ദുബായില്‍ 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന്‍ വന്ദേ ഭാരത് മിഷനിലൂടെ നാട്ടിലേക്ക് കടന്നു
വിവിധ കമ്പനികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ആദ്യം ചെറിയ തുകയ്ക്കുള്ള ഭക്ഷ്യ വസ്തുക്കളും മറ്റും വാങ്ങിയ ശേഷം പണം കൃത്യ സമയത്ത് നല്‍കിയിരുന്നു.
ദുബായ്: ദുബായില്‍ ആറ് കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന്‍ വന്ദേ ഭാരത് മിഷന്‍ വഴി നാട്ടിലെത്തി. 25ഓളം വ്യാപാരികളെ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച മുംബൈ സ്വദേശിയായ യോഗേഷ് എന്നയാള്‍ വന്ദേ ഭാരത് ദൗത്യത്തിലൂടെ നാട്ടിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്.
ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യാജ കമ്പനി വഴിയാണ് ഇയാള്‍ തട്ടിപ്പ് നടത്തിയത്. 30,000 മുതല്‍ മൂന്ന് ലക്ഷം ദിര്‍ഹം വരെയുള്ള തുകയുടെ ചെക്കുകള്‍ നല്‍കിയാണ് യുഎഇയിലെ പ്രമുഖ കമ്പനികള്‍ വഴി ചരക്കുകള്‍ കൈപ്പറ്റിയത്. പണമിടപാടുകള്‍ കൃത്യമായി നടത്തി വിശ്വാസ്യത നേടിയതിന് ശേഷമായിരുന്നു ചെക്കുകള്‍ നല്‍കിയുള്ള തട്ടിപ്പ്. ചെക്കുകള്‍ മടങ്ങാന്‍ തുടങ്ങിയതോടെയാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്നാണ് യോഗേഷ് നാട്ടിലേക്ക് കടന്നതായി വിവരം ലഭിച്ചത്.
വിവിധ കമ്പനികളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിയായിരുന്നു തട്ടിപ്പിന്റെ തുടക്കം. ആദ്യം ചെറിയ തുകയ്ക്കുള്ള ഭക്ഷ്യ വസ്തുക്കളും മറ്റും വാങ്ങിയ ശേഷം പണം കൃത്യ സമയത്ത് നല്‍കിയിരുന്നു. ഇങ്ങനെ വിശ്വാസം പിടിച്ചുപറ്റിയ ശേഷം വന്‍തുകയ്ക്കുള്ള സാധനങ്ങള്‍ വാങ്ങി പണത്തിനായി ചെക്കും നല്‍കി. ഈ മാസം 18, 20 എന്നിങ്ങനെയുള്ള തീയതികളാണ് ചെക്കുകളില്‍ രേഖപ്പെടുത്തിയിരുന്നത്.
അക്കൗണ്ടില്‍ പണമില്ലാതെ ബാങ്കില്‍ നിന്ന് ചെക്കുകള്‍ മടങ്ങിയതോടെ യോഗേഷിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഇയാളുടെ കമ്പനിയില്‍ അന്വേഷിച്ചെങ്കിലും അത് പൂട്ടിയ നിലയിലായിരുന്നു. ഇവിടുത്തെ തൊഴിലാളികളെയടക്കം ബന്ധപ്പെടാന്‍ ശ്രമിക്കുകയും വിശദമായ അന്വേഷണം നടത്തുകയും ചെയ്തപ്പോഴാണ് ഇയാള്‍ രാജ്യം വിട്ടതായി മനസിലായത്. 30 ലക്ഷത്തോളം ദിര്‍ഹം (ആറ് കോടി ഇന്ത്യന്‍ രൂപ) ഇയാളില്‍ നിന്ന് പലര്‍ക്കായി കിട്ടാനുണ്ട്.
മെയ് 11ന് അബുദാബിയില്‍ നിന്നുള്ള എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തില്‍ ഇയാള്‍ ഹൈദരാബാദിലേക്ക് കടന്നെന്നാണ് തട്ടിപ്പിനിരയായവരുടെ ആരോപണം. വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി മുന്‍ഗണന അനുസരിച്ച് മാത്രം യാത്രക്കാരെ കൊണ്ടുപോകുന്ന പ്രത്യേക വിമാനത്തില്‍ ഇയാള്‍ എങ്ങനെ ടിക്കറ്റ് തരപ്പെടുത്തിയെന്നതും വ്യക്തമല്ല. യോഗേഷിനെതിരെ യുഎഇയിലും ഇന്ത്യയിലും നിയമനടപടിയുമായി മുന്നോട്ടുപോവുകയാണ് തട്ടിപ്പിനിരയായവര്‍. കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചതായി തട്ടിപ്പിനിരയായവര്‍ 'ഏഷ്യാനെറ്റ് ന്യൂസി'നോട് പറഞ്ഞു.