നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ വംശജ; മലയാളികൾക്ക് അഭിമാനം, കണ്ണൂരുകാരിക്ക് മിസിസ് കാനഡ എര്‍ത്ത് കിരീടം
മിലിയുടെ വിജയം ഒരു ചരിത്ര നേട്ടമായി. ആദ്യമായാണ് ഒരു ഇന്ത്യന്‍ വംശജ ഈ നേട്ടത്തിന് അര്‍ഹയാകുന്നത്.
ടൊറന്‍റോ: മിസിസ് കാനഡ എര്‍ത്ത് 2024 കിരീടം ചൂടി മലയാളി മിലി ഭാസ്കര്‍. മത്സരത്തില്‍ കനേഡിയന്‍ സുന്ദരിമാരെ പിന്തള്ളിയാണ് കണ്ണൂര്‍ തളാപ്പ് സ്വദേശി വിജയിയായത്. പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ 'മാധവം' വീട്ടില്‍ ടിസി ഭാസ്കരന്‍റെയും ജയയുടെയും ഏക മകളാണ് മിലി.
ആദ്യമായാണ് ഒരു ഇന്ത്യൻ വംശജ ഈ നേട്ടം കൈവരിക്കുന്നത്. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറാണ് മിലി. 2016ലാണ് ഭര്‍ത്താവ് മഹേഷ് കുമാറിനും മക്കളായ തമന്ന, അര്‍മാന്‍ എന്നിവര്‍ക്കുമൊപ്പം കാനഡയില്‍ എത്തിയത്. മിസിസ് കാനഡ എര്‍ത്ത് മത്സരത്തില്‍ ജേതാവായതോടെ മിലി അടുത്ത വര്‍ഷം മിസിസ് ഗ്ലോബല്‍ എര്‍ത്ത് മത്സരത്തില്‍ കാനഡയെ പ്രതിനിധീകരിക്കും. യോഗ പരിശീലക കൂടിയാണ് മിലി. ഐടി എഞ്ചിനീയറാണ് ഭര്‍ത്താവ് മഹേഷ് കുമാര്‍. പിതാവ് ഭാസ്‌കരന്‍ ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചീഫ് മാനേജരാണ്. അമ്മ ജയ കണ്ണൂര്‍ ജില്ലാ ബാങ്ക് മുന്‍ ജനറല്‍ മാനേജരും.
Read Also - വിമാനം വൈകിയത് 13 മണിക്കൂര്‍; പുറപ്പെടുന്നതിന് മുമ്പുള്ള പരിശോധനയില്‍ സാങ്കേതിക തകരാര്‍
കണ്ണൂർ ചിന്മയ വിദ്യാലയത്തിലും പിന്നീട് കാസർകോട് എൽബിഎസ് എൻജിനീയറിങ് കോളജിലുമായാണ് പഠനം. എൽബിഎസ് എൻജിനീയറിങ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്സില്‍ ബിരുദവും ബെംഗളൂരു ജെയിന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്ന് ഫിനാന്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ്ങില്‍ മാനേജ്മെന്റ് ബിരുദവും നേടിയ മിലി ഋഷികേശി ല്‍നിന്ന് യോഗാധ്യാപക കോഴ്സും പൂര്‍ത്തിയാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം