ലേബര്‍ ക്യാമ്പുകളിലും വെയര്‍ഹൗസുകളിലും പരിശോധന; നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി
തൊഴില്‍ ക്യാമ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍, വെയര്‍ഹൗസുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്.
മനാമ: ബഹ്റൈനില്‍ ക്യാപിറ്റല്‍ ഗവര്‍ണറേറ്റിന് കീഴിലെ ലേബര്‍ ക്യാമ്പുകളിലും വെയര്‍ ഹൗസുകളിലും വര്‍ക്ക് ഷോപ്പുകളിലും പരിശോധന നടത്തി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
തൊഴില്‍ ക്യാമ്പുകള്‍, വര്‍ക്ക് ഷോപ്പുകള്‍, വെയര്‍ഹൗസുകള്‍ എന്നിവിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്. ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പാക്കാനും നിർദിഷ്ട കാര്യങ്ങൾക്കുവേണ്ടി തന്നെയാണ് കെട്ടിടങ്ങൾ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്താനും കൂടിയായിരുന്നു പരിശോധന നടത്തിയത്.
പരിശോധനയില്‍ 225 കെട്ടിടങ്ങൾ സുരക്ഷാ, ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയതായി കണ്ടെത്തി. ഇവയ്ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു. നിയമലംഘനങ്ങൾ പരിഹരിക്കുന്നതിന് ചില കെട്ടിടങ്ങൾക്ക് അനുമതി നൽകിയിട്ടുമുണ്ട്. സാലിഹിയയിലെ വർക്ഷോപ്പുകളും വെയർ ഹൗസുകളും പരിശോധന നടത്തിയതിൽ ഒമ്പത് നിയമലംഘനങ്ങൾ കണ്ടെത്തുകയും നോട്ടീസ് നൽകുകയും ചെയ്തു.
Read Also - ബലിപെരുന്നാള്‍; ഒമാനിൽ തുടര്‍ച്ചയായി ഒമ്പത് ദിവസത്തെ അവധി ലഭിക്കാന്‍ സാധ്യത
നിയമലംഘകരെ കണ്ടെത്താന്‍ സൗദിയില്‍ കര്‍ശന പരിശോധന; ഒരാഴ്ചക്കിടെ 16,161 പ്രവാസികൾ അറസ്റ്റിൽ
റിയാദ്: സൗദിയിൽ താമസ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങളുടെ ലംഘനം നടത്തുന്നവരെ പിടികൂടുന്നതിനുള്ള നിരീക്ഷണ സ്‌കോഡുകൾ വിവിധ പ്രദേശങ്ങളിൽ ശക്തമായി തുടരുകയാണ്. രാജ്യത്തെ വിവിധ പ്രവിശ്യകളിൽ സുരക്ഷാ വകുപ്പുകൾ കഴിഞ്ഞ ഒരാഴ്ച്ച നടത്തിയ റെയ്‌ഡുകളിൽ 16,161 ലേറെ നിയമ ലംഘകരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
പിടികൂടിയവരിൽ 10,575 പേർ താമസ രേഖ (ഇഖാമ) നിയമ ലംഘകരും 3,726 പേർ അതിർത്തി സുരക്ഷാ ചട്ട ലംഘനം നടത്തിയവരും 1,860 പേർ തൊഴിൽ നിയമം ലംഘനം നടത്തിയവരുമാണെന്ന് അധികൃതർ അറിയിച്ചു. അതിർത്തി കടന്ന് രാജ്യത്തേക്ക് നുഴഞ്ഞു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് 967 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ 57 ശതമാനം എത്യോപ്യക്കാരും 39 ശതമാനം യമനികളും 4 ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 22 പേരെ സുരക്ഷാ വകുപ്പ് പിടികൂടിയതായും സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.