കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ഒമാനില്‍ കാലാവസ്ഥ മുന്നറിയിപ്പ്
കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശാനുള്ള സാധ്യതയുണ്ട്.
മസ്കറ്റ്: ഒമാന്‍റെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഒക്ടോബര്‍ 15 ചൊവ്വാഴ്ച മുതല്‍ ഒക്ടോബര്‍ 16ന് പുലര്‍ച്ചെ വരെയാണ് മഴയ്ക്ക് സാധ്യതയുള്ളതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.
തിങ്കളാഴ്ച വൈകുന്നേരം മുതല്‍ കാലാവസ്ഥ മാറ്റം ഉണ്ടാകുമെന്നും ഇത് ബുധനാഴ്ച വരെ നീണ്ടു നില്‍ക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. തെക്കന്‍ അല്‍ ശര്‍ഖിയ, അല്‍ വുസ്ത, ദോഫാര്‍, മസ്കറ്റിന്‍റെ വിവിധ പ്രദേശങ്ങള്‍, വടക്കന്‍ അല്‍ ശര്‍ഖിയ, അല്‍ ദാഖിലിയ, തെക്കന്‍ അല്‍ ബത്തിന, വടക്കന്‍ അല്‍ ബത്തിന, അല്‍ ദാഹിറ, അല്‍ ബുറൈമി എന്നീ പ്രദേശങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നുണ്ട്.
30 മുതല്‍ 80 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കുന്നുണ്ട്. ശക്തമായ കാറ്റും ആലിപ്പഴ വര്‍ഷവും ഉണ്ടാകും. മണിക്കൂറില്‍ 28 മുതല്‍ 64 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശും. മഴ മൂലം വാദികള്‍ നിറഞ്ഞൊഴുകും. കാലാവസ്ഥ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ ഈ ദിവസങ്ങളില്‍ വാദികള്‍ മുറിച്ച് കടക്കുന്നത് ഒഴിവാക്കണമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഒമാന്‍ കടല്‍ത്തീരത്ത് തിരമാലകള്‍ 1.5 മുതല്‍ 3 മീറ്റര്‍ വരെ ഉയരാനും സാധ്യതയുണ്ട്. ദൂരക്കാഴ്ച കുറയും. പൊതുജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം