ബിസിനസ് സാധ്യതകൾ തുറക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റ്; കേരളം നഷ്ടപ്പെടുത്തിയത് മികച്ച അവസരം
20,000 കോടിയിലധികം രൂപയുടെ ബിസിനസ് സാധ്യതകൾ തുറക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലെ സാധ്യതകളാണ് കേരളം നഷ്ടപ്പെടുത്തിയത്.
ദുബൈ: ടൂറിസം രംഗത്തെ സാധ്യതകൾ മറ്റുള്ള നാടുകൾ എങ്ങനെ മുതലാക്കുന്നുവെന്ന് കേരളം കണ്ടു പഠിക്കണം. കേരളത്തിന്റെ പടവും വെച്ച് ഇന്ത്യയിലെ ചെറു സംസഥാനങ്ങൾ വരെ സഞ്ചാരികളെ പിടിക്കാൻ അറേബ്യൻ ട്രാവൽ മാർക്കറ്റിലെത്തിയപ്പോൾ കേരളത്തിന്റെ സാന്നിധ്യം പോലുമുണ്ടായിരുന്നില്ല.
മറ്റു നാടുകൾക്കില്ലാത്ത ഒരു പ്രത്യേകത കേരളത്തിനുണ്ട്. വേനലിൽപ്പോലും ഒന്നു മലകയറിയാലെത്താവുന്ന കുളിരുള്ള സ്ഥലങ്ങൾ, സംസ്ഥാനമെങ്ങും പരന്നുകിടക്കുന്ന ഹരിതാഭമായ കാഴ്ച്ച. പക്ഷെ ഇന്ത്യൻ പവലിയൻ മറ്റു സംസ്ഥാനങ്ങളുണ്ട്. കേരളത്തിന്റെ പച്ചപ്പും കായലുകളും കെട്ടുവള്ളവും കഥകളിയുമെല്ലാം ചിത്രങ്ങളായി കാണാനുണ്ട്. പക്ഷെ കേരളത്തെ മാത്രം കാണാനില്ല. ഗോവയും കർണാടകയും മധ്യപ്രദേശും അതിശക്തമായ ബിസിനസ് കാൻവാസ് നടത്തുന്നു.
Read Also - ഒറ്റ വിസയിൽ ചുറ്റിക്കറങ്ങി വരാം ആറ് രാജ്യങ്ങൾ; ടൂറിസം രംഗത്ത് വിപ്ലവം കൊണ്ടുവരാനൊരുങ്ങി ജിസിസി രാജ്യങ്ങൾ
കഴിഞ്ഞ തവണ കേരളത്തിന് ഔദ്യോഗിക പങ്കാളിത്തമുണ്ടായിരുന്നു. ഇത്തവണയില്ല. അറേബ്യൻ ട്രാവൽ മാർക്കറ്റിൽ പങ്കെടുക്കാൻ ചർച്ചകൾ നടത്തുകയും പങ്കെടുക്കാൻ തീരുമാനവും ഉണ്ടായിരുന്നു. പക്ഷെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ നടപടികൾ പൂർത്തിയായില്ലെന്നാണ് വിശദീകരണം. 20,000 കോടിയിലധികം രൂപയുടെ ബിസിനസ് സാധ്യതകൾ തുറക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിലെ സാധ്യതകളാണ് കേരളം നഷ്ടപ്പെടുത്തിയത്.