സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഇന്ത്യ- ഒമാൻ വ്യാപാര വളർച്ചക്ക് വഴിയൊരുക്കുമെന്ന് മന്ത്രി ഖൈസ് അൽ യൂസുഫ്

ഉൽപാദനം, ഗതാഗതം, ചരക്കുനീക്കം, ടൂറിസം, ഊർജം, ഖനനം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് പറഞ്ഞ ഖൈസ് അൽ യൂസുഫ് ഐ.എൻ.എം.ഇ.സി.സിയുടെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും നൽകി.

india oman Comprehensive Economic Partnership Agreement

മസ്കത്ത്: സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ നടപ്പാക്കുന്നത്  ഇന്ത്യയും ഒമാനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം പുതിയ തലങ്ങളിലേക്ക് ഉയരുമെന്ന് ഒമാൻ വ്യവസായ, വാണിജ്യ, നിക്ഷേപക പ്രോത്സാഹന മന്ത്രി ഖൈസ് അൽ യൂസുഫ്  പറഞ്ഞു. ഇൻഡോ - ഗൾഫ് ആൻഡ് മിഡിലീസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഐ.എൻ.എം.ഇ.സി.സി) ഡയറക്ടർ ബോർഡ് അംഗങ്ങളുമായി മന്ത്രാലയത്തിൽ നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി ഖൈസ് അൽ യൂസുഫ്.

ഉൽപാദനം, ഗതാഗതം, ചരക്കുനീക്കം, ടൂറിസം, ഊർജം, ഖനനം, ഭക്ഷ്യ സുരക്ഷ തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട വ്യവസായങ്ങളുടെ പ്രോത്സാഹനത്തിനാണ് രാജ്യം മുൻഗണന നൽകുന്നതെന്ന് പറഞ്ഞ ഖൈസ് അൽ യൂസുഫ് ഐ.എൻ.എം.ഇ.സി.സിയുടെ പ്രവർത്തനങ്ങൾക്കുള്ള പിന്തുണയും നൽകി. ഐ.എൻ.എം.ഇ.സി.സി ഒമാൻ ചാപ്റ്റിന്‍റെ പ്രവർത്തനങ്ങൾ ഒമാൻ ചേംബറിന്റെ നിയന്ത്രണത്തിൽ   പ്രവർത്തിക്കണമെന്നും അതിനുവേണ്ട രജിസ്ട്രേഷൻ സംവിധാനം നടപ്പിലാക്കുമെന്നും ഒമാൻ വ്യവസായ, വാണിജ്യമന്ത്രി ഖൈസ് അൽ യൂസുഫ് പറഞ്ഞു.

നവീനാശയങ്ങളും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ ഇരു രാജ്യങ്ങളിലെയും സ്റ്റാർട്ട്അപ്പ് നിക്ഷേപകർക്കായി ഒമാൻ ചേംബറുമായി ചേർന്ന് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നതിൻറെ സാധ്യതകൾ കൂടികാഴ്ചയിൽ ചർച്ച ചെയ്തു. ഇൻവെസ്റ്റ് ഒമാൻ, ഒമാൻ ബിസിനസ് ഫോറം എന്നിവക്ക് ഐ.എൻ.എം.ഇ.സി.സിക്ക് നൽകാൻ കഴിയുന്ന പിന്തുണയുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടികാഴ്ചയിൽ വിഷയമായി. ഇൻവെസ്റ്റ് ഒമാൻ, ഒമാൻ ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി എന്നിവയുടെ പങ്കാളിത്തത്തോടെ വാർഷിക മെഗാ ഇവൻറ് നടത്തുന്നതുമായി ബന്ധപ്പെട്ട നിർദേശം ഐ.എൻ.എം.ഇ.സി.സി കൂടികാഴ്ചയിൽ മുന്നോട്ടുവെച്ചു. ഒമാന്റെ  സമഗ്ര ബിസിനസ് അന്തരീക്ഷത്തിന് ഈ വാർഷിക പരിപാടി ഗുണം ചെയ്യുമെന്ന് ഐ.എൻ.എം.ഇ.സി.സി അംഗങ്ങൾ ചൂണ്ടികാട്ടി.

ഹോട്ടൽ അതിഥി വ്യവസായ രംഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ സഹകരണ സാധ്യതകളും കൂടികാഴ്ചയിൽ ചർച്ചയായി. ഇന്ത്യയിൽ നിന്ന് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ കഴിയും വിധം ഈ രംഗത്തെ പ്രവർത്തനങ്ങൾ മാറ്റിയെടുക്കേണ്ടതുണ്ട്. ഒമാനിലെ ആരോഗ്യ രംഗത്തേക്ക്‌ കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നത് സംബന്ധിച്ചും വിശദ ചർച്ചകൾ നടന്നു. ഇതിനായി ഇൻഷൂറൻസ് നിയമങ്ങളിൽ മന്ത്രി തല ഇടപെടൽ വേണമെന്ന് ഡയറക്ടർ ബോർഡ് അംഗങ്ങൾ ചൂണ്ടികാണിച്ചു. സേവനദാതാക്കൾക്ക് ഇൻഷൂറൻസ് കമ്പനികൾ പണമൊടുക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ക്രമപ്പെടുത്തണമെന്ന്   ഡയറക്ടർ ബോർഡ് അംഗങ്ങൾ ആവശ്യപ്പെടുകയുണ്ടായി.

Read Also -  5,000 ദിര്‍ഹം ശമ്പളം, വിസയും താമസവും ടിക്കറ്റും മെഡിക്കൽ ഇന്‍ഷുറന്‍സും സൗജന്യം; യുഎഇയിൽ നിരവധി ഒഴിവുകൾ

ഐ.എൻ.എം.ഇ.സി.സി ഒമാൻ ചാപ്റ്റർ പ്രസിഡൻറ് മുഹിയുദ്ദീൻ മുഹമ്മദലിയുടെ നേതൃത്വത്തിൽ ഒമാൻ ഡയറക്ടർ ഡേവിസ് കല്ലൂക്കാരൻ, വൈസ് ചെയർമാൻമാരായ ഡോ.ജെയിംസ് മാത്യു (യു.എ.ഇ), സിദ്ദീഖ് അഹമ്മദ് (സൗദി അറേബ്യ), സെക്രട്ടറി ജനറൽ ഡോ. സുരേഷ് മധുസൂദനൻ, കുവൈത്ത് ഡയറക്ടർ രാജേഷ് സാഗർ എന്നിവർ കൂടികാഴ്ചയിൽ പങ്കെടുത്തു. ഇന്ത്യയിലെയും പശ്ചിമേഷ്യ രാജ്യങ്ങളിലെയും പ്രൊഫഷനലുകളുടെയും ബിസിനസുകാരുടെയും നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ലാഭേഛയില്ലാത്ത കോർപറേറ്റ് കൂട്ടായ്മയാണ് ഇൻഡോ ഗൾഫ് മിഡിലീസ്റ്റ് ചേംബർ ഓഫ് കോമേഴ്സ്. സർക്കാർ ഏജൻസികൾ, പശ്ചിമേഷ്യൻ രാജ്യങ്ങളുടെയും ഇന്ത്യയുടെയും എംബസികൾ തുടങ്ങിയവയുടെ പങ്കാളിത്തത്തോടെ വ്യാപാരവും വ്യവസായവും വളർത്താൻ ലക്ഷ്യമിട്ട് 2022 മാർച്ചിൽ ഇന്ത്യയിലാണ് കൂട്ടായ്മയുടെ തുടക്കം. കഴിഞ്ഞ വർഷമാണ് ഒമാൻ ചേംബർ ഓഫ് കൊമേഴ്സുമായി സഹകരണ കരാർ ഒപ്പുവെച്ചത്. ഒമാന് പുറമെ യു.എ.ഇ, സൗദി, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലും കേരള, മഹാരാഷ്ട്ര, ന്യൂദൽഹി, തമിഴ്നാട് എന്നിവിടങ്ങളിലും കൂട്ടായ്മ പ്രവർത്തിക്കുന്നുണ്ട്.

കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒമാൻ ചാപ്റ്റർ വേറിട്ട പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഒമാൻ ചേംബറിന് കീഴിലെ വിദേശ നിക്ഷേപക കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാനായി ഡേവിസ് കല്ലൂക്കാരനെ ഡയറക്ടർ ബോർഡ് അംഗങ്ങൾ നാമനിർദേശം ചെയ്തിരുന്നു. മത്സ്യബന്ധന മേഖലയിലെ വെല്ലുവിളികളും അവസരങ്ങളും എന്ന വിഷയത്തിൽ ചേംബറുമായി ചേർന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ സംഘടിപ്പിച്ച സെമിനാർ ശ്രദ്ധേയമായിരുന്നു. ഈ സെമിനാറിൽ കേരളത്തിലെ സമുദ്ര ഷിപ്പ് ബിൽഡിങ് യാർഡും ഒമാനിലെ പ്രാദേശിക കമ്പനികളുമായി രണ്ട് ധാരണാപത്രങ്ങൾ ഒപ്പുവെച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിൽ 22ന് സംഘടിപ്പിച്ച ടൂറിസം സെമിനാറാണ് മറ്റൊന്ന്. ഇതിൽ മുംബൈയിലെ വെസ്റ്റ് കോസ്റ്റ് മറൈൻ സർവിസസും ഒമാനിലെ മൊഹ്സിൻ ഹൈദർ ദാർവിഷ് ഗ്രൂപ്പും ധാരണാപത്രം ഒപ്പിട്ടിരുന്നു. നിലവിൽ 20 അംഗങ്ങളാണ് ഒമാൻ ചാപ്റ്ററിലുള്ളത്. അംഗങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് കൂട്ടായ്മ. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios