'ഇന്ത്യന്‍ മുസ്ലിംകള്‍ കൊവിഡ് വാഹകര്‍'; വിദ്വേഷ പരാമര്‍ശം നടത്തിയ പ്രവാസി ഇന്ത്യക്കാരന് ജോലി നഷ്ടമായി
സഹിഷ്ണുതയും സമത്വവും പ്രത്സാഹിപ്പിക്കുന്നതിലും വര്‍ഗീയതയെയും വിവേചനത്തെയും ശക്തമായി നേരിടുന്നതിലും യുഎഇ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ പിന്തുണയ്ക്കുന്നതായി കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു.
റാസല്‍ഖൈമ: സാമൂഹിക മാധ്യമങ്ങള്‍ വഴി വിദ്വേഷ പ്രചാരണം നടത്തിയ ഒരു ഇന്ത്യക്കാരനെ കൂടി യുഎഇയില്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. റാസല്‍ഖൈമയിലെ ഒരു ഖനന സ്ഥാപനത്തിലെ ഉദ്യോഗസ്ഥനെയാണ് ജോലിയില്‍ നിന്ന് പുറത്താക്കിയത്.
ബിഹാര്‍ സ്വദേശിയായ ബ്രാജ്കിഷോര്‍ ഗുപ്തയ്ക്ക് എതിരെയാണ് കമ്പനി നടപടിയെടുത്തത്. മുസ്ലിം വിരുദ്ധ പരാമര്‍ശം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനാണ് റാസല്‍ഖൈമ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സ്റ്റീവിന്‍ റോക്ക് എന്ന മൈനിങ് കമ്പനി ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. കൊവിഡ് പരത്തുന്നത് ഇന്ത്യന്‍ മുസ്ലിംകളാണെന്നും ദില്ലി കലാപത്തില്‍ മുസ്ലിംകള്‍ കൊല്ലപ്പെട്ടത് നീതിയാണെന്നുമുള്ള വിദ്വേഷ പരാമര്‍ശമാണ് ഇയാള്‍ ഫേസ്ബുക്കില്‍ കുറിച്ചതെന്ന് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു
ഒരു ജൂനിയര്‍ ജീവനക്കാരന്‍ ഉള്‍പ്പെട്ട സംഭവം അന്വേഷിക്കുകയും ഈ വ്യക്തിയെ സ്റ്റീവിന്‍ റോക്കിലെ ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തതായി കമ്പനിയുടെ ബിസിനസ് ഡെവലപ്‌മെന്റ് ആന്‍ഡ് എക്‌സ്‌പ്ലോറേഷന്‍ മാനേജര്‍ ജീന്‍ ഫ്രാങ്കോയിസ് മിലിയന്‍ ഇമെയില്‍ സന്ദേശത്തിലൂടെ അറിയിച്ചതായി 'ഗള്‍ഫ് ന്യൂസി'ന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സഹിഷ്ണുതയും സമത്വവും പ്രത്സാഹിപ്പിക്കുന്നതിലും വര്‍ഗീയതയെയും വിവേചനത്തെയും ശക്തമായി നേരിടുന്നതിലും യുഎഇ സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തെ കമ്പനി പിന്തുണയ്ക്കുന്നതായി മിലിയന്‍ വ്യക്തമാക്കി.