തുള്ളിക്കൊരു കുടം പോലെ തിമിർത്ത് പെയ്ത് മഴ; കൊടും ശൈത്യത്തിന്‍റെ പിടിയിൽ സൗദി അറേബ്യ
ശക്തമായ ഇടിമിന്നലും കാറ്റും മഴക്കൊപ്പമുണ്ടായിരുന്നു. ജിദ്ദ നഗരത്തില്‍ ഒരു മണിക്കൂറോളം നിര്‍ത്താതെ മഴ പെയ്തു.
റിയാദ്: സൗദി അറേബ്യയിൽ വ്യാപക മഴ. തിങ്കളാഴ്ച കനത്ത മഴയാണ് പല ഭാഗങ്ങളിലും പെയ്തത്. ഇന്നും മഴ തുടരുകയാണ്. ശക്തമായ മഴയാണ് പടിഞ്ഞാറൻ പ്രവിശ്യയിലെ ജിദ്ദയിലും മക്കയിലും മദീന പ്രവിശ്യയിലും പെയ്തിറങ്ങിയത്. അകമ്പടിയായി ശക്തമായ ഇടിമിന്നലും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിെൻറ പല ഭാഗത്തും വ്യാപകമായ മഴയും കാറ്റും ഇടിയും മഞ്ഞുവീഴ്ചയുമൊക്കെ ഉണ്ടാവുന്നുണ്ടെങ്കിലും ജിദ്ദയില്‍ കാര്യമായ മഴ ലഭിച്ചിരുന്നില്ല.
എന്നാല്‍ തിങ്കളാഴ്ച പുലർച്ചെ മുതൽ തന്നെ ഒന്നൊഴിയാതെ ജിദ്ദ നഗരത്തിെൻറ മുഴുവൻ ഭാഗങ്ങളിലും തുള്ളിക്കൊരു കുടം പോലെ മഴ പെയ്തിറങ്ങി. കാറ്റിെൻറയും ഇടിമിന്നലിെൻറയും അകമ്പടിയോടെ തുടങ്ങിയ മഴ ഒരു മണിക്കൂർ വരെ നീണ്ടുനിന്നു. പല റോഡുകളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടത് വാഹനഗതാഗതത്തെ സാരമായി ബാധിച്ചു. ഹയ്യ് നഈം ഭാഗത്തുണ്ടായ വെള്ളക്കെട്ട് നീക്കാൻ ദീർഘമായ സമയമെടുത്തതിനാൽ ജിദ്ദ-മദീന ഹൈവേ റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ജിദ്ദയിലെ ബസാതീൻ പ്രദേശത്താണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 38 മില്ലിമീറ്റർ മഴയാണ് കുറഞ്ഞ സമയത്തിനകം ഇവിടെ ചൊരിഞ്ഞത്. ശരിക്കും പേമാരി തന്നെയായാണ് അനുഭവപ്പെട്ടത്.
മഴ കാരണം ചില വിമാനങ്ങൾ പുറപ്പെടാൻ വൈകിയേക്കാമെന്നും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനകമ്പനികളുമായി ബന്ധപ്പെട്ട് വിമാന ഷെഡ്യൂൾ ഉറപ്പാക്കണമെന്നും ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള അധികൃതർ യാത്രക്കാർക്ക് നിർദേശം നൽകിയിരുന്നു. ശക്തമായ മഴ പ്രതീക്ഷിച്ചിരുന്നതിനാൽ തിങ്കളാഴ്ച്ച പുലർച്ചെ അഞ്ച് മുതൽ വൈകീട്ട് മൂന്ന് വരെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജിദ്ദ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. സൗദി സ്‌കൂളുകളെല്ലാം ഒരാഴ്ചത്തെ അവധിയിലാണ്. അതുകൊണ്ട് പ്രത്യേകിച്ച് അവധി പ്രഖ്യാപിക്കേണ്ടിവന്നില്ല. എന്നാൽ ഇന്ത്യൻ സ്‌കൂളുകളിൽ ഹ്രസകാല അവധിക്ക് ശേഷം അധ്യയനം പുനരാരംഭിച്ചിരുന്നതിനാൽ തിങ്കളാഴ്ച്ച അവധി പ്രഖ്യാപിക്കേണ്ടി വന്നു.
ആലിപ്പഴ വർഷത്തോടെയാണ് മദീനയിൽ മഴയെത്തിയത്. 49.2 മില്ലീമീറ്റർ മഴയാണ് മദീന മേഖലയിൽ രേഖപ്പെടുത്തിയത്. മസ്ജിദുന്നബവി ഉൾപ്പെടുന്ന പ്രദേശത്ത് 36.1 മില്ലീമീറ്റർ മഴ ലഭിച്ചു. മക്കയിലും സാമാന്യം നല്ല മഴ പെയ്തു. മഴയെ വകവെക്കാതെ വിശ്വാസികൾ ഉംറ നിർവഹിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. മഴയെത്തുടർന്ന് റോഡുകളിൽ വെള്ളം കയറിയതിനാൽ മക്ക-ജിദ്ദ എക്സ്പ്രസ് ഹൈവേയിൽ വാഹനങ്ങൾ ഇഴഞ്ഞാണ് നീങ്ങിയത്. റാബിഖിൽ ചെങ്കടൽ തീരത്ത് രൂപപ്പെട്ട ശക്തമായ ചുഴലിക്കാറ്റ് തിരമാലകളുടെ ഉയർച്ചയ്ക്ക് കാരണമായി. ചുഴലിക്കാറ്റ് തീരത്തെ സ്പർശിച്ചെങ്കിലും ഉടൻ അവസാനിക്കുകയായിരുന്നു.
Read Also - ജോലിക്ക് പോകാത്തത് കണ്ട് കതകിൽ തട്ടി, മുറിയിൽ ഒരു വശം തളർന്ന നിലയിൽ കട്ടിലിൽ; കരുതലായത് മലയാളി നഴ്സുമാർ
റാബിഖ്, ഖസീം, തബൂക്ക്, അൽ ജൗഫ്, അൽ ഖുറയാത്ത്, വടക്കൻ അതിർത്തി പ്രദേശങ്ങൾ എന്നിവിടങ്ങളിലും നല്ല മഴയുണ്ടായി. ബുധനാഴ്ച്ച വരെ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ മഴക്കുള്ള സാധ്യത ഉണ്ടെന്നും കാലാവസ്ഥ നിർദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളക്കെട്ടുകൾ രൂപപ്പെടുന്ന അപകടകരമായ പ്രദേശങ്ങളിലുള്ള സന്ദർശനം അത്യാവശ്യമില്ലെങ്കിൽ ഒഴിവാക്കണമെന്നും സൗദി സിവിൽ ഡിഫൻസ് ജനങ്ങളോട് അഭ്യര്‍ഥിച്ചു. വ്യാപക മഴയെ തുടർന്ന് രാജ്യവ്യാപകമായി ശൈത്യം കടുത്തിട്ടുണ്ട്. ഇനിയുള്ള ദിവസങ്ങൾ കൊടും ശൈത്യത്തിേൻറതാവും. ശക്തമായ ശീതക്കാറ്റും വീശുന്നുണ്ട്.