ഭക്ഷ്യ വിലക്കയറ്റം കുറഞ്ഞ ലോകരാജ്യങ്ങളില്‍ ഈ ഗള്‍ഫ് നാടും; പുതിയ റിപ്പോര്‍ട്ട്
ലോകബാങ്കിന്റെ സൂചിക അനുസരിച്ച് ഭക്ഷ്യ വിലക്കയറ്റ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണ് എന്നതാണ് പച്ച നിറം കൊണ്ട് ഉദ്ദേശിക്കുന്നത്.
ദോഹ: ആഗോളതലത്തില്‍ ഭക്ഷ്യവിലക്കയറ്റ നിരക്ക് കുറഞ്ഞ രാജ്യങ്ങളില്‍ ഖത്തറും. 2022 ജൂലൈയ്ക്കും 2023 മേയ്ക്കും ഇടയില്‍ വര്‍ഷാടിസ്ഥാനത്തില്‍ രണ്ട് ശതമാനത്തില്‍ താഴെയാണ് ഖത്തറില്‍ ഭക്ഷ്യവിലക്കയറ്റം. ലോകബാങ്ക്, അന്താരാഷ്ട്ര നാണയനിധി, ട്രേഡിങ് എക്കണോമിക്‌സ് എന്നിവ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ഭക്ഷ്യവിലക്കയറ്റം നിര്‍ണയിക്കുന്ന സൂചിക പ്രകാരം 2022 ജൂലൈയില്‍ ഖത്തറിലെ ഭക്ഷ്യവിലക്കയറ്റ നിരക്ക് 4.8 ശതമാനമായിരുന്നു. ഓഗസ്റ്റില്‍ 6.4 ശതമാനം, സെപ്തംബറില്‍ 4.6 ശതമാനം, ഒക്ടോബറില്‍ 1.3 ശതമാനം, നവംബറില്‍ 0.3 ശതമാനം, ഡിസംബറില്‍ 1.5 ശതമാനം, ജനുവരി 2023 - 0.6 ശതമാനം ഫെബ്രുവരിയില്‍ 1.9 ശതമാനം, മാര്‍ച്ച് 0.7 ശതമാനം, ഏപ്രില്‍- 1.4 ശതമാനം, മേയ്- 1.5 ശതമാനം എന്നിങ്ങനെയായിരുന്നു. ഭക്ഷ്യവിലക്കയറ്റത്തിന്റെ തോത് രേഖപ്പെടുത്തുന്നതിന് ട്രാഫിക് സിഗ്നല്‍ ലൈറ്റ് സൂചികയാണ് ലോകബാങ്ക് ഉപയോഗിച്ചത്. ലോകബാങ്കിന് കീഴിലെ കാര്‍ഷിക-ഭക്ഷ്യ യൂണിറ്റുമായി ചേര്‍ന്നാണ് കഴിഞ്ഞ കാലങ്ങളിലെ ഭക്ഷ്യ വിലക്കയറ സൂചകങ്ങള്‍ വിലയിരുത്തികൊണ്ട് കളര്‍ കോഡ് തയ്യാറാക്കിയത്. ഇത് അനുസരിച്ച് ഖത്തറിന്റെ കളര്‍ കോഡ് പച്ചയാണ്.
ലോകബാങ്കിന്റെ സൂചിക അനുസരിച്ച് ഭക്ഷ്യ വിലക്കയറ്റ നിരക്ക് രണ്ട് ശതമാനത്തില്‍ താഴെയാണ് എന്നതാണ് പച്ച നിറം കൊണ്ട് ഉദ്ദേശിക്കുന്നത്. പ്രധാനമായും അന്താരാഷ്ട്ര നാണയനിധി നല്‍കുന്ന സ്ഥിതി വിവര കണക്കുകള്‍ അടിസ്ഥാനമാക്കിയാണ് ലോകബാങ്ക് ഭക്ഷ്യ വിലക്കയറ്റ നിരക്കുകളുടെ കണക്ക് തയ്യാറാക്കുന്നത്.
Read Also - ഈ ഗള്‍ഫ് രാജ്യങ്ങളില്‍ ഇനി ഇന്ത്യക്കാര്‍ക്ക് വിസയില്ലാതെ യാത്ര ചെയ്യാം; പുതിയ പട്ടിക പുറത്ത്
ചില തരം ബിസ്‌കറ്റുകള്‍ക്കെതിരെ മുന്നറിയിപ്പ്; പിന്‍വലിക്കാന്‍ നിര്‍ദ്ദേശിച്ച് ഖത്തര്‍ ആരോഗ്യ മന്ത്രാലയം
ദോഹ: സ്‌പെയിനില്‍ നിര്‍മ്മിക്കുന്ന ടെഫ് ഫ്‌ലോര്‍ ക്രാക്കറുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കി ഖത്തര്‍ പൊതുജാനരോഗ്യ മന്ത്രാലയം. 2023 ജൂലൈ 30, ഒക്ടോബര്‍ 17, ഒക്ടോബര്‍ 27 എന്നീ തീയതികളില്‍ എക്‌സ്പയറി ഡേറ്റുള്ള സ്പാനിഷ് നിര്‍മ്മിത ടെഫ് ഫ്‌ലോര്‍ ക്രാക്കര്‍ ബിസ്‌കറ്റുകള്‍ വാങ്ങുന്നതിനെതിരെയാണ് മന്ത്രാലയം ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
2024 മാര്‍ച്ച് 2, 3, 4, 6 ഏപ്രില്‍ 4 തീയതികളില്‍ എക്‌സ്പയറി ഡേറ്റുള്ള സ്‌പെയിനില്‍ തന്നെ നിര്‍മ്മിക്കുന്ന സ്‌ക്ലർ നുസ്‌പെർപ്രോട്ട് ഡങ്കൽ ക്രാക്കറുകള്‍ക്കെതിരെയും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. അനുവദനീയമായ അളവിലും കൂടുതല്‍ അട്രോപിന്‍, സ്‌കോപോലമൈന്‍ സാധ്യത സംശയിക്കുന്നതിനാലാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. യൂറോപ്യന്‍ റാപ്പിഡ് അലേര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്‍ഡ് ഫീഡില്‍ (ആര്‍ എ എസ് എഫ് എഫ്) നിന്ന് ഈ ഉല്‍പ്പന്നങ്ങളെ കുറിച്ച് മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തില്‍ വിതരണക്കാരോട് ഈ ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കാനും വിപണിയില്‍ നിന്ന് ഉടന്‍ പിന്‍വലിക്കാനും ആവശ്യപ്പെട്ട് മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഈ ഉല്‍പ്പന്നങ്ങള്‍ കൈവശം സൂക്ഷിച്ചിട്ടുള്ള ഉപഭോക്താക്കള്‍ അവ ഉപേക്ഷിക്കാനോ അല്ലെങ്കില്‍ വാങ്ങിയ ഔട്ട്‌ലറ്റിലേക്ക് തിരികെ നല്‍കാനോ മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...