ഉറങ്ങിക്കിടന്ന 12കാരിയായ മകളെ ബലാത്സംഗം ചെയ്തു; ബന്ധുവിനെ ഗൾഫിൽ നിന്ന് പറന്നെത്തി കൊലപ്പെടുത്തി പ്രവാസി
ഉറക്കത്തിനിടെയാണ് ബന്ധു കുട്ടിയെ ബലാത്സംഗം ചെയ്തത്. ഈ വിവരം കുട്ടി അമ്മായിയോട് പറഞ്ഞെങ്കിലും മറ്റാരോടും പറയണ്ടെന്ന് അവര്‍ വിലക്കുകയായിരുന്നു.
കുവൈത്ത് സിറ്റി: പ്രായപൂര്‍ത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത പ്രതിയെ ഗള്‍ഫില്‍ നിന്നെത്തി കൊലപ്പെടുത്തി പിതാവ്. ആന്ധ്രാപ്രദേശ് സ്വദേശിയായ 35കാരനാണ് കുവൈത്തില്‍ നിന്ന് പറന്നെത്തിയത്. ബന്ധുവിനെയാണ് കുട്ടിയുടെ പിതാവ് കൊലപ്പെടുത്തിയത്.
കുട്ടിയുടെ മാതാപിതാക്കള്‍ കുവൈത്തിലാണ് ജോലി ചെയ്തിരുന്നത്. കുട്ടിയെ വളര്‍ത്തിയിരുന്നത് ഈ ബന്ധുവാണ്. ഒരു ദിവസം കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവം അറിഞ്ഞ കുട്ടിയുടെ പിതാവ് ആജ്ഞനേയ പ്രസാദ് കുവൈത്തില്‍ നിന്നെത്തുകയും ഇരുമ്പ് ദണ്ഡ് കൊണ്ട് പ്രതിയെ അടിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇയാള്‍ മരിച്ചു. 59കാരനായ ആജ്ഞനേയലു എന്നയാളാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇയാള്‍ ഭിന്നശേഷിക്കാരനാണ്. കൊലപാതകത്തിന് ശേഷം തിരികെ കുവൈത്തിലെത്തിയ ആജ്ഞനേയ പ്രസാദ്, കൊലപാതകം സമ്മതിച്ച് കൊണ്ട് ഒരു വീഡിയോ പുറത്തുവിടുകയായിരുന്നു.
കുവൈത്തില്‍ താമസിച്ച് വരികയാണ് ആജ്ഞനേയ പ്രസാദും ഭാര്യയും. ഇവരുടെ 12കാരിയായ മകള്‍ നാട്ടില്‍ മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പമാണ് ആദ്യം താമസിച്ചിരുന്നത്. പിന്നീട് കുട്ടി അമ്മയുടെ സഹോദരിക്കും ഭര്‍ത്താവിനുമൊപ്പം താമസം തുടങ്ങുകയായിരുന്നു. ഇതിനിടെ അമ്മയുടെ സഹോദരിയുടെ ഭര്‍തൃപിതാവാണ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയത്. ഇക്കാര്യം കുട്ടി അമ്മായി ( അമ്മയുടെ സഹോദരി)യോട് പറഞ്ഞപ്പോള്‍ ആരോടും പറയണ്ടെന്നാണ് ഇവര്‍ മറുപടി നല്‍കിയത്.
തുടര്‍ന്ന് അമ്മയുടെ സഹോദരി ആജ്ഞനേയ പ്രസാദിനെ വിളിക്കുകയും, വീട്ടിലെ ചില പ്രശ്നങ്ങള്‍ കാരണം കുട്ടിയെ ഇനി നോക്കാനാകില്ലെന്നും മകളെ കുവൈത്തിലേക്ക് തിരികെ കൊണ്ടുപോകണമെന്ന് പറയുകയുമായിരുന്നു. ഇത് അനുസരിച്ചാണ് ആജ്ഞനേയ പ്രസാദ് കുട്ടിയെ കുവൈത്തിലേക്ക് കൊണ്ടുപോയത്. കുവൈത്തിലെത്തിയ കുട്ടി തന്‍റെ മാതാപിതാക്കളോട് ബലാത്സംഗ വിവരം പറഞ്ഞു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ നിയമ നടപടി സ്വീകരിക്കുന്നതിന് പകരം കേസ് ഒത്തുതീര്‍പ്പാക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ആജ്ഞനേയ ആരോപിക്കുന്നു. പ്രതിയെ താക്കീത് നല്‍കി വിട്ടയച്ചതായും ഇയാൾ പറഞ്ഞു. തുടര്‍ന്ന് ക്ഷുഭിതനായ ആജ്ഞനേയ നാട്ടിലെത്തി പ്രതിയെ അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ആജ്ഞനേയക്കെതിരെ കൊലക്കുറ്റം ചുമത്തി അന്വേഷണവും തെരച്ചിലും ആരംഭിച്ചു. കേസിൽ പൊലീസ് വിശദമായ അന്വേഷണം നടത്തി വരികയാണ്.