റെസ്‌റ്റോറന്റുകളിലും കഫേകളിലും പരിശോധന; 92 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്തു
നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെ രണ്ട് കടകള്‍ അടപ്പിച്ചു. 51 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.
മസ്‌കറ്റ്: ഒമാനില്‍ മസ്‌കറ്റ് മുന്‍സിപ്പാലിറ്റി വിവിധ റെസ്‌റ്റോറന്റുകളിലും കഫേകളിലും പരിശോധന നടത്തി. മത്രയിലെ റെസ്‌റ്റോറന്റിലും കഫേകളിലുമാണ് മുന്‍സിപ്പാലിറ്റിയിലെ ഭക്ഷ്യ നിയന്ത്രണ വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്.
നിയമലംഘനങ്ങള്‍ കണ്ടെത്തിയതോടെ രണ്ട് കടകള്‍ അടപ്പിച്ചു. 51 സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയില്‍ 13 സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. 16 സ്ഥാപനങ്ങളില്‍ നിന്ന് 92 കിലോ പഴകിയ ഭക്ഷണം പിടിച്ചെടുത്ത് നശിപ്പിച്ചു. പാചകത്തിന് യോഗ്യമല്ലാത്ത 104 പാത്രങ്ങളും പിടിച്ചെടുത്തു.
വിവിധ സ്ഥലങ്ങളില്‍ മോഷണം; പ്രവാസി കവര്‍ച്ചാ സംഘം പിടിയില്‍
അതേസമയം പ്രവാസികള്‍ക്കായുള്ള താമസസ്ഥലത്ത് ഉള്‍പ്പെടെ രണ്ടിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിന്ന് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ നിരോധിത സിഗരറ്റുകള്‍ പിടികൂടിയിരുന്നു. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്. നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റില്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം പ്രവാസികള്‍ക്കുള്ള ഒരു താമസസ്ഥലത്ത് പരിശോധന നടത്തിയിരുന്നു. മറ്റൊരു സംഭവത്തില്‍ അല്‍ ബത്തിനാ എക്‌സ്പ്രസ്വേയില്‍ നിര്‍ത്തിയിട്ട വാഹനവും പരിശോധിച്ചു. ഇവിടങ്ങളില്‍ നിന്നും നിരോധിത സിഗരറ്റുകള്‍ പിടിച്ചെടുത്തതായി ഒമാന്‍ കസ്റ്റംസ് അറിയിച്ചു.
കഴിഞ്ഞ ദിവസവും ഇതേ രീതിയില്‍ പ്രവാസികളുടെ താമസസ്ഥലത്ത് നിന്ന് നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടികൂടിയിരുന്നു. ഒമാന്‍ കസ്റ്റംസ് നടത്തിയ റെയ്ഡിലാണ് രണ്ട് സ്ഥലങ്ങളില്‍ നിന്ന് ഇത്തരത്തില്‍ അനധികൃത ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തത്.
സീബ്, മത്ര വിലായത്തുകളിലെ പ്രവാസികളുടെ രണ്ട് താമസസ്ഥലത്താണ് പരിശോധനകള്‍ നടത്തിയത്. ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് റിസ്‌ക് അസസ്‌മെന്റ് വിഭാഗം നടത്തിയ പരിശോധനകളിലാണ് വന്‍തോതില്‍ നിരോധിത സിഗരറ്റുകളും പുകയില ഉല്‍പ്പന്നങ്ങളും മദ്യവും പിടിച്ചെടുത്തതെന്ന് ഒമാന്‍ കസ്റ്റംസ് അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു.