ഭര്‍ത്താവ് ചതിച്ചു, ജയിലിലായി; കോടികളുടെ ബാധ്യത പേറി തെരുവിലേക്ക്, പ്രവാസി സ്ത്രീയുടെ സിനിമയെ വെല്ലുന്ന ജീവിതം
എട്ടുമാസത്തിലേറെയാണ് ഇവര്‍ ബര്‍ദുബായി വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലഫോണ്‍ബൂത്തിലാണ് രാപ്പകലുകള്‍ തള്ളി നീക്കിയത്. ഒരുകാലത്ത് മികച്ച ജീവിതം നയിച്ച അവര്‍ തൊട്ടടുത്തെ പൊതുശൗചാലയത്തില്‍ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ച് പരിസരം വൃത്തിയാക്കി കിട്ടുന്ന തുച്ഛമായ കൂലികൊണ്ട് വിശപ്പടക്കി.
ഭര്‍ത്താവ് കാരണം എല്ലാ സൗഭാഗ്യങ്ങളും കൈവിട്ട്, കടക്കെണിയിലായി ദുബൈയിലെ തെരുവില്‍ പബ്ലിക് ടെലിഫോണ്‍ ബൂത്തില്‍ അഭയം തേടേണ്ടി വന്ന മലയാളി സ്ത്രീയുടെ അനുഭവകഥ ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ അരുണ്‍ രാഘവന്‍ പങ്കുവെക്കുന്നു.
ദുബൈ: കൃത്യമായി തീയതി ഓർമ്മയില്ല, പക്ഷെ 2021 ജനുവരിയിലാണെന്നറിയാം. ഒരു ദിവസം വൈകീട്ട് ദുബൈ കരാമയില്‍ നിന്ന് ഒരു ചെറുപ്പക്കാരന്‍റെ ഫോണ്‍വിളി വന്നു. ചേട്ടാ കരാമ പാര്‍ക്കില്‍ ഒരു സ്ത്രീ അവശയായി അലയുന്നു, മലയാളിയാണെന്നു തോന്നുന്നു പക്ഷേ ഇംഗ്ലീഷ് മാത്രമേ സംസാരിക്കുന്നുള്ളൂ. ഒന്നും വിട്ടു പറയുന്നില്ല ഭര്‍ത്താവ് ചതിച്ചിട്ട് ജയിലിലായിരുന്നുവെന്ന് മാത്രം സംസാരിച്ചതില്‍ നിന്നും മനസ്സിലായി.റോഡരികിലാണത്രെ താമസം!.
ഞാന്‍ അവരുടെ ഫോണ്‍ നമ്പര്‍ വാങ്ങാന്‍ വിളിച്ച ചെറുപ്പക്കാരനോട് ആവശ്യപ്പെട്ടു. പക്ഷേ അവരുടെ കൈയില്‍ ഫോണില്ലെന്നായിരുന്നു മറുപടി. എന്നാല്‍ താങ്കളുടെ ഫോണ്‍ കൊടുക്ക്, ആ സ്ത്രീ ഫോണ്‍ വാങ്ങാനോ സംസാരിക്കാനോ കൂട്ടാക്കിയില്ല. കോണ്‍സുലേറ്റിലോ ഏതെങ്കിലും സംഘടനകളുടെ സഹായത്തോടെയോ നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കാം, വിഷമിക്കേണ്ടെന്ന് അവരോട് പറയാന്‍ പറഞ്ഞപ്പോള്‍. അവര്‍ക്ക് നാട്ടില്‍ പോകേണ്ടത്രേ. ഒന്നു ഒഴിഞ്ഞുപോകാമോ.. താങ്കളുടെ ദയവൊന്നും വേണ്ടായെന്ന് ആ ചെറുപ്പക്കാരനോട് പറഞ്ഞ് സ്ത്രീ നടന്നകന്നു.
മാസങ്ങള്‍ക്കിപ്പുറം കായംകുളം എന്‍.ആര്‍.ഐ അസോസിയേഷന്‍ പ്രതിനിധി അജിത് വിളിക്കുന്നു, ബര്‍ദുബായി തെരുവില്‍ ഒരു സ്ത്രീ കഴിയുന്നുണ്ട്, ഒരു വാര്‍ത്ത ചെയ്താല്‍ എവിടുന്നെങ്കിലുമൊക്കെ സഹായം വരില്ലേ? അവര്‍ രക്ഷപ്പെട്ടോളും എന്നു പറയാനായിരുന്നു കാള്‍. നാളെ രാവിലെ തന്നെ കാണാമെന്ന് പറഞ്ഞ് സംസാരം നിര്‍ത്തിയെങ്കിലും ഉടന്‍ അജിത് തിരിച്ചു വിളിച്ചു. അരുണേ അവര്‍ക്ക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വരാന്‍ താല്‍പര്യമില്ലത്രേ. പറഞ്ഞു വന്നപ്പോള്‍ അന്ന് കരാമയില്‍ നിന്ന് ചെറുപ്പക്കാരന്‍ വിളിച്ചു പറഞ്ഞ അതേ വ്യക്തിയാണെന്ന് മനസ്സിലായി. ഏതായാലും അവര്‍ കഴിയുന്നിടത്തെ ലൊക്കേഷന്‍ എന്‍റെ വാട്സാപ്പിലേക്ക് ഷെയര്‍ ചെയ്തിട്ടേക്കാൻ അജിതിനോട് പറഞ്ഞു.
സാധാരണക്കാരിയല്ല അവരെന്ന് രണ്ടുപേരുടേയും സംസാരത്തില്‍ നിന്ന് മനസ്സിലായ സാഹചര്യത്തില്‍ നേരെ ബര്‍ദുബൈയ്ക്ക് വച്ചുപിടിച്ചു. തിരുവനന്തപുരം സ്വദേശി അനിതാബാലുവാണ് കഥാ നായിക. ഉയര്‍ച്ചയില്‍ നിന്ന് തെരുവിലേക്ക് തകര്‍ന്നടിഞ്ഞു വീണ നാല്‍പത്തിയഞ്ചുകാരി. എട്ടുമാസത്തിലേറെയാണ് ഇവര്‍ ബര്‍ദുബായി വഴിയോരത്തെ ഒഴിഞ്ഞ പബ്ലിക് ടെലഫോണ്‍ബൂത്തിലാണ് രാപ്പകലുകള്‍ തള്ളി നീക്കിയത്. ഒരുകാലത്ത് മികച്ച ജീവിതം നയിച്ച അവര്‍ തൊട്ടടുത്തെ പൊതുശൗചാലയത്തില്‍ പ്രഭാതകൃത്യങ്ങള്‍ നിര്‍വഹിച്ച് പരിസരം വൃത്തിയാക്കി കിട്ടുന്ന തുച്ഛമായ കൂലികൊണ്ട് വിശപ്പടക്കി.
ബിസിനസ്സില്‍ ഭര്‍ത്താവ് ബാലു വരുത്തിവച്ച കടങ്ങളാണ് ഈ യുവതിയെ പെരുവഴിയിലാക്കിയത്. കച്ചവട ആവശ്യത്തിനായി വിവിധ ബാങ്കുകളില്‍ നിന്ന് വന്‍ തുക വായ്പയെടുത്ത ഭര്‍ത്താവ് അതിനെല്ലാം ജാമ്യം നിര്‍ത്തിയത് ബിസിനസില്‍ പങ്കാളി കൂടിയായ ഭാര്യയെ.
ലോണ്‍ തിരിച്ചടവ് മുടങ്ങിയപ്പോള്‍ 'സ്നേഹ നിധി'യായ ബാലു അനിതയെ ഉപേക്ഷിച്ച് ഇളയ മകനുമായി നാട്ടിലേക്ക് കടന്നു!
എന്നാൽ ഒരുകാലത്ത് എല്ലാ സൗഭാഗ്യങ്ങളും സമ്മാനിച്ച യുഎഇയെയോ ബാങ്കുകളേയോ പറ്റിച്ച് നാട്ടിലേക്കില്ലെന്ന തീരുമാനം അനിതയെ ഈ നാട്ടില്‍ പിടിച്ചു നിര്‍ത്തി. മൂത്തമകനെ ഒപ്പം ചേര്‍ത്ത അവര്‍ പ്രതിസന്ധികളെ മറികടക്കാന്‍ ആവത് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തിരിച്ചടവുകള്‍ മുടങ്ങിയപ്പോള്‍ ബാങ്കുകള്‍ ഓരോന്നായി കേസുകള്‍ ഫയല്‍ ചെയ്തു തുടങ്ങി. ഒടുവില്‍ പോലീസിന് മുന്നിൽ കീഴടങ്ങിയ ആ വനിത 36മാസം അഴിയെണ്ണി
മൂന്നുവര്‍ഷത്തെ ശിക്ഷ കഴിഞ്ഞിറങ്ങിയ അവർ ബർ ദുബായ് റഫാ പൊലീസ് സ്റ്റേഷനിൽ നിന്ന് പോകാൻ തയാറായില്ല. സഹതാപം തോന്നിയ പൊലീസ് ഉദ്യോഗസ്ഥർ അവർക്ക് ഭക്ഷണവും മറ്റും നൽകി. പിന്നീട്, ഒരാൾക്ക് കഷ്ടിച്ച് നിൽക്കാൻ കഴിയുന്ന ഒഴിഞ്ഞ ടെലിഫോൺ ബൂത്ത് താമസ സ്ഥലമായി തിരഞ്ഞെടുക്കുകയായിരുന്നു. നിരന്തരം പൊലീസിന്റെ സാന്നിധ്യമുള്ള ഇവിടെ മറ്റാരുടെയും ശല്യം ഇവർക്ക് നേരിടേണ്ടിവന്നില്ല.
ഭര്‍ത്താവിനോടുള്ള പ്രതിഷേധ സൂചകമായാണ് മകനൊപ്പം താമസിക്കാന്‍ കൂട്ടാക്കാതെ തെരുവിലേക്കിറങ്ങിയത്. 25 ലക്ഷത്തിലേറെ ദിര്‍ഹംസിന്‍റെ(നാലര കോടിയിലേറെ രൂപ)സാമ്പത്തിക ബാധ്യത തീര്‍ക്കാതെ നാട്ടിലേക്ക് മടങ്ങില്ലെന്ന ഉറച്ച തീരുമാനമെടുത്തു
ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും മലയാളി സംഘടനകളുമെല്ലാം താമസിക്കാനിടമൊരുക്കി ക്ഷണിച്ചെങ്കിലും തെരുവില്‍ നിന്നും മടങ്ങാന്‍ അവര്‍ കൂട്ടാക്കിയില്ല. അനിതയുടെ അവസ്ഥയറിഞ്ഞ് ചില പ്രവാസി മലയാളി കുടുംബംഗങ്ങള്‍ കാശും ഭക്ഷണവുമായെത്തിയെങ്കിലും എല്ലാം സന്തോഷപൂര്‍വം നിരസിച്ചു. ഇതിനിടെ സ്കൂള്‍ പഠനകാലത്തെ ചിത്രരചന പൊടിതട്ടിയെടുത്തു. തൂപ്പുജോലിക്കൊപ്പം നിരത്തുകളിലൂടെ കടന്നുപോകുന്നവര്‍ അനിതയുടെ ചിത്രങ്ങള്‍ സ്വന്തമാക്കി തുടങ്ങിയെങ്കിലും വിശപ്പകറ്റാന്‍ പോലും ആ തുക തിയകയുമായിരുന്നില്ല
മലയാളി സമൂഹത്തിന്‍റെ നിരന്തര ഇടപെടലുകളുടെയും അഭ്യര്‍ത്ഥനയുടെയും ഫലമായി ദുബൈ എമിഗ്രേഷന്‍ വകുപ്പ് സഹായഹസ്തം നീട്ടിയതോടെ അനിത നാട്ടില്‍ തിരിച്ചെത്തി. കേരളത്തിലെത്തിയെങ്കിലും സ്വന്തം വീട്ടിലേക്കോ ഭര്‍ത്താവിന്‍റെ വീട്ടിലേക്കോ പോകാന്‍ അവര്‍ കൂട്ടാക്കിയില്ല. അങ്ങനെ മാതാവ് തൃക്കുന്നുപുഴപോലീസില്‍ നല്‍കിയ പരാതിയിലാണ് മകള്‍ എറണാകുളം നോര്‍ത്ത് പറവൂരിലെ സ്നേഹഭവനില്‍ കഴിയുന്നതായി അറിഞ്ഞത്. അവിടെയെത്തിയ അമ്മയും ചിറ്റമ്മയും വീട്ടിലേക്ക് കൊണ്ടുപോകാന്‍ ആവതു ശ്രമിച്ചെങ്കിലും അവര്‍ തയ്യാറായില്ല, സ്നേഹഭന്‍റെ തണലില്‍ സ്വസ്ഥമായി കഴിയാന്‍ അനുവദിക്കമമെന്നായിരുന്നു അനിതയുടെ അപേക്ഷ!
വാര്‍ത്തചെയ്യാനോ, കാമറയ്ക്കു മുന്നില്‍വരാനോ അവര്‍ ഒരിക്കലും തയ്യാറാവില്ലെന്ന് ആദ്യ സംസാരത്തില്‍ നിന്നു തന്നെ മനസ്സിലാക്കിയ സാഹചര്യത്തില്‍ പിന്നീട് അതിനുവേണ്ടി ശ്രമിക്കാനോ, നിര്‍ബന്ധിക്കാനോ പോയില്ല. ഭര്‍ത്താവിനോടുള്ള പ്രതിഷേധസൂചകമായി ഒരു ജന്മം ഉരുകി തീര്‍ക്കാന്‍ തീരുമാനിച്ച സ്ത്രീയാണവര്‍, പുനർ വിവാഹിതനായ പ്രിയതമൻ ഒരിക്കലും തിരിച്ചെത്തില്ലെന്ന ഉത്തമ ബോധ്യത്തോടെ!