ലണ്ടനിൽ മലയാളി പെൺകുട്ടിക്ക് നേരെ ആക്രമണം: അജ്ഞാതൻ വെടിയുതിര്‍ത്തു; അത്യാസന്ന നിലയിൽ ചികിത്സയിൽ
എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് ദമ്പതികളുടെ മകളാണ് ലിസ മരിയ
ലണ്ടൻ: മലയാളി പെൺകുട്ടിക്ക് നേരെ ലണ്ടനിൽ അജ്ഞാതൻ്റെ ആക്രമണം. കൊച്ചി ഗോതുരുത്ത് സ്വദേശി ലിസൽ മരിയക്ക് നേരെയാണ് അജ്ഞാതൻ വെടിയുതിര്‍ത്തത്. എറണാകുളം ഗോതുരുത്ത് ആനത്താഴത്ത് വീട്ടിൽ വിനയ, അജീഷ് പോൾ ദമ്പതികളുടെ മകളാണ് ലിസൽ മരിയ. ഇന്നലെ രാത്രി അച്ഛനും അമ്മയ്ക്കുമൊപ്പം ലണ്ടനിലെ ഹക്നിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു ആക്രമണം. ബൈക്കിലെത്തിയ അജ്ഞാതനാണ് വെടിയുതിര്‍ത്തത്. ലിസ്സൽ അടക്കം അഞ്ച് പേര്‍ക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. ഇവരിൽ ലിസ്സലിൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. ലിസൽ അടങ്ങുന്ന കുടുംബം വർഷങ്ങളായി ബർമിങ്‌ഹാമിൽ താമസിക്കുകയാണ്. ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. പൊലീസ് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പരിക്കേറ്റ മറ്റ് നാല് പേരും ആശുപത്രിയിൽ ചികിത്സയിലാണ്.