'സുഖമായി ഒന്നുറങ്ങണം, എന്‍റെ കുട്ടികൾക്കൊപ്പം ചെലവഴിക്കണം'; സ്വന്തം മണ്ണില്‍ കാലുകുത്തി സുൽത്താൻ അൽ നെയാദി
ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കണ്ടത് മനോഹരം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാൻ വിജയം അഭിമാനം നൽകുന്നു.
അബുദാബി: ബഹിരാകാശ ദൗത്യം പൂര്‍ത്തിയാക്കി സുല്‍ത്താന്‍ അല്‍ നെയാദി തിരികെ യുഎഇയിലെത്തി. ഗംഭീര സ്വീകരണമാണ് പിറന്ന നാട് സുല്‍ത്താന്‍ അല്‍ നെയാദിക്കായി ഒരുക്കിയത്.
"സുഖമായി ഒന്നുറങ്ങണം, എന്‍റെ കുട്ടികൾക്കൊപ്പം ചെലവഴിക്കണം. പള്ളിയിൽ പോകണം.. പ്രാർത്ഥിക്കണം. ആളുകളോട് സംസാരിക്കണം". ഹൂസ്റ്റണിൽ നിന്ന് അബുദാബിയിൽ ഏഴ് പോർവിമാനങ്ങളുടെ അകമ്പടിയിൽ വന്നിറങ്ങിയ സുൽത്താൻ അൽ നെയാദി തൻറെ മുന്നിലുള്ള ആഗ്രഹങ്ങളെ കുറിച്ച് വാർത്താ സമ്മേളനത്തിൽ പറഞ്ഞതാണ് ഈ വാക്കുകൾ.
ആറു മാസക്കാലം ബഹിരാകാശത്ത് ഒപ്പം കൊണ്ട് നടന്ന സുഹൈൽ എന്ന കളിപ്പാവ വന്നിറങ്ങിയ ഉടൻ സുൽത്താൻ അൽ നെയാദി എയർപോർട്ടിൽ വന്ന തന്‍റെ അഞ്ചു മക്കളിൽ ഒരാൾക്ക് കൈമാറി. തിരികെ വരുമ്പോൾ ആ പാവ കൊണ്ടുവരണം എന്ന മകൻറെ ആഗ്രഹമായിരുന്നു അത്. അത് പൂർത്തീകരിച്ചു.
ദൗത്യ പൂർത്തീകരണം വിജയിപ്പിച്ചു മടങ്ങി വന്നു ഉടൻ, താൻ ബഹിരാകാശത്ത് കൊണ്ട് പോയ യുഎഇയുടെ പതാക നെയാദി യുഎഇ ഭരണാധികാരികൾക്കു കൈമാറി. പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്‍, പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവർ നെയാദിയെ ചേർത്ത് പിടിച്ചു.
ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കണ്ടത് മനോഹരം ആയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ ചന്ദ്രയാൻ വിജയം അഭിമാനം നൽകുന്നു. ചൊവ്വ, ചാന്ദ്ര ദൗത്യം അങ്ങനെ വലിയ ദൗത്യങ്ങളുടെ പണിപ്പുരയിൽ ആണ് യുഎഇ. ഭാവിയിലെ ഏതു ദൗത്യത്തിനും ഇനിയും തയാറെന്ന് സുൽത്താൻ അല് നെയാദി പറഞ്ഞു.
വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഭാവിയിൽ സാധ്യത ഉള്ളതാണ് ബഹിരാകാശ ദൗത്യം. റേഡിയോ വികിരണം ഏറ്റത് മുതൽ ഉള്ള ആരോഗ്യ പ്രശ്നങ്ങൾ. അവ കണ്ടെത്തലും, മറികടക്കലും ഒക്കെയായി ജീവിതം ഇനി മുന്നോട്ട് പോകും. സ്വപ്നങ്ങൾ നട്ട് കാത്തിരിക്കുന്നവർക്ക് മുന്നിൽ സുൽത്താൻ ഇങ്ങനെ പറഞ്ഞു-" കുഞ്ഞായിരുന്നപ്പോൾ കണ്ട സ്വപ്നം യാഥാർത്ഥ്യമായി."
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...