പ്രവാസി മലയാളിയുടെ വര്‍ഷങ്ങള്‍ നീണ്ട ഭാഗ്യ പരീക്ഷണം വിജയം കണ്ടു; യുഎഇയില്‍ ഏഴ് കോടി സമ്മാനം
ഏതാനും ആഴ്‍ച മുമ്പ് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‍ക്കിടെ എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നയാളാണെങ്കിലും സമ്മാനം ലഭിച്ചപ്പോള്‍ അത് വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
ദുബൈ: ബുധനാഴ്‍ച നടന്ന ദുബൈ ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് സമ്മാനം. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തിലെ കോണ്‍കോഴ്സ് ബി യില്‍ വെച്ച് നടന്ന നറുക്കെടുപ്പില്‍ മലയാളിയായ കോശി വര്‍ഗീസാണ് 10 ലക്ഷം ഡോളര്‍ (ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) സമ്മാനം നേടിയത്. 396-ാം സീരിസ് നറുക്കെടുപ്പിലെ 0844 എന്ന നമ്പര്‍ ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്.
ഏതാനും ആഴ്‍ച മുമ്പ് ദുബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്‍ക്കിടെ എടുത്ത ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യം തേടിയെത്തിയത്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പുകളില്‍ സ്ഥിരമായി പങ്കെടുക്കുന്നയാളാണെങ്കിലും സമ്മാനം ലഭിച്ചപ്പോള്‍ അത് വിശ്വസിക്കാന്‍ സാധിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറേ വര്‍ഷങ്ങളായി ഭാഗ്യം പരീക്ഷിക്കുന്നു. ഒടുവില്‍ അത് വിജയം കണ്ടതില്‍ ഏറെ സന്തോഷമുണ്ട്. വിജയം സാധ്യമാക്കിയ ദുബൈ ഡ്യൂട്ടി ഫ്രീ ടീമിന് നന്ദി പറയുന്നതായും അദ്ദേഹം പ്രതികരിച്ചു.
Read also: ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പില്‍ വിജയിയായ പ്രവാസിക്ക് ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനിച്ച് മഹ്‍സൂസ്
1999ല്‍ ദുബൈ ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പ് ആരംഭിച്ച ശേഷം ഇന്നുവരെയുള്ള നറുക്കെടുപ്പുകളില്‍ പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടുന്ന 195-ാമത്തെ ഇന്ത്യക്കാരനാണ് കോശി വര്‍ഗീസ്. ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ വാങ്ങുന്നവരില്‍ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യക്കാര്‍ തന്നെയാണ് ഇതുവരെയുള്ള നറുക്കെടുപ്പുകളില്‍ ഏറ്റവുമധികം വിജയം കൈവരിച്ചിട്ടുള്ളതും.
മില്ലേനിയം മില്യനയര്‍ നറുക്കെടുപ്പിന് പുറമെ നാല് ആഡംബര വാഹനങ്ങള്‍ക്കായുള്ള ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പുകളും ബുധനാഴ്ച ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടന്നു. ഇതിലൊരു നറുക്കെടുപ്പില്‍ ഇന്ത്യക്കാരനായ അര്‍ജുന്‍ സിങ് ബിഎംഡബ്ല്യൂ ആര്‍ നൈന്‍ ടി പ്യുവര്‍ മോട്ടോര്‍ ബൈക്ക് സ്വന്തമാക്കി. ദുബൈ ഡ്യൂട്ടി ഫ്രീ ഫൈനസ്റ്റ് സര്‍പ്രൈസ് നറുക്കെടുപ്പ് 507-ാം സീരിസിലെ 0959 എന്ന ടിക്കറ്റിലൂടെയാണ് അദ്ദേഹത്തെ ഭാഗ്യ സമ്മാനം തേടിയെത്തിയത്.
ഇതാദ്യമായല്ല അദ്ദേഹം ദുബൈ ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പില്‍ വിജയിക്കുന്നത്. നേരത്തെ ഒരു നറുക്കെടുപ്പില്‍ അദ്ദേഹം ഹാര്‍ലി ഡേവിഡ്സണ്‍ സ്‍പോര്‍ട്സ്റ്റര്‍ എസ് ബൈക്ക് സമ്മാനമായി നേടിയിട്ടുണ്ട്. മൂന്നാമത്തെ വിജയം തേടി ഇനിയും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നത് തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ദുബൈയില്‍ ജോലി ചെയ്യുന്ന ഒരു ഡച്ച് പൗരനും ജിദ്ദയിലും കുവൈത്തിലും താമസിക്കുന്ന രണ്ട് കനേഡിയന്‍ പൗരന്മാരുമാണ് ഈ നറുക്കെടുപ്പുകളില്‍ വിജയം കൈവരിച്ച മറ്റ് രണ്ട് പേര്‍.