വാദി അൽ കബീറിലെ വെടിവെപ്പ്; ഒമാന് പിന്തുണയുമായി ഇറാഖും ജോർദാനും
ഇറാഖ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് ഹുസൈനും, ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദിയും ഒമാന് പിന്തുണ അറിയിച്ചു.
മസ്കറ്റ്: ഒമാനിലെ വാദി അൽ കബീറിലുണ്ടായ വെടിവെപ്പിൽ ഒമാന് പിന്തുണയുമായി ഇറാഖും ജോർദാനും. ഇറാഖ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഫുആദ് ഹുസൈനും, ജോർദാൻ വിദേശകാര്യ മന്ത്രി അയ്മാൻ സഫാദിയും, ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയെ ടെലിഫോണിൽ വിളിച്ച് തങ്ങളുടെ പിന്തുണ അറിയിക്കുകയായിരുന്നു.
വാദി അൽ കബീർ പ്രദേശത്തെ മസ്ജിദിന് സമീപമുണ്ടായ വെടിവെയ്പ്പിൽ ഒമാനോട് ഇറാഖിന്റെ ഐക്യദാർഢ്യം അറിയിച്ചുകൊണ്ടാണ് ഇറാഖ് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഫുആദ് ഹുസൈൻ ടെലിഫോണിൽ സയ്യിദ് ബദറുമായി സംസാരിച്ചത്. ഒപ്പം ഇരു രാജ്യങ്ങൾ തമ്മിൽ വളർന്നു വരുന്ന ബന്ധവും ഇരുനേതാക്കളും അവലോകനം ചെയ്തു.
മേഖലയിലെ ചില സംഭവ വികാസങ്ങളെകുറിച്ചും, പ്രാദേശികവും ആഗോളവുമായ സുരക്ഷ, സ്ഥിരത, സമാധാനം എന്നിവ നിലനിർത്തുന്നതിനുള്ള എല്ലാ മാർഗങ്ങളെയും പിന്തുണയ്ക്കുന്ന ഇരു രാജ്യങ്ങളുടെയും സ്ഥിരതയുള്ള നിലപാടുകൾക്ക് കൂടുതൽ ഊന്നൽ നൽകുമെന്നും ഇരുവരും പറഞ്ഞു. സംഭവത്തിൽ ജീവൻ നഷ്ടമായ അഞ്ച് പേരുടെ വിയോഗത്തിലും ഒരു പോലീസ് ഉദ്യോഗസ്ഥന്റെ രക്തസാക്ഷിത്വത്തിലും ഇറാഖിന്റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ജോർദാൻ വിദേശകാര്യ മന്ത്രിയും ഒമാനോട് രാജ്യത്തിന്റെ ഐക്യദാർഢ്യം അറിയിച്ചിട്ടുണ്ട്. ചില സിവിലിയന്മാരുടെ വിയോഗത്തിലും ഒരു പോലീസ് ഉദ്യോഗസ്ഥൻ്റെ രക്തസാക്ഷിത്വത്തിലും അദ്ദേഹവും അനുശോചനം അറിയിച്ചു. ഒമാനും ജോർദാനും തമ്മിലുള്ള ബന്ധവും, കൂടാതെ എല്ലാ മേഖലകളിലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തിനും പ്രാധാന്യം നൽകുമെന്നും ഇരുവരും ടെലിഫോൺ സംഭാഷണത്തിൽ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം