ആ ചോദ്യത്തിന് ഉത്തരം; ബഹിരാകാശത്ത് നിന്ന് ഭൂമിയിലെത്തിയ സുല്‍ത്താന്‍ അല്‍ നെയാദി മകനായി കരുതിയ സര്‍പ്രൈസ്
ഇനിയുമേത് ദൗത്യത്തിനും പോകാൻ തയാറെന്ന് സുൽത്താൻ വ്യക്തമാക്കിക്കഴിഞ്ഞു. റേഡിയേഷൻ വികിരണമേറ്റതിന്റെ പ്രത്യാഘാതം ഉൾപ്പടെ പഠനമേറെ ബാക്കിയുണ്ട് സുൽത്താൻ നെയാദിയുടെ ശരീരത്തിൽ.
ദുബൈ: 6 മാസക്കാലം, തന്റെ പ്രിയപ്പെട്ടവരെ കാണാതെ ഏകനായി ബഹിരാകാശത്ത് കഴിഞ്ഞ ഒരാളുടെ മനസ്സിലെന്തായിരിക്കും? റേഡിയോ വികിരണമേറ്റ്, ആരോഗ്യ പ്രശ്നങ്ങൾക്ക് ഏറെ സാധ്യതയുള്ള ആ ശാസ്ത്രജ്ഞന്റെ ഭാവി ജീവിതം എങ്ങനെയായിരിക്കും? സീറോ ഗ്രാവിറ്റിയിൽ ഒഴുകിനടന്ന മനുഷ്യൻ ഭൂമിയിലെത്തിയപ്പോൾ മനസ്സിലൂടെ കടന്നുപോയിരിക്കുക എന്തൊക്കെയായിരിക്കും?
വാനലോകത്തെ വിജയിച്ചു വന്ന പോരാളി സുൽത്താൻ അൽ നയാദിക്ക് യുഎഇ നൽകിയ വരവേൽപ്പിലുണ്ട് എല്ലാം. തന്റെ മക്കളെ ചേർത്തു പിടിച്ച്, അവർക്കൊപ്പം കഴിയാനുള്ള കൊതി തുറന്നു പറഞ്ഞു സുൽത്താൻ അൽ നയാദി. ഭൂമിയിലെത്തും മുൻപ്, ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് കുരുന്നു ശബ്ദത്തിലൊരു ചോദ്യം കടന്നു ചെന്നു. ഹേ സുൽത്താൻ. ഇത് ഞാനാണ് അബ്ദുല്ല സുൽത്താൻ അൽ നയാദി.. അങ്ങയുടെ മകൻ. ഭൂമിയിൽ അങ്ങേക്ക് ഏറ്റവും പ്രിയപ്പെട്ടതെന്താണ്?
നീതന്നെ പ്രിയപ്പെട്ടവനേ എന്ന് നെയാദി മകന് മറുപടി പറഞ്ഞു. ഈ ബഹിരാകാശത്ത് ഇങ്ങനെ തൂവൽപോലെ ഒഴുകിനടക്കുന്നത് നിനക്ക് തീർച്ചയായും ഇഷ്ടപ്പെടും. സ്പേസ് സ്റ്റേഷനുള്ളിൽ ഒന്നു കരണം മറിഞ്ഞു കൗതുകം നിറച്ച് സുൽത്താൻ നെയാദി മക്കളുടെ പ്രിയപ്പെട്ട പിതാവായി. തിരികെ വരുമ്പോൾ എന്തു കൊണ്ടുവരുമെന്ന മകൻ റാഷിദിന്റെ ചോദ്യത്തിന് സുൽത്താൻ അൽ നെയാദി ഒരു സസ്പെൻസ് കാത്തു വെച്ചു.
നെയാദിയുടെ ജന്മദേശമായ അൽ ഐൻ എന്ന് മുഖത്തെഴുതിയ പ്രസിഡൻഷ്യൽ വിമാനം ഹൂസ്റ്റണിലെ റൺവേയിൽ ടേക്ക് ഓഫ് കാത്തുകിടക്കുന്നു. എയർ ട്രാഫിക് കൺട്രോളിൽ തിരക്കും ആവേശവും ആകാംക്ഷയും. 7 പോർവിമാനങ്ങളുടെ അകമ്പടി. നിരീക്ഷണത്തിനും മെഡിക്കൽ പരിശോധനകൾക്കും ശേഷം പുറത്തിറങ്ങി, വിമാനത്തിലിരുന്ന് നാടെത്തിയോ എന്ന ആകാംക്ഷയെന്നോണം ഭൂമിയെ കൺനിറയെ കണ്ട് നെയാദി. അബുദാബി വിമാനത്താവളത്തിൽ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സയീദ് അൽ നഹ്യാനും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമും. കുടുംബം, നാട്ടുകാർ പൗരപ്രമുഖർ. വിമാനത്താവളം ഇളകിമറിഞ്ഞു.
എയ്റോബ്രിഡ്ജിൽ വെച്ചു തന്നെ സുൽത്താൻ തന്റെ 5 മക്കളെ വാരിയെടുത്തു. ബഹിരാകാശത്ത് ഒപ്പം കൊണ്ടുനടന്ന സുഹൈൽ എന്ന കളിപ്പാവ ഭൂമിയിൽ നിന്ന് ബഹിരാകാശത്തേക്ക് ചോദ്യമെറിഞ്ഞ മകനു വെച്ചുനീട്ടി.എന്തുകൊണ്ടുവരുമെന്ന അന്നത്തെ ചോദ്യത്തിന് ഉത്തരം നൽകി.
കൊണ്ടുപോയ രാജ്യത്തിന്റെ പതാക തലവന്മാരുടെ കൈകളിൽ തരികെയേൽപ്പിച്ചു. നാടിന്റെ അഭിമാനമായ പുത്രന് പിതാവും, തലമുതിർന്നവരും മുത്തം നൽകി. ശരീര ഭാരം കൂടരുത്, ചെറിയൊരു പിഴവ് പോലുമരുത്, അപകടത്തിൽപ്പെടരുത്, പിഴവിൽ നിന്ന് സ്വന്തം മരണമോ മറ്റൊരാൾക്ക് അപകടമോ ഉണ്ടാകരുത്.
7 മണിക്കൂർ പൂർത്തിയാക്കി സ്പേസ് വാക്കിലെ റിസ്കും, ബഹിരാകാശത്തെ വെല്ലുവിളികളും സുൽത്താൻ വിവരിച്ചു. ഭൂമിയിൽ വന്നിറങ്ങുന്നത് ഒട്ടും എളുപ്പമല്ലായിരുന്നു. ഗുരുത്വാകർഷണം ശരീരത്തെ പിടിച്ചു താഴെക്ക് ഞെരിക്കുന്നത് പോലെ തോന്നി. നിൽക്കാൻ ശ്രമിച്ചപ്പോഴും പരാജയപ്പട്ടു. അപ്പോഴും മനോഹരമായ കാഴ്ച്ചകളായി ഒന്നിലേറെ സൂര്യോദയങ്ങളും ഹിമാലത്തിന്റെ കാഴ്ച്ചകളും മായാതെ മനസ്സിൽ. ചന്ദ്രയാൻ ദൗത്യ വിജയത്തിൽ ആവേശം.
ബഹിരാകാശത്തേക്ക് പോകാൻ തയാറെടുത്ത് നിൽക്കുന്ന യുഎഇ വനിത നോറ അൽ മത്രുഷിയും, മുഹമ്മദ് അൽ മുല്ലയും , യുഎഇയുടെ ആദ്യ ബഹിരാകാശ യാത്രികൻ ഹസ്സ അൽ മൻസൂരിയും സ്വീകരിക്കാൻ എത്തിയിരുന്നു. ബഹിരാകാശം കീഴടക്കി. ഇനി ചൊവ്വ, ചാന്ദ്ര ദൗത്യങ്ങൾ തയാറെടുക്കുകയാണ് യുഎഇ. ഇന്ത്യയുമായുള്ള സഹകരണം കൂടി കൂടുതൽ ശക്തമാവുകയാണ് പുതിയ ദൗത്യങ്ങളിലൂടെ.
ഇനിയുമേത് ദൗത്യത്തിനും പോകാൻ തയാറെന്ന് സുൽത്താൻ വ്യക്തമാക്കിക്കഴിഞ്ഞു. റേഡിയേഷൻ വികിരണമേറ്റതിന്റെ പ്രത്യാഘാതം ഉൾപ്പടെ പഠനമേറെ ബാക്കിയുണ്ട് സുൽത്താൻ നെയാദിയുടെ ശരീരത്തിൽ. വരും കാല ശാസ്ത്രദൗത്യങ്ങൾക്കും, അതിലെ പ്രത്യാഘാതങ്ങൾക്കും നേട്ടങ്ങൾക്കുമുള്ള പഠനോപകരണം കൂടിയാണ് ഇനി ഈ സുൽത്താൻ. രാജ്യത്തിനായി സ്വയം സമർപ്പിച്ച സൈനികന്റെ പുത്രൻ.