന്ത്യാക്കാരൻ മരിച്ചു. റിയാദ് വിമാനത്താവളത്തോട് ചേർന്നുള്ള പള്ളിയിലുണ്ടായ സംഭവത്തിൽ ബീഹാർ ദർഭംഗ സ്വദേശി മുഹമ്മദ് മുസ്തഫ ആലം (51) ആണ് മരിച്ചത്.
കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പള്ളിയുടെ ഇരുമ്പുവാതിലാണ് വീണത്. അതിനടിയിൽപെട്ട് തൽക്ഷണം മരിച്ചു. മറ്റ് നാലു പേർക്ക് ഗുരുതരമായി പരിക്കേറ്റു. സമീപത്ത് 25 ഓളം തൊഴിലാളികളുണ്ടായിരുന്നു. പരിക്കേറ്റ മൂന്നു പേരെ ആസ്റ്റർ സനദ് ആശുപത്രിയിലും മറ്റൊരാളെ അൽ മുവാസാത്ത് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അതേസമയം കഴിഞ്ഞ ദിവസം മലയാളി അധ്യാപിക അബുദാബിയിൽ മരണപ്പെട്ടിരുന്നു. അരൂർ ഒന്നാം വാർഡിൽവേലിക്കകത്ത് ഹനീഷിൻ്റെ ഭാര്യ നിഷാ ഹനീഷ് (42) ആണ് മരിച്ചത്. മെനഞ്ചയിറ്റിസ് അസുഖത്തെ തുടർന്ന് അബുദാബിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. അബുദാബി ഭവൻസ് വിദ്യാമന്ദിർ സ്കൂൾ അധ്യാപികയായിരുന്നു നിഷാഹനീഷ്. ഭർത്താവ് ഹനീഷ് അബുദാബി ബവൻസ്, വിദ്യാമന്ദിറിലെ ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപകനാണ്. മക്കൾ: നേഹ ഹനീഷ് പ്ലസ് വൺ വിദ്യാർഥിയാണ്. ഇളയമകൾ നേത്ര ഹനീഷ് രണ്ടാം ക്ലാസ് വിദ്യാർഥിയാണ്. ഇരുവരും അബുദാബി ഭവൻസ് വിദ്യാമന്ദിറിലെ വിദ്യാർത്ഥികളാണ്. സംസ്കാരം ശനിയാഴ്ച്ച ഉച്ചയോടുകൂടി നാട്ടിൽ നടക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...