ഹജ്ജിന് നാളെ തുടക്കം; ഇന്ന് രാത്രി മുതൽ തീർഥാടകർ മിനായിലേക്ക് പുറപ്പെടും

ഹാജിമാരെ സ്വീകരിക്കാനായി പുണ്യനഗരികൾ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. ഹജ്ജിന്‍റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനായിലാണ്.

hajj pilgrimage will start tomorrow

റിയാദ്: ലോകത്തിന്‍റെ നാനാഭാഗത്ത് നിന്നുള്ള രണ്ട് ദലക്ഷം തീർഥാടകർ പങ്കെടുക്കുന്ന ഹജ്ജിന്‍റെ സുപ്രധാന കർമങ്ങൾക്ക് വെള്ളിയാഴ്ച തുടക്കമാകും. മാനവരാശിയുടെ വിശ്വ മഹാതീർഥാടനത്തിന്‍റെ സുപ്രധാന കർമങ്ങൾ തുടങ്ങാൻ ഒരു ദിനം മാത്രം ശേഷിക്കേ രണ്ട് ലക്ഷത്തോളം തമ്പുകളും റസിഡൻഷ്യൻ ടവറുകളുമായി ഒരുങ്ങികിടക്കുന്ന മിനാ താഴ്വാരത്തിലേക്ക് വ്യാഴാഴ്ച രാത്രി മുതൽ തീർഥാടകർ ഒഴുകും. 

ഹാജിമാരെ സ്വീകരിക്കാനായി പുണ്യനഗരികൾ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ്. ഹജ്ജിന്‍റെ ആദ്യനാൾ തീർഥാടകർ താമസിക്കുന്നത് മിനായിലാണ്. അല്ലാഹുവിന്‍റെ അതിഥികളെ വരവേൽക്കാൻ ലോകത്തെ ഏറ്റവും വലിയ തമ്പുകളുടെ നഗരിയായ ഈ താഴ്വര പൂർണ സജ്ജമാണ്. ഇനിയുള്ള ഓരോ മണിക്കൂറിലും മിനാ അടിമുടി ഭക്തിനിർഭരതയിൽ ലയം കൊള്ളും. 25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനാ താഴ്വര തീർഥാടകർക്ക് തങ്ങാനുള്ള വിശാലസൗകരങ്ങളുമായി ഇത്തവണ കൂടുതൽ മികവുകളോടെയാണ് ഒരുങ്ങിയിട്ടുള്ളത്. ഹൈടെക് സംവിധാനങ്ങളുള്ള മിനാ റസിഡൻഷ്യൽ ടവറുകളും തീർഥാടകർക്കായി തുറന്നുകൊടുത്തിട്ടുണ്ട്. 

സ്റ്റാർ ഹോട്ടലിന് സമാനമാണ് ഇവിടുത്തെ താമസസൗകര്യങ്ങൾ. ഇതിലൂടെ 30,000 തീർഥാടകർക്ക് കൂടി താമസസൗകര്യമായി. തമ്പുകളും ഇത്തവണ കൂടുതൽ മികവോടെ ഒരുക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി മുതൽ മിനാ താഴ്വരയിലെ തമ്പുകളിൽ തീർഥാടകർ എത്തിതുടങ്ങും. അവിടേക്ക് പുറപ്പെടാൻ മക്കയിലെ നിലവിലെ താമസകേന്ദ്രങ്ങളിൽ അവസാന തയ്യാറെടുപ്പിലാണ് അവർ. ശനിയാഴ്ചയാണ് ഹജ്ജിന്‍റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം.

Read Also - തീപിടിത്തം; സാമ്പത്തിക സഹായം നൽകാൻ ഉത്തരവിട്ട് അമീർ, മൃതദേഹങ്ങൾ വിമാനമാര്‍ഗം ഇന്ത്യയിലെത്തിക്കാൻ നിർദ്ദേശം

മിനായിൽ ഒരു ദിനം രാപ്പാർത്താണ് അതിൽ പങ്കെടുക്കാൻ അറഫയിലേക്ക് നീങ്ങുക. ഒരു പകൽ അറഫയിൽ കഴിച്ചുകൂട്ടി, മുസ്‌ദലിഫയിൽ അന്തിയുറങ്ങി ഞായറാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്നു ദിനം രാപ്പാർത്താണ് കർമങ്ങൾ പൂർത്തിയാക്കുക. ഹജ്ജ് കർമങ്ങൾ അടുത്തതോടെ മക്ക മനുഷ്യസാഗരമായി ഇരമ്പിയാർക്കുകയാണ്. 17 ലക്ഷത്തോളമാണ് വിദേശത്ത് നിന്ന് എത്തുന്ന തീർഥാടകർ. ഇവരിൽ അധികവും മക്കയിൽ എത്തിക്കഴിഞ്ഞു. ബാക്കി സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തുന്ന ആഭ്യന്തര തീർഥാടകരാണ്. അവരും പുണ്യഭൂമിയിലേക്ക് പുറപ്പെട്ടുകഴിഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

Latest Videos
Follow Us:
Download App:
  • android
  • ios