പ്രിയതമനെ അവസാനമായി കാണാനായില്ല; സംസ്കാര ചടങ്ങുകള്‍ കണ്ടത് വീഡിയോ കോളിലൂടെ, കണ്ണീരോടെ ബിജിമോള്‍ മടങ്ങി
മൂന്നു ലക്ഷം രൂപ പലിശയ്‌ക്കെടുത്താണ് ബിജിമോള്‍ വിസയ്ക്കുള്ള പണം ഏജന്റിന് നല്‍കിയത്. ആയുര്‍വേദിക് ഹെല്‍ത്ത് കെയറിലെ ജോലിയാണെന്നാണ് ബിജിമോളോട് ഏജന്‍റ് പറഞ്ഞിരുന്നത്. എന്നാല്‍ ദുബായിലെത്തിയപ്പോഴാണ് മറ്റൊരു സ്ഥാപനത്തിലാണ് ജോലിയെന്ന് മനസ്സിലാക്കിയത്.
ദുബായ്: അവസാനമായി പ്രിയതമനെ ഒരു നോക്ക് കാണാനാകാത്ത വേദന ഉള്ളിലടക്കി ബിജിമോള്‍ നാട്ടിലെത്തി. ജോലി തേടി യുഎഇയിലെത്തിയ എറണാകുളം കളമശ്ശേരി സ്വദേശി ബിജിമോളുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കൊവിഡ് മഹാമാരി ഏല്‍പ്പിച്ച ആഘാതം ജീവിതം തന്നെ തകിടം മറിക്കുന്നതായിരുന്നു. മാസങ്ങള്‍ക്ക് ശേഷം വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി വ്യാഴാഴ്ച ദുബായില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട വിമാനത്തിലാണ് ബിജിമോള്‍ക്ക് നാട്ടിലേക്കുള്ള മടക്കം സാധ്യമായത്.
13 വര്‍ഷം ഭര്‍ത്താവ് ജോലി ചെയ്ത ദുബായിലേക്ക് ജോലി തേടി യാത്ര പുറപ്പെടുമ്പോള്‍ പ്രിയപ്പെട്ടവരെ പിരിയുന്നതിന്റെ ദുഃഖമുണ്ടെങ്കിലും അര്‍ബുദ ബാധിതനായി നാട്ടില്‍ കഴിയുന്ന ഭര്‍ത്താവ് ശ്രീജിതിന്റെ ചികിത്സയ്ക്കുള്ള പണവും മൂന്ന് പെണ്‍മക്കളുടെ വിദ്യാഭ്യാസവുമായിരുന്ന ബിജിമോളുടെ മനസ്സില്‍. യുഎഇ താമസ വിസയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഏജന്റ് നല്‍കിയത് സന്ദര്‍ശക വിസയാണെന്ന് യുഎഇയിലെത്തിയപ്പോഴാണ് ബിജിമോള്‍ അറിയുന്നത്. മൂന്നു ലക്ഷം രൂപ പലിശയ്‌ക്കെടുത്താണ് ബിജിമോള്‍ വിസയ്ക്കുള്ള പണം ഏജന്റിന് നല്‍കിയത്. ആയുര്‍വേദിക് ഹെല്‍ത്ത് കെയറിലെ ജോലിയാണെന്നാണ് ബിജിമോളോട് ഏജന്‍റ് പറഞ്ഞിരുന്നത്. എന്നാല്‍ ദുബായിലെത്തിയപ്പോഴാണ് മറ്റൊരു സ്ഥാപനത്തിലാണ് ജോലിയെന്ന് മനസ്സിലാക്കിയത്. തുടരാന്‍ കഴിയാതെ മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ജോലി അവസാനിപ്പിച്ചു. കൊവിഡ് വ്യാപനത്തോടെ നാട്ടിലേക്കുള്ള മടക്കയാത്രയും മുടങ്ങി.
ഇതിനിടെ രോഗം മൂര്‍ച്ഛിച്ച ഭര്‍ത്താവിനെ വീഡിയോ കോളിലൂടെ മാത്രം കണ്ടു. 15, എട്ട്, അഞ്ച് വയസ്സ് പ്രായമുള്ള മക്കളെ വിദൂരത്തിരുന്ന് കൊണ്ട് ആശ്വസിപ്പിച്ചു. മാര്‍ച്ച് 23 ന് ഇവരുടെ വിവാഹ വാര്‍ഷിക ദിനത്തിന്‍റെ തലേന്നാണ് ഭര്‍ത്താവ് ശ്രീജിത് മരിച്ചത്. മരണാനന്തര ചടങ്ങുകള്‍ക്ക് നാട്ടിലെത്താനോ ഭര്‍ത്താവിനെ ഒരു നോക്ക് കാണാനോ കൊവിഡ് ലോക്ക് ഡൗണിനിടെ ബിജിമോള്‍ക്ക് സാധിച്ചില്ല. വീഡിയോ കോളിലൂടെ മാത്രം സംസ്‌കാര ചടങ്ങുകള്‍ കണ്ടു.
ജോലിയോ പണമോ ഇല്ലാതെ ദുരിതമനുഭവിച്ച ബിജിമോള്‍ക്ക് നോര്‍ക്ക പ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി സുമനസ്സുകള്‍ സഹായം വാഗ്ദാനം ചെയ്തുകൊണ്ട് രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍, ആരോഗ്യമന്ത്രി കെ കെ ശൈലജ, നോര്‍ക്ക റൂട്ട്സ് സിഇഒ ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവരുടെ ഇടപെടലുകളാണ് ബിജിമോളുടെ മടക്കയാത്ര വേഗത്തിലാക്കിയത്. ഒടുവില്‍ ദുരിത ദിനങ്ങള്‍ക്ക് ശേഷം സഹായം നല്‍കിയ എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടാണ് ബിജിമോള്‍ നാട്ടിലേക്കുള്ള വിമാനം കയറിയത്.