കള്ളക്കടത്ത് നടത്തിയത് രണ്ട് ലക്ഷം രൂപയ്ക്കും ജോലിയ്ക്കും വേണ്ടിയെന്ന് പ്രവാസിയുടെ മൊഴി
42 വയസുകാരനായ പ്രതി ജൂലൈ 22നാണ് ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് പിടിയിലാവുന്നത്. പെരുമാറ്റത്തിലെ അസ്വഭാവികത കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മനാമ: മയക്കുമരുന്ന് കടത്തുന്നതിനിടെ ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായ പ്രവാസി യുവാവിനെതിരെ വിചാരണ തുടങ്ങി. ക്രിസ്റ്റല്‍മെത്ത് അടങ്ങിയ 61 ക്യാപ്‍സൂളുകള്‍ സ്വന്തം ശരീരിത്തിലൊളിപ്പിച്ചാണ് ഇയാള്‍ കൊണ്ടുവന്നത്. 1000 ബഹ്റൈനി ദിനാറും (രണ്ട് ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ബഹ്റൈനില്‍ ഒരു ജോലിയുമാണ് തനിക്ക് പ്രതിഫലം വാഗ്ദാനം ചെയ്‍തിരുന്നതെന്ന് ഇയാള്‍ മൊഴി നല്‍കി.
42 വയസുകാരനായ പ്രതി ജൂലൈ 22നാണ് ബഹ്റൈന്‍ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ വെച്ച് പിടിയിലാവുന്നത്. പെരുമാറ്റത്തിലെ അസ്വഭാവികത കണ്ട് സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ എക്സ് റേ പരിശോധനയില്‍ ഇയാള്‍ വയറ്റില്‍ ഒളിപ്പിച്ച് ഗുളിക രൂപത്തില്‍ കള്ളക്കടത്ത് നടത്തുകയാണെന്ന് കണ്ടെത്തിയിരുന്നു. വിപണിയില്‍ ഏകദേശം 30,000 ബഹ്റൈനി ദിനാര്‍ (64 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) വിലവരുന്ന മയക്കുമരുന്നാണ് ഇതെന്ന് പിന്നീട് സ്ഥിരീകരിച്ചു.
സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സിലേക്ക് മാറ്റിയ ശേഷം ഇയാള്‍ ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ മയക്കുമരുന്ന് ഗുളികകള്‍ ശരീരത്തില്‍ നിന്ന് പുറത്തെടുത്തു. നേരത്തെ കുറ്റം സമ്മതിച്ചിരുന്നെങ്കിലും, കള്ളക്കടത്ത് നടത്താന്‍ ശ്രമിച്ചെന്നും വലിയ അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ചുവെന്നുമുള്ള ആരോപണങ്ങള്‍ ഇയാള്‍ കഴിഞ്ഞ ദിവസം ഹൈ ക്രിമിനല്‍ കോടതിയില്‍ ആരംഭിച്ച വിചാരണയ്ക്കിടെ നിഷേധിച്ചു.
1000 ബഹ്റൈനി ദിനാര്‍ പ്രതിഫലവും ബഹ്റൈനില്‍ ജോലിയും വാഗ്ദാനം ചെയ്ത് നാട്ടില്‍വെച്ച് ഒരാള്‍ തന്നെ സമീപിക്കുകയായിരുന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിരുന്നു. അര മണിക്കൂര്‍ കൊണ്ടാണ് ഇത്രയും മയക്കുമരുന്ന് ഗുളികകള്‍ വിഴുങ്ങിയത്. ബഹ്റൈനിലെത്തിയ ശേഷം അവിടെയുള്ള ഒരാളെ ബന്ധപ്പെട്ട് അയാള്‍ക്ക് ഇത് കൈമാറണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ അതിന് മുമ്പ് വിമാനത്താവളത്തില്‍ വെച്ച് പരിശോധനയില്‍ അറസ്റ്റിലായി.
നാട്ടില്‍വെച്ച് മയക്കുമരുന്ന് ഏല്‍പ്പിച്ചുവെന്ന് പറയപ്പെടുന്ന വ്യക്തിയെയും അതുപോലെ ബഹ്റൈനില്‍ എത്തിയ ശേഷം ഇവ ഏറ്റുവാങ്ങാനെത്തുമെന്ന് അറിയിച്ചിരുന്ന വ്യക്തിയെയും കുറിച്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. കേസിന്റെ വിചാരണ ഓക്ടോബര്‍ 11ലേക്ക് കോടതി മാറ്റിവെച്ചു.