ഓണ്‍ലൈന്‍ വഴി അപമാനിച്ചാല്‍ പിടിവീഴും; ഒരു കോടി രൂപ വരെ പിഴ!
തന്റെ സഹപ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന രീതിയില്‍ വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയച്ച യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അടുത്തിടെ നിര്‍ദ്ദേശിച്ചിരുന്നു.
ദുബൈ: ഓണ്‍ലൈന്‍ വഴി മറ്റുള്ളവരെ അപമാനിച്ചാല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ (1 കോടി ഇന്ത്യന്‍ രൂപ) പിഴ ഈടാക്കുമെന്ന് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് തടവും പിഴയും ലഭിക്കുമെന്ന് ദെയ്‌റ പ്രോസിക്യൂഷന്‍ അസിസ്റ്റന്റ് ചീഫ് പ്രോസിക്യൂട്ടര്‍ ഖാലിദ് ഹസന്‍ അല്‍ മുതവ പറഞ്ഞു.
തന്റെ സഹപ്രവര്‍ത്തകനെ അധിക്ഷേപിക്കുന്ന രീതിയില്‍ വാട്‌സാപ്പില്‍ ശബ്ദ സന്ദേശം അയച്ച യുവാവ് 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ അടുത്തിടെ കോടതി വിധിച്ചിരുന്നു. യുഎഇയിലെ അല്‍ ഐന്‍ പ്രാഥമിക കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയായ യുവാവ് പരാതിക്കാരന് അയച്ച വാട്സ്ആപ് വോയിസ് മെസേജ്, അയാളെ അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് കോടതി കണ്ടെത്തുകയായിരുന്നു.
30 വയസില്‍ താഴെ പ്രായമുള്ള അറബ് വംശജനാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. ഒപ്പം ജോലി ചെയ്യുന്ന സഹപ്രവര്‍ത്തകന്‍ വാട്സ്ആപിലൂടെ തനിക്ക് അയച്ച വോയിസ് മെസേജ് തന്നെ അപമാനിക്കുന്നതും അസഭ്യവും ഭീഷണിപ്പെടുത്തുന്നതുമാണെന്ന് ഇയാള്‍ പരാതിയില്‍ ആരോപിച്ചു. തനിക്ക് നേരിടേണ്ടി വന്ന മാനസിക പ്രയാസങ്ങള്‍ക്ക് നഷ്ടപരിഹാരമായി 50,000 ദിര്‍ഹം വേണമെന്നായിരുന്നു പരാതിയിലെ ആവശ്യം. സഹപ്രവര്‍ത്തകനില്‍ നിന്ന് ഇത്തരമൊരു സന്ദേശം ലഭിച്ചത് തനിക്ക് വലിയ മാസിക ആഘാതമുണ്ടാക്കിയെന്നും ഇയാള്‍ പരാതിയില്‍ ആരോപിച്ചു.
'വ്യാജന്മാരെ കരുതുക'; പ്രവാസികൾക്ക് മുന്നറിയിപ്പുമായി യുഎഇയിലെ ഇന്ത്യൻ എംബസി
പ്രതി അയച്ച സന്ദേശങ്ങള്‍ പരാതിയോടൊപ്പം തെളിവായി കോടതിയില്‍ ഹാജരാക്കുകയും ചെയ്‍തു. ഇരുഭാഗത്തെയും വാദങ്ങള്‍ കേട്ട ശേഷം, പരാതിക്കാരനുണ്ടായ മാനസിക പ്രയാസത്തിന് നഷ്ടപരിഹാരമായി പ്രതി, 10,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിക്കുകയായിരുന്നു. കേസ് നടത്തിപ്പിന് ചെലവായ തുകയും ഇയാളില്‍ നിന്ന് ഈടാക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്.