ജെറ്റ് എയര്‍വേയ്സിന്റെ പ്രതിസന്ധി തീരുന്നു; ബാധ്യതകള്‍ ഇത്തിഹാദ് ഏറ്റെടുക്കും

നേരത്തെ ജെറ്റ് എയര്‍വേയ്സില്‍ ഇത്തിഹാദിന് 24 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ബാധ്യതകള്‍ ഏറ്റെടുക്കുന്നതോടെ ഇത് 40  ശതമാനമായി  ഉയരും. ഇത്തിഹാദ് മുന്നോട്ടുവച്ച ഭൂരിഭാഗം വ്യവസ്ഥകളും ജെറ്റ് എയർവെയ്സ്  അംഗീകരിച്ചിട്ടുണ്ട്

Jet Airways accepts Etihad bailout plan

മുംബൈ: നഷ്ടത്തിലായ ജെറ്റ് എയർവേയ്സിന്റെ  ബാധ്യതകൾ അബുദാബി ആസ്ഥാനമായുള്ള ഇത്തിഹാദ് എയർലൈൻസ് ഏറ്റെടുക്കും. ഇത്  സംബന്ധിച്ച് ഇരു കമ്പനികളും ഉടൻ ധാരണാപത്രം  ഒപ്പു വെയ്ക്കും. 

നേരത്തെ ജെറ്റ് എയര്‍വേയ്സില്‍ ഇത്തിഹാദിന് 24 ശതമാനം ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ബാധ്യതകള്‍ ഏറ്റെടുക്കുന്നതോടെ ഇത് 40  ശതമാനമായി  ഉയരും. ഇത്തിഹാദ് മുന്നോട്ടുവച്ച ഭൂരിഭാഗം വ്യവസ്ഥകളും ജെറ്റ് എയർവെയ്സ്  അംഗീകരിച്ചിട്ടുണ്ട്. ജെറ്റ് എയർവെയ്സ് സ്ഥാപക ചെയർമാൻ  നരേഷ് ഗോയൽ  സ്ഥാനമൊഴിയുന്നതിനും ധാരണയായിട്ടുണ്ട്. മലയാളി വ്യവസായി എം.എ യൂസഫലിയുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.

വരുന്ന ഏപ്രിലിന് മുന്‍പ് 50 കോടി ഡോളറെങ്കിലും ലഭ്യമായാല്‍ മാത്രമേ ജെറ്റ് എയര്‍വേയ്സിന് പിടിച്ചുനില്‍ക്കാനാവൂ. ഇപ്പോള്‍ തന്നെ വിമാനങ്ങള്‍ ലീസിനെടുത്തതിന്റെ പണം പോലും കമ്പനി നല്‍കിയിട്ടില്ല. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉന്നത പദവിയിലുള്ളവര്‍ക്കും പൈലറ്റുമാര്‍ക്കും എഞ്ചിനീയര്‍മാര്‍ക്കും പോലും ശമ്പളവും മുടങ്ങിയിരിക്കുകയാണ്.

ജനുവരിക്ക് ശേഷം ജെറ്റിന്റെ ഓഹരികളില്‍ 66 ശതമാനം ഇടിവാണ് നേരിട്ടത്. വായ്പകള്‍ തിരിച്ചടയ്ക്കാത്തതിനാല്‍ റേറ്റിങ് ഏജന്‍സിയായ ഐസിആര്‍എ, കമ്പനിയെ ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി. ഇതുകാരണം ഇനി വായ്പകള്‍ സംഘടിപ്പിക്കാനും പ്രയാസമാണ്. വായ്പ നല്‍കിയ സ്ഥാപനങ്ങളുമായി ഇത്തിഹാദിന്റെയും ജെറ്റ് എയര്‍വേയ്സിന്റെയും ഉദ്ദ്യോഗസ്ഥര്‍ ഇതിനോടകം തന്നെ ചര്‍ച്ചകള്‍ നടത്തി. ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ ജെറ്റ് എയര്‍വേയ്സിന് വായ്പ നല്‍കാന്‍ താല്‍പര്യം കാണിക്കുന്നില്ല.

പ്രതിസന്ധി മറകടക്കാന്‍ ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള നിരവധി സര്‍വീസുകള്‍ കമ്പനി നിര്‍ത്തിയിരുന്നു. ഇത് പ്രവാസികള്‍ക്കും തിരിച്ചടിയായി. ഒരു വിമാന കമ്പനി പിന്മാറുന്നതോടെ  അടുത്ത സീസണില്‍ മറ്റ് കമ്പനികള്‍ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയുമുണ്ട്.

Latest Videos
Follow Us:
Download App:
  • android
  • ios