പ്രവാസികൾക്ക് തിരിച്ചടി; വിമാന ടിക്കറ്റ് നിരക്കിൽ നിലപാട് അറിയിച്ച് മുഖ്യമന്ത്രിക്ക് കേന്ദ്രമന്ത്രിയുടെ മറുപടി

മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി.

gulf news union minister send letter to pinarayi vijayan over increasing flight ticket fare rvn

ദില്ലി: ഗള്‍ഫ് നാടുകളിലേക്കും വിദേശ രാജ്യങ്ങളില്‍ നിന്നും കേരളത്തിലേക്കുമുള്ള വിമാന ടിക്കറ്റ് നിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍ ദുരിതത്തിലായിരിക്കുകയാണ് പ്രവാസി മലയാളികള്‍. ടിക്കറ്റ് നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് തിരിച്ചടിയാകുകയാണ്. ഇതിന്‍റെ പശ്ചാത്തലത്തില്‍ ഓണം സീസണിൽ വിദേശ രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് വർധനവ് നിയന്ത്രിക്കാൻ ഇടപെടണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ ഇത് നിരസിച്ചു. 

മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ കത്തിനുള്ള മറുപടിയിൽ സിവിൽ വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ഇക്കാര്യം വിശദമാക്കി. ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശവും അധികാരവും വിമാനക്കമ്പനികൾക്കാണ്. ഓണസമയത്ത് മറ്റുള്ള സമയത്തേക്കാൾ 9.77 ശതമാനം വർദ്ധനവ് മാത്രമേയുള്ളൂ. ഡൈനാമിക് പ്രൈസിംഗ് രീതിയായതിനാൽ യാത്രക്കാർ നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുക മാത്രമേ മാർഗമുള്ളൂവെന്ന് സിന്ധ്യ മുഖ്യമന്ത്രിക്കുള്ള കത്തിൽ വ്യക്തമാക്കി. 

ഓരോ അപേക്ഷയും പ്രത്യേകമായി പരിഗണിച്ചു കൊണ്ടാണ് ചാർട്ടർ വിമാനങ്ങൾ അനുവദിക്കുന്നതെന്നും വ്യോമയാന മന്ത്രി മറുപടിയിൽ വ്യക്തമാക്കി. അമിത വിമാനയാത്രാ നിരക്ക് നിയന്ത്രിക്കണമെന്നും ചട്ടങ്ങൾക്കനുസരിച്ച് ചാർട്ടേഡ് വിമാനങ്ങൾ ഓപ്പറേറ്റ് ചെയ്യാൻ  അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി മാർച്ച് 30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കത്തയച്ചിരുന്നു.

Read Also - പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; കേരളത്തില്‍ രണ്ടിടങ്ങളിലേക്ക് സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ലൈന്‍

പ്രവാസികള്‍ക്ക് ഇരുട്ടടിയായി വിമാനക്കൂലി കൊള്ള, മൂന്നിരട്ടി തുക 

ഗൾഫിലേക്കുള്ള വിമാനക്കൂലി കൊള്ള ബെന്നി ബഹനാൻ എംപി പാർലമെൻ്റിൽ ഉന്നയിച്ചിരുന്നു . ഓണാവധി കഴിഞ്ഞ് ഗൾഫ് രാജ്യങ്ങളിലേക്ക് മടങ്ങിപ്പോകുന്നവർക്ക് ഇരുട്ടടിയായി മാറുകയാണ് വർദ്ധിപ്പിച്ച വിമാനക്കൂലിയെന്നും ടിക്കറ്റ് നിരക്കിൽ തീവെട്ടി കൊള്ള നടത്തുന്ന വിമാന കമ്പനികൾക്കെതിരെ നടപടികൾ വേണമെന്നും വിഷയം പാർലമെന്റ്ൽ ചർച്ച ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ബെന്നി ബഹനാൻ എംപി ലോക്സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.  

മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തുകയേക്കാൾ മൂന്നിരട്ടി തുകയാണ് കേരളത്തിലെ വിമാനത്താവളങ്ങൾ വഴി ഗൾഫ് മേഖലയിലേക്ക് എത്തണമെങ്കിൽ നൽകേണ്ടത്. നാൽപ്പതിനായിരം മുതൽ 75,000 രൂപ വരെയാണ് ഈ സമയത്ത് കേരളത്തിൽ നിന്ന് ഗൾഫ് മേഖലകളിലേക്ക് ഈടാക്കുന്ന തുക.

സാധാരണ നിലയിൽ പതിനായിരത്തിനും 15000നും ലഭിക്കുന്ന ടിക്കറ്റ് നിരക്കാണ് വർദ്ധിപ്പിച്ച് മൂന്നിരട്ടി വരെയാക്കി നിശ്ചയിച്ചിരിക്കുന്നത്. വിമാന കമ്പനികൾക്ക് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള അവകാശമുണ്ടെന്ന നിലപാട് മാറ്റണമെന്നും  അവധിക്കാലങ്ങളിൽ വിമാന കമ്പനികൾ നടത്തുന്ന തീവെട്ടിക്കൊള്ള പരിഹരിക്കുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ കൈക്കൊള്ളണമെന്നും ബെന്നി ബഹനാൻ എംപി നൽകിയ നോട്ടീസിൽ ആവശ്യപ്പെടുന്നു.

Read Also -  പകരം വിമാനം എർപ്പാടാക്കും; ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 3.30ന് പുറപ്പെടുമെന്ന് അറിയിപ്പ്

നാട്ടിലേക്ക് വർഷാവർഷം അവധിക്ക് എത്തുന്ന പ്രവാസികൾ ഓണവും ആഘോഷിച്ച് ഗൾഫിലെ സ്കൂൾ തുറക്കുന്ന സമയം നോക്കിയാണ് മടങ്ങാറ്. ഗൾഫില്‍ സ്കൂൾ തുറക്കുന്നത് സെപ്തംബർ ആദ്യവാരത്തിലാണ്. അവധി കഴിഞ്ഞ് കൂട്ടത്തോടെ മടക്കയാത്ര നടത്തുന്ന പ്രവാസികളുടെ നടുവൊടിക്കുന്നതാണ് ഭീമമായ ഈ നിരക്ക് വർധന.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios