അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍; ഇസ്രയേലിന് പിന്തുണ നല്‍കാനെന്ന് ആരോപണം, മറുപടി നല്‍കി അധികൃതര്‍
യുഎസ് സൈനിക വിമാനങ്ങള്‍ യുഎഇയിലെ അല്‍ ദഫ്ര എയര്‍ ബേസിലെത്തിയത് ഇസ്രയേലിന് പിന്തുണ നല്‍കാനാണെന്ന തരത്തില്‍ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.
അബുദാബി: അമേരിക്കന്‍ സൈനിക വിമാനം യുഎഇയില്‍. എന്നാല്‍ യുഎസ് സൈനിക വിമാനം യുഎഇയിലെ അല്‍ ദഫ്ര എയര്‍ ബേസിലെത്തിയത് ഇസ്രയേലിന് പിന്തുണ നല്‍കാനാണെന്ന തരത്തില്‍ ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് യുഎഇ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. ഇസ്രയേലിന് പിന്തുണ നല്‍കുക എന്ന ലക്ഷ്യത്തോടെയല്ല അമേരിക്കന്‍ സൈനിക വിമാനം അല്‍ ദഫ്ര വ്യോമതാവളത്തിലെത്തിയതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച ഷെഡ്യൂളുകള്‍ക്ക് അനുസരിച്ചാണ് അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ അല്‍ ദഫ്ര വ്യോമതാവളത്തിലെത്തിയത്. അമേരിക്കയും യുഎഇയും തമ്മിലുള്ള സൈനിക സഹകരണത്തിന്റെ ഭാഗമായി മുന്‍കൂട്ടി നിശ്ചയിച്ച ടൈംടേബിളുകള്‍ അനുസരിച്ച് അല്‍ ദഫ്ര എയര്‍ ബേസില്‍ യുഎസ് വിമാനങ്ങളുടെ വരവ് ഏതാനും മാസങ്ങളായി നടക്കുന്നുണ്ടെന്നും ഇതിന് മേഖലയില്‍ നിലവില്‍ നടക്കുന്ന സംഭവവികാസങ്ങളുമായി ഒരു ബന്ധവുമില്ലെന്നും
മന്ത്രാലയം വിശദമാക്കി.
Read Also - യുദ്ധഭൂമിയില്‍ നിന്ന് ആശ്വാസതീരത്തേക്ക്; ഇസ്രയേലില്‍ നിന്നെത്തിയ ആദ്യ സംഘത്തിലെ അഞ്ച് മലയാളികൾ നാടണഞ്ഞു
അതേസമയം വടക്കന്‍ ഗാസയിലേക്ക് ഇരച്ചുകയറാന്‍ തയ്യാറായി അതിര്‍ത്തിയില്‍ ഇസ്രയേല്‍ സൈന്യം സജ്ജമായിരിക്കെ 13 ബന്ദികള്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന വിവരം പുറത്തുവിട്ടിരിക്കുകയാണ് ഹമാസ്. ഇസ്രയേലിന്‍റെ വ്യോമാക്രമണത്തിലാണ് 13 ബന്ദികളും കൊല്ലപ്പെട്ടതെന്നും ഹമാസ് അവകാശപ്പെട്ടു. 150ലേറെ ബന്ദികളാണ് ഹമാസിന്‍റെ പിടിയിലുള്ളത്. കൊല്ലപ്പെട്ട ബന്ദികളില്‍ വിദേശികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ അമേരിക്കൻ വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൻ പലസ്തീൻ പ്രസിഡൻറ് മഹമ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.
ഇസ്രയേലിലെ അഷ്കലോണിനെ ലക്ഷ്യമിട്ട് വീണ്ടും റോക്കറ്റാക്രമണം ഉണ്ടായി. ഇതുവരെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1500 കടന്നു. 13 ബന്ദികള്‍ കൊല്ലപ്പെട്ടുവെന്ന വിവരം പുറത്തുവന്നതോടെ ശേഷിക്കുന്ന ബന്ദികളെ രക്ഷപ്പെടുത്താന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. വിവിധ രാജ്യക്കാരായ 150ലധികം പേരെയാണ് ഹമാസ് ബന്ദികളാക്കിവെച്ചിരിക്കുന്നത്. കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികര്‍ വരെയുള്ള ബന്ദികളിൽ ആരൊക്കെ ജീവനോടെ ശേഷിക്കുന്നുവെന്ന് അറിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
നൂറു കണക്കിന് ഇസ്രയേൽ പൗരന്മാരെ ഹമാസ് ബന്ദികൾ ആക്കി ഗാസയിലേക്ക് കൊണ്ടുപോകാൻ ഉദ്ദേശിച്ചിരുന്നുവെന്നും അവരിൽ പലരെയും കമാൻഡോ ഓപ്പറേഷനിലൂടെ മോചിപ്പിക്കുക ആയിരുന്നു എന്നുമാണ് ഇസ്രയേൽ സൈന്യം അറിയിച്ചിരിക്കുന്നത്.
(ഫയല്‍ ചിത്രം- റോയിട്ടേഴ്സ്)
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...