റോഡ് മുറിച്ചു കടക്കവെ പ്രവാസി വാഹനമിടിച്ച് മരിച്ചു; യുഎഇയില്‍ ഡ്രൈവര്‍ അറസ്റ്റില്‍
അപകടം ഉണ്ടായി 48 മണിക്കൂറിനുള്ളിലാണ് വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തത്.
ഷാര്‍ജ: കാല്‍നടയാത്രക്കാരനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിനെ ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുപതുകാരനായ അറബ് ഡ്രൈവറാണ് അറസ്റ്റിലായത്. കാല്‍നടയാത്രക്കാരനായ ഏഷ്യന്‍ സ്വദേശിയെ അറബ് യുവാവ് ഓടിച്ച വാഹനം ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ പ്രവാസി മരിച്ചു.
അപകടം ഉണ്ടായി 48 മണിക്കൂറിനുള്ളിലാണ് വാഹനത്തിന്റെ ഡ്രൈവറെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് 6.38നാണ് ഷാര്‍ജ പൊലീസിന്റെ സെന്‍ട്രല്‍ ഓപ്പറേഷന്‍സ് റൂമില്‍ അപകടം സബന്ധിച്ച വിവരം ലഭിച്ചതെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ ഒമര്‍ മുഹമ്മദ് ബു ഗാനിം പറഞ്ഞു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ദുബൈയിലേക്കുള്ള ശൈഖ് ഖലീഫ പാലത്തിന് സമീപം ഏഷ്യക്കാരന്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട് ലഭിച്ചത്. ആറു വരി പാത മുറിച്ചു കടക്കുന്നതിനിടെയാണ് ഏഷ്യക്കാരനെ വാഹനമിടിച്ചതെന്ന് സ്ഥലത്തെ ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് കണ്ടെത്തി. അപകടം നടന്ന ഉടനെ ഡ്രൈവര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് പ്രതിക്കായി ഷാര്‍ജ പൊലീസ് നടത്തിയ തെരച്ചിലില്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ അറബ് യുവാവിനെ തിരിച്ചറിയുകയും പിടികൂടുകയും ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്തു. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. തുടര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
Read More - കാര്‍ ഒട്ടകത്തില്‍ ഇടിച്ച് അപകടം; സൗദിയില്‍ അഞ്ച് യുവാക്കള്‍ മരിച്ചു
അതേസമയം കഴിഞ്ഞ ദിവസം ഷാര്‍ജയില്‍ വാഹനാപകടത്തില്‍ കൗമാരക്കാരായ രണ്ടുപേര്‍ മരണപ്പെട്ടിരുന്നു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സ്വദേശികളാണ് ഇവര്‍ എല്ലാവരും. ഷാര്‍ജ സെന്ട്രല്‍ റീജിയണില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് വെളിപ്പെടുത്തി. അല്‍ മദാം പ്രദേശത്താണ് അപകടം ഉണ്ടായത്.
Read More - 39 വയസായിട്ടും വീട്ടില്‍ നിന്ന് താമസം മാറുന്നില്ല; മകനെതിരെ പരാതിയുമായി അച്ഛന്‍ കോടതിയില്‍
പതിനാലും പതിനാറും വയസ്സ് പ്രായമുള്ള കുട്ടികളാണ് അപകടത്തില്‍ മരിച്ചത്. വാഹനമോടിച്ചവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സില്ലായിരുന്നെന്ന് പൊലീസ് അറിയിച്ചു. രണ്ട് വാഹനങ്ങള്‍ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. രാത്രി 12 മണിക്കാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ അപകട വിവരം ലഭിക്കുന്നത്. ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും ആംബുലന്‍സുകളും സ്ഥലത്തെത്തി ഇവരെ അല്‍ ദൈയ്ദ് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പരിക്കേറ്റവരില്‍ രണ്ടുപേരെ റാഷിദ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. മരണപ്പെട്ട രണ്ടുപേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. സംഭവത്തില്‍ ഷാര്‍ജ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.