24 വർഷത്തെ കാത്തിരിപ്പ്, ഒരിക്കൽ പോലും നാട്ടിൽ പോയിട്ടില്ല; ഒടുവിൽ ഹാജറാബി നാടണഞ്ഞു
തുണയായത് ഇന്ത്യൻ എംബസിയും മലയാളി സാമുഹിക പ്രവർത്തകരും
റിയാദ്: കാൽനൂറ്റാണ്ടോളത്തിനിടെ ഒരിക്കൽ പോലും നാട്ടിലേക്ക് പോകാൻ കഴിയാതെ നീണ്ട കാത്തിരിപ്പിനൊടുവിൽ മുംബൈ സ്വദേശിനി ഹാജറാബി ഹബീബ് റഹ്മാൻ (60) കഴിഞ്ഞ ദിവസം നാടണഞ്ഞു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെയും മലയാളി സാമൂഹിക പ്രവർത്തകരുടെയും ഇടപെടലാണ് തുണയായത്.
36ാം വയസിൽ 2000ത്തിലാണ് ജീവിത പ്രാരാബ്ധങ്ങൾ പേറി ഹാജറാബി വീട്ടുജോലിക്കായുള്ള വിസയിൽ റിയാദിൽ വന്നിറങ്ങുന്നത്. ആദ്യത്തെ അഞ്ച് വർഷം എയർപോർട്ടിൽനിന്ന് കൂട്ടിക്കൊണ്ട് പോയ സ്വദേശിയുടെ വീട്ടിൽ ജോലി ചെയ്തെങ്കിലും ദുരിതങ്ങൾ സഹിക്കാൻ കഴിയാത്തത് കൊണ്ട് അവിടെ നിന്നിറങ്ങി. തുടർന്ന് പരിചയത്തിലുണ്ടായിരുന്ന ചില ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ പ്രസവ ശുശ്രൂഷ ജോലികൾ ചെയ്ത് വരികയായിരുന്നു കഴിഞ്ഞ 24 വർഷവും.
കൈവശം ഒരു താമസ രേഖയുമുണ്ടായിരുന്നില്ല. നാട്ടിലേക്ക് മടങ്ങാൻ തടസ്സമായതും ഇതാണ്. 2000 ത്തിൽ ഇവിടെയെത്തിയിരുന്നെങ്കിലും ജവാസത് (പാസ്പോർട്ട്) രേഖകളിൽ ഹാജറാബിയുടെ വിവരങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കണ്ടെത്താനായത്. നിലവിലെ പാസ്പോർട്ടിൽ റിയാദ് എയർപോർട്ടിൽ വന്നിറങ്ങിയതിെൻറ രേഖയും ബോർഡർ നമ്പറും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും അതുമായി ബന്ധപ്പെട്ടുള്ള ഒരു രേഖകളും ജവാസത്തിെൻറ പക്കൽ ഇല്ലാത്തതാണ് വിലങ്ങ് തടിയായത്. വിസ സംബന്ധമായ തട്ടിപ്പിന്നിരയായതാവാം ഇത്തരത്തിൽ സംഭവിക്കാനിടയായതെന്ന് സാമുഹിക പ്രവർത്തകർ പറയുന്നു.
Read Also - 15 വർഷമായി ലുലുവിൽ ജോലി, ഇങ്ങനെയൊരു ചതി പ്രതീക്ഷിച്ചില്ല; ഒന്നരക്കോടിയുമായി കടന്ന പ്രതിയെ കുടുക്കി പൊലീസ്
നാല് മക്കളുള്ള ഹാജറാബിയുടെ ഇളയ മകൾക്ക് 10 വയസുള്ളപ്പോഴാണ് ഇവർ നാട് വിട്ട് റിയാദിലെത്തിയത്. അതിനിടയിൽ 2015 ൽ ഭർത്താവ് മരിച്ചു. അപ്പോഴൊന്നും നാട്ടിലെത്താൻ കഴിയാത്ത മാനസിക പ്രയാസത്തിൽ കഴിഞ്ഞുകൂടുകയായിരുന്നു. ഇതിനിടയിൽ 10 മാസം മുമ്പ് തളർവാദം വന്ന് കിടപ്പിലായി. സഹായിക്കാനാളില്ലാതായപ്പോൾ നാട്ടിൽ നിന്ന് തെൻറ മകനെ റിയാദിലെത്തിച്ച് ജോലി കണ്ടെത്തി തൽക്കാലത്തേക്ക് പരിഹാരമുണ്ടാക്കിയെങ്കിലും രേഖകളില്ലാതെ തുടർ ചികിത്സയും മറ്റും വഴിമുട്ടുമെന്നായപ്പോഴാണ് നാല് മാസം മുമ്പ് റിയാദിലെ സാമൂഹിക പ്രവർത്തകരായ നിഹ്മത്തുള്ളയുടെയും അസ്ലം പാലത്തിെൻറയും സഹായം തേടിയത്. തുടർന്ന് ഇന്ത്യൻ എംബസി വഴി സൗദി വിദേശ മന്ത്രാലയുമായി ബന്ധപ്പെട്ട് രേഖകളെല്ലാം ശരിയാക്കുകയും തർഹീൽ വഴി നാട്ടിലേക്ക് പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുകയുമായിരുന്നു.
എംബസി കമ്യൂണിറ്റി വെൽഫെയർ കൗൺസിലർ മോയിൻ അക്തർ, ഹൗസ് മെയ്ഡ് ആൻഡ് ജയിൽ അറ്റാഷെ രാജീവ് സിക്രി, സെക്കൻഡ് സെക്രട്ടറി മീന, ഷറഫുദ്ദീൻ, നസീം, ഖാലിദ് എന്നിവരുടെ ഇടപെടലുകൾ പ്രശ്ന പരിഹാരം വേഗത്തിലാക്കുവാൻ സഹായിച്ചതായി നിഹ്മത്തുള്ളയും അസ്ലം പാലത്തും പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...