കൊവിഡും ലോക്ക് ഡൗണും; പ്രവാസി മലയാളികളില്‍ മാനസിക പിരിമുറുക്കം വര്‍ധിക്കുന്നെന്ന് വിലയിരുത്തല്‍
കഴിഞ്ഞ കുറച്ചു നാളുകളായി ഗള്‍ഫ് നാടുകളില്‍ ഹൃദയാഘാതം മൂലം നിരവധി മലയാളികളാണ് മരണമടഞ്ഞത്. നാട്ടിലേക്ക് എത്തുന്നതിലെ കാലതാമസവും ഭാവി ജീവിതത്തെ കുറിച്ചുള്ള ആശങ്കയുമാണ് ഇവരുടെ മാനസിക സമ്മര്‍ദ്ദം ഉയരുന്നതിന്‍റെ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുടെ വ്യാപനവും തുടര്‍ന്നുണ്ടായ ലോക്ക് ഡോണും മൂലം പ്രവാസി മലയാളികളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്നതായി വിലയിരുത്തല്‍. കുടുംബവുമായി ഏറെ ആത്മബന്ധം പുലര്‍ത്തുന്ന മലയാളികള്‍ക്ക് ഈ പ്രതിസന്ധി കാലഘട്ടം മാനസികമായി ഏറെ പ്രായാസമുണ്ടാക്കുന്നുവെന്നാണ് കൗണ്‍സലിങ് മേഖലയില്‍ ഉള്‍പ്പെടെയുള്ള വിദഗ്ധരുടെ അഭിപ്രായം.
ജോലിയും വരുമാനവും ഇല്ലാതായി വിദേശത്ത് കഴിയേണ്ടി വരുമ്പോള്‍ ഭാവി ജീവിതത്തെപ്പറ്റിയുള്ള ആശങ്കകളും ഇവരെ അലട്ടുന്നു. ജോലിനഷ്ടമായതിലുള്ള വിഷമവും ഉറ്റവരെ പിരിഞ്ഞിരിക്കേണ്ടി വരുന്നതിന്റെ പ്രയാസവും പ്രവാസി മലയാളികളെ കൂടുതല്‍ മാനസിക പിരിമുറുക്കത്തിലാക്കുന്നതായാണ് വിലയിരുത്തല്‍. മറ്റ് നാടുകളിലുള്ളവരേക്കാള്‍ കുടുംബ ബന്ധങ്ങള്‍ക്ക് കൂടുതല്‍ വില കല്‍പ്പിക്കുന്നതാണ് മലയാളികളുടെ പൊതുസ്വഭാവം. എന്നാല്‍ ഈ പ്രതിസന്ധി കാലത്ത് പ്രിയപ്പെട്ടവരുടെ അടുത്ത് എത്താന്‍ കഴിയാതെ വരുന്നത് ഗള്‍ഫ് നാടുകളിലെ മലയാളികളെ പ്രയാസത്തിലാക്കുന്നു.
മാത്രമല്ല കുവൈത്തിലുള്ള ഇന്ത്യക്കാര്‍ക്ക് പൊതുമാപ്പ് ലഭിച്ചിട്ടും തിരികെ നാട്ടിലെത്താനുള്ള വിമാന സര്‍വ്വീസിലെ കാലതാമസവും മറ്റും അവിടെയുള്ള മലയാളികള്‍ക്ക് കടുത്ത മാനസിക പ്രയാസങ്ങള്‍ സൃഷ്ടിക്കുകയാണ്. തിരിച്ചു നാട്ടിലെത്താന്‍ എന്ന് സാധിക്കുമെന്ന് പോലും അറിയാതെയാണ് കുവൈത്തിലെ ക്യാമ്പുകളില്‍ ഉള്‍പ്പെടെ പ്രവാസി മലയാളികള്‍ കഴിയുന്നത്.
കഴിഞ്ഞ കുറച്ചു നാളുകളായി ഗള്‍ഫ് നാടുകളില്‍ ഹൃദയാഘാതം മൂലം നിരവധി മലയാളികളാണ് മരണമടഞ്ഞത്. നാട്ടിലേക്ക് എത്തുന്നതിലെ കാലതാമസവും ഭാവി ജീവിതത്തെ കുറിച്ചുള്ള ആശങ്കയുമാണ് ഇവരുടെ മാനസിക സമ്മര്‍ദ്ദം ഉയരുന്നതിന്‍റെ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദം ഉയരുന്നത് ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നു.
അതേസമയം ലോകം മുഴുവന്‍ കൊവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ സാഹചര്യത്തെ ഉള്‍ക്കൊള്ളാന്‍ പ്രവാസികള്‍ തയ്യാറാകണമെന്നാണ് കൗണ്‍സിലിങ് രംഗത്തുള്ളവര്‍ പറയുന്നത്. മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവര്‍ക്കായി ഗള്‍ഫ് നാടുകളില്‍ വിവിധ സന്നദ്ധ സംഘടനകള്‍ സൗജന്യ കൗണ്‍സലിങ് സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. അവശ്യ ഘട്ടങ്ങളില്‍ പ്രവാസികള്‍ക്ക് ഇവരുടെ സഹായം തേടാവുന്നതാണ്. കൊവിഡിനെ അതിജീവിക്കാന്‍ മാനസികമായും തയ്യാറെടുക്കണമെന്നും ജാഗ്രതാ നിര്‍ദ്ദേശങ്ങളും മുന്‍കരുതല്‍ നടപടികളും അനുസരിച്ച് ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതില്‍ വിദേശത്ത് ജീവിക്കേണ്ടി വരുന്ന മലയാളികള്‍ ശ്രദ്ധ നല്‍കണമെന്നും കൗണ്‍സലിങ് മേഖലയിലുള്ളവര്‍ ഓര്‍മപ്പെടുത്തുന്നു.