വെറും 1,199 രൂപ മുതല്‍ വിമാന ടിക്കറ്റ്; കിടിലൻ ഓഫറുമായി ഇൻഡിഗോ, പരിമിതകാലത്തേക്ക് മാത്രമെന്ന് അറിയിച്ച് എയർലൈൻ
ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്കായി മികച്ച നിരക്കിളവുകള്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. പരിമിതകാല ഓഫറില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് ലഭിക്കുക വന്‍ ഡിസ്കൗണ്ട്.
ദില്ലി: വമ്പന്‍ ഓഫര്‍ പ്രഖ്യാപിച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ ടിക്കറ്റ് നിരക്കുകളില്‍ ഓഫര്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ബജറ്റ് എയര്‍ലൈന്‍.
പരിമിതകാല ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്. 2024 ഡിസംബര്‍ 25 വരെയാണ് ഓഫര്‍ കാലാവധി. ഇക്കാലയളവിനുള്ളില്‍ ടിക്കറ്റ് ബുക്ക് ചെയ്താലാണ് നിരക്ക് ഇളവ് ലഭിക്കുക. 2025 ജനുവരി 23നും ഏപ്രില്‍ 30നും ഇടയിലുള്ള തീയതികളിലേക്കുള്ള യാത്രയ്ക്കാണ് ഡിസ്കൗണ്ട് ലഭിക്കുക.
Read Also - ആഴ്ചയിൽ രണ്ട് സര്‍വീസുകൾ; ദമ്മാമിൽ നിന്ന് ഫ്ലൈ നാസിന്‍റെ പുതിയ വിമാന സർവീസ് റെഡ് സീ എയർപോർട്ടിലേക്ക്
ആഭ്യന്തര യാത്രക്കാര്‍ക്കായി 1,199 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാണ്. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 4,499 രൂപ മുതലും ടിക്കറ്റ് ലഭിക്കും. ടിക്കറ്റ് നിരക്കില്‍ ഡിസ്കൗണ്ട് നല്‍കുന്നതിന് പുറമെ പ്രീപെയ്ഡ് അധിക ബാഗേജ് ഓപ്ഷനുകൾ (15കിലോ, 20കിലോ, 30കിലോ), സ്റ്റാൻഡേർഡ് സീറ്റ് സെലക്ഷൻ, എമർജൻസി XL സീറ്റുകൾ എന്നിവ ഉൾപ്പെടെ തിരഞ്ഞെടുത്ത 6E ആഡ്-ഓണുകളിൽ ഇൻഡിഗോ 15% വരെ സേവിംഗ്സും ഓഫര്‍ ചെയ്യുന്നുണ്ട്. ഇവ ആഭ്യന്തര യാത്രക്കാര്‍ക്ക് 599 രൂപ മുതലും അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 699 രൂപ മുതലും ലഭ്യമാണ്.
ഇതിന് പുറമെ ഫെഡറല്‍ ബാങ്കുമായി സഹകരിച്ച് മറ്റൊരു ഓഫറും ഇന്‍ഡിഗോ പ്രഖ്യാപിച്ചിട്ടുണ്ട്. ഫെഡറല്‍ ബാങ്ക് ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് അധിക നിരക്കിളവുകളും ലഭിക്കും. ആഭ്യന്തര യാത്രയ്ക്ക് 15 ശതമാനവും രാജ്യാന്തര യാത്രയ്ക്ക് 10 ശതമാനവും ടിക്കറ്റ് നിരക്ക് ഇളവ് ലഭിക്കുമെന്നും 2024 ഡിസംബര്‍ 31 വരെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്കാണ് ഓഫര്‍ ബാധകമെന്നും എയര്‍ലൈന്‍ അറിയിച്ചു.