പലസ്‌തീൻ-ഇസ്രയേല്‍ സംഘർഷം; സംയമനം പാലിക്കണമെന്ന് ഒമാൻ
ഇസ്രായേലികളും പലസ്തീനികളും തമ്മിലുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
മസ്കറ്റ്: ഇസ്രയേലും പലസ്തീനും തമ്മിലുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് ഒമാൻ ആവശ്യപ്പെട്ടു. സംയമനത്തോടെ പ്രവർത്തിക്കാൻ പലസ്തീനോടും ഇസ്രായേലിനോടും ഒമാൻ വിദേശകാര്യ മന്ത്രാലയം ആഹ്വാനം ചെയ്തു.
ഇസ്രായേലികളും പലസ്തീനികളും തമ്മിലുള്ള സംഘർഷം ഉടൻ അവസാനിപ്പിക്കണമെന്ന് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. മേഖലയിലെ വിവിധ മുന്നണികളിൽ അക്രമം വർദ്ധിക്കുന്നതിലേക്ക് നയിച്ച സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും ഇസ്രയേലും പലസ്തീനും സംയമനത്തോടെ പ്രവർത്തിക്കണമെന്നും ഒമാൻ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
തുടർച്ചയായി പലസ്തീൻ പ്രദേശങ്ങളിൽ അനധികൃതമായി ഇസ്രയേൽ അധിനിവേശം നടത്തുന്നതിന്റെ ഫലമായി, പലസ്തീൻ - ഇസ്രായേൽ പക്ഷങ്ങൾക്കിടയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെക്കുറിച്ച് ഒമാൻ താൽപ്പര്യത്തോടെയും ആശങ്കയോടുമാണ് നിരീക്ഷിക്കുന്നത്. ഇസ്രയേൽ നടത്തുന്ന ആക്രമണങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങളും അക്രമത്തിന്റെ തീവ്രത വർദ്ധിപ്പിക്കുമെന്നതുമാണ് സൂചിപ്പിക്കുന്നത്. അതിനാൽ രണ്ട് കക്ഷികളിലും പരമാവധി സംയമനം പാലിക്കണമെന്നും സാധാരണ ജനങ്ങളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതക്ക് പ്രാധാന്യം നൽകണമെന്നും ഒമാൻ വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
പ്രതിദിന എണ്ണയുൽപാദനം വെട്ടിക്കുറക്കുന്നത് ഈ വർഷാവസാനം വരെ നീട്ടി സൗദി
റിയാദ്: സൗദി അറേബ്യയുടെ എണ്ണയുൽപാദനം പ്രതിദിനം അധികമായി 10 ലക്ഷം ബാരൽ കൂടി വെട്ടികുറയ്ക്കുന്ന തീരുമാനം ഈ വർഷാവസാനം വരെ തുടരുമെന്ന് ഊർജ മന്ത്രാലയം വ്യക്തമാക്കി. ഊർജ വില കൂട്ടാൻ വിപണിയിൽ ഡിമാൻഡുണ്ടാക്കാനാണ് ജൂലൈയിൽ ആരംഭിച്ച ഈ അധിക വെട്ടികുറയ്ക്കൽ നടപടി.
ഇതോടെ നവംബറിൽ എണ്ണയുൽപാദനം ഏകദേശം പ്രതിദിനം 90 ലക്ഷം ബാരൽ ആയിരിക്കും. ഈ വർഷം ഏപ്രിൽ മുതൽ അടുത്ത വർഷം ഡിസംബർ വരെ നിലവിൽ നടപ്പാകുന്ന അഞ്ച് ലക്ഷം ബാരൽ പ്രതിദിനം വെട്ടിക്കുറയ്ക്കലിന് പുറമെയാണ് ഈ വർഷം ജൂലൈയിൽ തുടങ്ങി ഡിസംബർ വരെ നീട്ടിയ 10 ലക്ഷം ബാരൽ പ്രതിദിനം കുറവ് വരുത്തുന്ന തീരുമാനം. ഇതോടെ പ്രതിദിന ഉദ്പാദനത്തിൽ മൊത്തം 15 ലക്ഷം ബാരലാണ് കുറയുന്നത്.
എണ്ണ വിപണിയുടെ സ്ഥിരതയെയും സന്തുലിതാവസ്ഥയെയും പിന്തുണക്കുക എന്ന ലക്ഷ്യത്തോടെ ഒപെക് പ്ലസ് രാജ്യങ്ങൾ നടത്തുന്ന മുൻകരുതൽ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതിനാണ് ഈ അധിക സ്വമേധയാ ഇളവ് വരുത്തൽ നടപടിയെന്ന് മന്ത്രാലയ വൃത്തങ്ങൾ വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...