ശമ്പളവും ചികിത്സയുമില്ലാതെ ദുരിതത്തിലായ പ്രവാസി നാട്ടിലേക്ക് മടങ്ങി; തുണയായത് മലയാളികള്
കൊറോണക്കാലത്തെ സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് കഴിഞ്ഞ മൂന്നു മാസമായി ശമ്പളം ലഭിക്കാതെയായി. അസുഖ ബാധിതനായെങ്കിലും പണമില്ലാത്തതിനാൽ ചികിത്സാച്ചെലവിന് പോലും നിവൃത്തിയില്ലാതായി.
റിയാദ്: ശമ്പളം കിട്ടാതെയും ഇടയ്ക്ക് രോഗം ബാധിച്ചപ്പോൾ ചികിത്സ ലഭിക്കാതെയും സൗദി അറേബ്യയിൽ ദുരിതത്തിൽ കഴിഞ്ഞിരുന്ന രാജസ്ഥാൻ സ്വദേശിക്ക് മലയാളി സാമൂഹിക പ്രവർത്തകർ തുണയായി. കഴിഞ്ഞ നാലു വർഷമായി സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസ്സ മസ്റോയയിൽ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ആശാരിപ്പണി ചെയ്യുകയായിരുന്നു രാജസ്ഥാൻ ബിക്കാനീർ സ്വദേശി പ്രമോദ്.
കൊറോണക്കാലത്തെ സാമ്പത്തികപ്രതിസന്ധിയെത്തുടർന്ന് ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽ നിന്ന് കഴിഞ്ഞ മൂന്നു മാസമായി ശമ്പളം ലഭിക്കാതെയായി. അസുഖ ബാധിതനായെങ്കിലും പണമില്ലാത്തതിനാൽ ചികിത്സാച്ചെലവിന് പോലും നിവൃത്തിയില്ലാതായി. തുടർന്ന് പ്രമോദ് ചില സുഹൃത്തുക്കളുടെ നിർദ്ദേശമനുസരിച്ച് അൽഹസ്സ നവയുഗം ജീവകാരുണ്യവിഭാഗത്തെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചു. നവയുഗം ജീവകാരുണ്യ പ്രവർത്തകരായ സിയാദ് പള്ളിമുക്കും മണി മാർത്താണ്ഡവും കൂടി പ്രമോദിനെ പോയി കാണുകയും അയാളുടെ ദയനീയാവസ്ഥ കണ്ടു ചെറിയ സാമ്പത്തിക സഹായം ചെയ്യുകയും ചെയ്തു.
സ്‍പോൺസറുമായി സംസാരിച്ച് കുടിശ്ശിക ശമ്പളവും ആനുകൂല്യങ്ങളും നൽകി നാട്ടിലേയ്ക്ക് അയയ്ക്കാൻ അവർ ആവശ്യപ്പെട്ടു. എന്നാൽ സ്പോൺസർ സഹകരിക്കാത്തതിനെതുടർന്ന്, പ്രമോദിനെക്കൊണ്ട് ലേബർ കോടതിയിൽ കേസ് ഫയൽ ചെയ്തു. കോടതിയിൽ കേസ് വിളിച്ചപ്പോൾ, സ്‍പോൺസർ ഹാജരാവുകയും ലേബർ ഓഫിസറുടെ സാന്നിധ്യത്തിൽ നവയുഗം ജീവകാരുണ്യപ്രവർത്തകരുമായി നടത്തിയ ചർച്ചയിൽ കേസ് ഒത്തുതീർപ്പാക്കുകയും ചെയ്തു.
തുടർന്ന് സ്‍പോൺസർ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഫൈനൽ എക്സിറ്റ് അടിച്ച പാസ്പോർട്ടും പ്രമോദിന് നൽകി. നവയുഗം ജീവകാരുണ്യ പ്രവർത്തകർക്ക് നന്ദി പറഞ്ഞുകൊണ്ട് പ്രമോദ് നാട്ടിലേക്ക് മടങ്ങി.